
തിരുവനന്തപുരം∙ നെയ്യാര്‍ഡാമില്‍നിന്ന് കാണാതായ വയോധികയെ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നെയ്യാര്‍ ഡാം സ്വദേശിയായ സ്ത്രീയുടെ മൃതദേഹം തിരുനെല്‍വേലിയിലെ ഒഴിഞ്ഞ പറമ്പില്‍ നിന്നാണ് കണ്ടെത്തിയത്. സംഭവത്തില്‍ തിരുനെല്‍വേലി സ്വദേശി വിപിന്‍ രാജിനെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു.
സ്ഥിരമായി പള്ളികള്‍ സന്ദര്‍ശിക്കാറുള്ള വയോധിക എങ്ങനെ തമിഴ്‌നാട്ടില്‍ എത്തിയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. തിരുനെല്‍വേലിയില്‍ വച്ച് സഹായം നടിച്ച് പ്രതി ബൈക്കില്‍ കയറ്റിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് കണ്ടെത്തല്‍. കൃത്യത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
വയോധികയെ കാണാതായതിനു പിന്നാലെ കുടുംബം നെയ്യാര്‍ ഡാം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. വര്‍ക്കല ഭാഗത്ത് വയോധികയെ അവസാനമായി കണ്ടുവെന്ന് പൊലീസിനു വിവരം ലഭിച്ചിരുന്നു. പിന്നീട്, മൃതദേഹം തിരുനെല്‍വേലിയില്‍ കണ്ടെത്തിയെന്ന് തമിഴ്‌നാട് പൊലീസാണ് കേരള പൊലീസിനെ അറിയിച്ചത്.