പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിൽ അതിശക്തമായ ചൂട്
താങ്ങാനാവാതെ പശുക്കൾ ചാകുന്നതായി പരാതി. ശശിമല, പാടിച്ചിറ
പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം നാല് പശുക്കളാണ് ചത്തത്. തീറ്റയും വെള്ളവുമെടുക്കാതെ
അഞ്ചോളം പശുക്കൾ നിലവിൽ അവശനിലയിലുമാണ്.
ചെറിയമ്പനാട്ട് അപ്പച്ചൻ, പള്ളിക്കമലിൽ തടത്തിൽ രവി എന്നിവരുടെ പശുക്കളാണ് ചത്തത്.
തടത്തിൽ രവി, വലിയ വട്ടം രാജു എന്നിവരുടെ കറവ പശുക്കൾ തൊഴുത്തിൽ അവശനിലയിലാണ്.
പകൽ സമയത്തെ അസഹനീയമായ ചൂടിനെ തുടർന്ന് പശുക്കൾ കുഴഞ്ഞു വീഴുകയാണെന്ന് കർഷകർ
പറയുന്നു. അടിയ്ക്കടി ശ്വാസം വലിക്കുന്നതും കടുത്ത ക്ഷീണം നേരിടുന്നതുമാണ് പ്രധാന
ലക്ഷണങ്ങൾ.
ചെറിയമ്പനാട്ട് അപ്പച്ചന്റെ ഫാമിൽ പശുക്കളെ സംരക്ഷിക്കാൻ ഫാനുകളും ഷവറുകളും
സ്ഥാപിച്ചിരുന്നെങ്കിലും അവ പ്രയോജനപ്പെടാതെ പശുക്കൾ
ചാവുകയായിരുന്നു. ശരീരത്തിലെ ജലാംശം വൻതോതിൽ വാർന്ന്
പോകുന്നതാണ് പശുക്കൾ ചാവാനുള്ള കാരണമെന്ന് അദ്ദേഹം പറഞ്ഞു.







