കർണാടകയിലെ കൊടുംകാട്ടിൽ കുട്ടികളോടൊപ്പം റഷ്യൻ യുവതി; കണ്ടെത്തിയത് ഗുഹയ്ക്കുള്ളിൽ

Spread the love

ബെംഗളൂരു ∙ കർണാടകയിലെ ഗോകർണയിൽ രാമതീർഥ കുന്നിൻ മുകളിലുള്ള അപകടകരമായ ഗുഹയിൽ റഷ്യൻ യുവതിയും രണ്ടു പെൺമക്കളും താമസിക്കുന്നതായി കണ്ടെത്തി. പട്രോളിങ്ങിനിടെ, ഗോകർണ പൊലീസാണ് മൂന്നു പേരെയും വനത്തിനുള്ളിൽ കണ്ടെത്തിയത്. ജൂലൈ 9 ന് വൈകിട്ട് 5 മണിയോടെ, ഗോകർണ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ശ്രീധറും സംഘവും വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ രാമതീർഥ കുന്നിൻ പ്രദേശത്ത് പട്രോളിങ് നടത്തുന്നതിനിടെയാണ് സംഭവം വെളിച്ചത്തുവന്നത്.

 

വനത്തിൽ പട്രോളിങ് നടത്തുന്നതിനിടെ മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലയിൽ സ്ഥിതി ചെയ്യുന്ന ഗുഹയ്ക്ക് സമീപം മനുഷ്യരുടെ ചലനം പൊലീസിന്റെ ശ്രദ്ധയിൽപെട്ടു. അന്വേഷണത്തിൽ റഷ്യൻ വംശജയായ നീന കുട്ടിന (40), അവരുടെ രണ്ടു പെൺമക്കൾ പ്രേമ (6), അമ (4) എന്നിവരോടൊപ്പം ഗുഹയ്ക്കുള്ളിൽ താമസിക്കുന്നതായി കണ്ടെത്തി.

 

ഗോവയിൽനിന്ന് ഗോകർണയിലേക്ക് ആത്മീയ ഏകാന്തത തേടിയാണ് താൻ യാത്ര ചെയ്തതെന്ന് നീന പൊലീസിനോട് പറഞ്ഞു. നഗരജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് മാറി ധ്യാനത്തിലും പ്രാർഥനയിലും ഏർപ്പെടാനാണ് താൻ ഗുഹയിൽ താമസിച്ചതെന്നും നീന പറഞ്ഞു. ഗുഹ സ്ഥിതി ചെയ്യുന്ന രാമതീർഥ കുന്നിൽ കഴിഞ്ഞ ജൂലൈയിൽ വലിയ മണ്ണിടിച്ചിൽ സംഭവിച്ചിരുന്നു. വിഷപ്പാമ്പുകൾ ഉൾപ്പെടെയുള്ള അപകടകരമായ വന്യജീവികളുടെ ആവാസ കേന്ദ്രമാണ് ഇത്.

 

നീനയെ അപകടങ്ങളെക്കുറിച്ച് അറിയിച്ച ശേഷം, പൊലീസ് സംഘം കുടുംബത്തെ വിജയകരമായി രക്ഷപ്പെടുത്തി കുന്നിന്റെ താഴെയിറക്കി. യുവതിയുടെ അഭ്യർഥനപ്രകാരം, കുംത താലൂക്കിലെ ബങ്കികോഡ്‌ല ഗ്രാമത്തിൽ 80 വയസ്സുള്ള വനിതാ സന്യാസിയായ സ്വാമി യോഗരത്‌ന സരസ്വതി നടത്തുന്ന ആശ്രമത്തിലേക്ക് ഇവരെ മാറ്റി.

 

പാസ്‌പോർട്ടിന്റെയും വീസ രേഖകളുടെയും വിശദാംശങ്ങൾ പങ്കിടാൻ നീന മടിച്ചിരുന്നു. പൊലീസും ആശ്രമ മേധാവിയും കൂടുതൽ ചോദ്യം ചെയ്തപ്പോൾ തന്റെ രേഖകൾ കാട്ടിലെ ഗുഹയിൽ എവിടെയോ നഷ്ടപ്പെട്ടിരിക്കാമെന്ന് വെളിപ്പെടുത്തി. ഗോകർണ പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ സംയുക്ത പരിശോധനയിൽ പാസ്‌പോർട്ടും വീസ രേഖകളും കണ്ടെടുത്തു. 2017 ഏപ്രിൽ 17 വരെ സാധുതയുള്ള ബിസിനസ് വീസയിലാണ് നീന ആദ്യം ഇന്ത്യയിൽ പ്രവേശിച്ചതെന്ന് പരിശോധനയിൽ കണ്ടെത്തി. 2018 സെപ്റ്റംബർ 8 ന് വീണ്ടും ഇന്ത്യയിൽ പ്രവേശിച്ചതായും രേഖകളിൽ‌ കാണിക്കുന്നു. അനുവദനീയമായ കാലാവധി കഴിഞ്ഞും നീന ഇവിടെ തുടരുകയായിരുന്നു.

 

നീനയേയും രണ്ടു കുട്ടികളെയും റഷ്യയിലേക്ക് തിരികെ നാടുകടത്തുന്നതിന് സൗകര്യമൊരുക്കുന്നതിനായി ഉത്തര കന്നഡ പൊലീസ് സൂപ്രണ്ട് ബെംഗളൂരുവിലെ ഫോറിനേഴ്‌സ് റീജിയണൽ റജിസ്ട്രേഷൻ ഓഫിസുമായി ഔദ്യോഗിക കത്തിടപാടുകൾ ആരംഭിച്ചു. തുടർ നടപടികൾക്കായി കുടുംബത്തെ ഉടൻ ബെംഗളൂരുവിലെത്തിക്കും.

 

 

  • Related Posts

    ഇന്ത്യൻ പൗരത്വം ഉണ്ടായിട്ടും നാടുകടത്തപ്പെട്ട ഗർഭിണിയെയും കുട്ടിയെയും തിരികെ എത്തിച്ചു; നടപടി സുപ്രീംകോടതി നിർദേശത്തിന് പിന്നാലെ

    Spread the love

    Spread the loveന്യൂഡൽഹി∙ ഇന്ത്യൻ പൗരത്വം ഉണ്ടായിരുന്നിട്ടും ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെട്ട ഗർഭിണിയെയും എട്ടു വയസുളള മകനെയും തിരികെ എത്തിച്ചു. സുപ്രീംകോടതി നിർദേശത്തിനു പിന്നാലെയാണ് ഇരുവരെയും ഇന്ത്യയിലേക്ക് എത്തിച്ചത്. ബുധനാഴ്ചയാണ് ഇരുവരെയും ബംഗ്ലാദേശിൽ നിന്ന് തിരികെ കൊണ്ടുവരാൻ സുപ്രീം കോടതി കേന്ദ്രസർക്കാരിനോട് നിർദ്ദേശിച്ചത്.…

    ഇന്നും വിമാന സർവീസുകൾ മുടങ്ങും

    Spread the love

    Spread the loveന്യൂഡൽഹി ∙ രാജ്യത്ത് ഇന്നും ആഭ്യന്തര – രാജ്യാന്തര വിമാന സർ‌വീസുകൾ താറുമാറാകും. സർവീസുകൾ മുടങ്ങുമെന്ന് ഇൻഡിഗോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ ഇന്നലെ രാത്രി വൈകിയും ഇന്നും പ്രതിഷേധം തുടരുകയാണ്. അടിയന്തര യാത്രകൾക്കായി എത്തുന്നവർക്ക് വരെ…

    Leave a Reply

    Your email address will not be published. Required fields are marked *