ആകെ ഉലഞ്ഞ് സ്വർണ വില; കേരളത്തിൽ ഇന്നും ഇടിവ്

Spread the love

ഇറാൻ-ഇസ്രയേൽ സംഘർഷത്തിന് അയവുവന്നതിന്റെയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടങ്ങിവച്ച താരിഫ് യുദ്ധത്തിന് ശമനമാകുന്നതിന്റെയും പശ്ചാത്തലത്തിൽ താഴേക്കിറങ്ങിയ രാജ്യാന്തര സ്വർണവില ഇപ്പോൾ നേരിടുന്നത് കനത്ത ചാഞ്ചാട്ടം. ഒരുഘട്ടത്തിൽ ഔൺസിന് ഒരുമാസത്തെ താഴ്ചയായ 3,252 ഡോളറിലേക്ക് ഇടിഞ്ഞ വില 3,280 ഡോളറിലേക്ക് കരകയറി. രാജ്യാന്തരവില നഷ്ടം വലിയതോതിൽ കുറച്ചത് കേരളത്തിലെ വിലയെയും സ്വാധീനിച്ചു.

 

സംസ്ഥാനത്ത് ഇന്നു വില ഗ്രാമിന് 15 രൂപ കുറഞ്ഞ് 8,915 രൂപയും പവന് 120 രൂപ താഴ്ന്ന് 71,320 രൂപയുമായി. 30 ഡോളറിനടുത്താണ് രാജ്യാന്തരവില കരകയറിയത്. ഈ തിരിച്ചുകയറ്റം ഇല്ലായിരുന്നെങ്കിൽ ഇന്നു കേരളത്തിൽ ഗ്രാമിന് 60 രൂപയോളവും പവന് 480 രൂപയോളവും കുറയുമായിരുന്നു. അതായത്, പവൻവില 71,000 രൂപയ്ക്ക് താഴെയെത്തുമായിരുന്നു.

 

വിവിധ രാജ്യങ്ങളുമായി താരിഫ് ചർച്ചകൾക്ക് യുഎസ് തുടക്കമിട്ടെങ്കിലും അനിശ്ചിതത്വം പൂർണമായി വിട്ടുമാറാത്തതും ഡോളർ ദുർബലമാകുന്നതുമാണ് സ്വർണത്തിന് തിരിച്ചുകയറാനുള്ള പിടിവള്ളി. ചൈനയുമായി യുഎസ് സമവായത്തിലെത്തിയെങ്കിലും അത് ചൈനയുടെ ‘റെയർ എർത്ത്’ യുഎസിനു തടസ്സമില്ലാതെ ലഭ്യമാക്കുന്നതിന് വേണ്ടി മാത്രം. മറ്റു വിഷയങ്ങളിൽ ചർച്ച ഇനിയും നടക്കണം. കാനഡയുമായി ‘ഡിജിറ്റൽ സർവീസസ് ടാക്സ്’ വിഷയത്തിലും ചർച്ച നടക്കാനിരിക്കുന്നതേയുള്ളൂ. ഇന്ത്യയുമായുള്ള ചർച്ചയ്ക്ക് ചൂടേറിയെങ്കിലും പലവിഷയങ്ങളിലും സമവായമായിട്ടില്ല.

 

യുഎസിൽ ട്രംപും കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർമാൻ പവലും തമ്മിലെ ഭിന്നതയും സ്വർണം കുതിച്ചുകയറാനുള്ള ഊർജമാക്കിയേക്കും. ആവർത്തിച്ചാവശ്യപ്പെട്ടിട്ടും പലിശനിരക്ക് കുറയ്ക്കാത്ത പവലിനോട് രാജിവച്ചൊഴിയുന്നതാണ് നല്ലതെന്ന് ട്രംപ് പറഞ്ഞുകഴിഞ്ഞു.

 

പവലിന് പദവിയിൽ മേയ് 26 വരെ കാലാവധിയുണ്ട്. പൊതുവേ കാലാവധി തീരുന്നവേളയിലാണ് പകരക്കാരനെ യുഎസ് ഗവൺമെന്റ് പ്രഖ്യാപിക്കാറുള്ളത്. എന്നാൽ, ജെറോം പവലിന്റെ പകരക്കാരനെ ഉടനടി പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ് ട്രംപ്.

 

പലിശ കുറയ്ക്കുന്നൊരാളെ ഉടൻ പ്രഖ്യാപിക്കുമെന്ന് ട്രംപ് പറഞ്ഞുകഴിഞ്ഞു. പലിശനിരക്ക് താഴുന്നത് സ്വർണത്തിന് നേട്ടമാകും. കാരണം, പലിശ കുറയുന്നതിന് ആനുപാതികമായി യുഎസ് കടപ്പത്ര ആദായനിരക്ക്, ബാങ്ക് നിക്ഷേപ പലിശ, ഡോളറിന്റെ മൂല്യം എന്നിവയും താഴും. ഇതു സ്വർണ നിക്ഷേപങ്ങളിലേക്ക് മാറാൻ നിക്ഷേപകരെ പ്രേരിപ്പിക്കും. ഇങ്ങനെ ഡിമാൻഡ് കൂടുന്നതോടെ സ്വർണവിലയും കൂടും.

 

ജെറോം പവൽ യുഎസിന്റെ സാമ്പത്തിക സൂചികകൾ വിലയിരുത്തിയാണ് പലിശനയം പ്രഖ്യാപിക്കുന്നത്. എന്നാൽ, കേന്ദ്രബാങ്കിന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്താനുള്ള ട്രംപിന്റെ നീക്കവും പണനയനിർണയ സമിതിയെ കാഴ്ചക്കാരാക്കി പലിശ കുറയ്ക്കാൻ അദ്ദേഹം നടത്തുന്ന ‘പിൻസീറ്റ് ഡ്രൈവിങ്ങും’ യുഎസ് സാമ്പത്തികമേഖലയിൽ അനിശ്ചിതത്വത്തിന് വഴിവച്ചേക്കാം. ഇതും നേട്ടമാവുക സ്വർണത്തിനായിരിക്കും.

  • Related Posts

    ഒരു ലക്ഷം രൂപയ്ക്ക് ടൊയോട്ട പ്രാഡോ; വാങ്ങുന്നവരും അറിയില്ല വണ്ട‌ി വന്ന വഴി: പിടി വീണാൽ ശിക്ഷ

    Spread the love

    Spread the loveകൊച്ചി ∙ 2022 സെപ്റ്റംബറിൽ ഹിമാചൽ പ്രദേശിലെ ഒരു വാഹന ഏജന്റ് ഡൽഹി മായാപുരിയിലുള്ള ഒരു കാർ വിൽപനക്കാരന് ടൊയോട്ട പ്രാഡോ കാർ വിറ്റതിന്റെ രേഖ കണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കണ്ണു തള്ളി; വെറും ഒരു ലക്ഷം രൂപ.…

    ഉറക്കം മെച്ചപ്പെടുത്താൻ പെർഫ്യൂം ; എന്താണ് ബെഡ് ടൈ പെർഫ്യൂം ട്രെൻഡ്

    Spread the love

    Spread the loveഉറങ്ങും മുൻപ് പെർഫ്യൂം അടിക്കുന്ന ശീലമുണ്ടോ നിങ്ങൾക്ക്? ആശ്ചര്യം തോന്നാം, എങ്കിൽ ബെഡ് ടൈം പെർഫ്യൂം എന്നോരു ട്രെൻഡ് അടുത്ത് കാലത്തായി സോഷ്യൽ മീഡിയയിൽ കറങ്ങുന്നുണ്ട്. പുറത്തിറങ്ങുമ്പോൾ മാത്രമല്ല പുതുതലമുറ പെര്‍ഫ്യൂമുകള്‍ ഉപയോഗിക്കുന്നത്. അവരുടെ മൂഡ് മാറ്റാനും പോസിറ്റീവായിരിക്കാനും…

    Leave a Reply

    Your email address will not be published. Required fields are marked *