കൊച്ചി ∙ ഒൻപതു വയസുള്ള മകളോട് ലൈംഗികാതിക്രമം കാട്ടിയ 17കാരനെ പിടികൂടി പൊലീസില്‍ ഏൽപ്പിച്ച പിതാവിനെതിരെ കേസെടുത്തെന്ന് പരാതി. 17കാരനെ മർദിച്ചെന്ന പരാതിയിലാണ് കേസ്. എന്നാൽ പോക്സോ കേസ് അട്ടിമറിക്കാനാണ് ശ്രമമെന്നും അതിന്റെ ഭാഗമായാണ് പിതാവിനെതിരെയുള്ള കേസെന്നും ആരോപിച്ച് കോൺഗ്രസ് കടവന്ത്ര പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. തിങ്കളാഴ്ച സ്റ്റേഷനിൽ ഹാജരാകാൻ പെൺകുട്ടിയുടെ മാതാപിതാക്കളോട് പൊലീസ് നിർദേശിച്ചിട്ടുണ്ട്. സിപിഎം അനുഭാവികളാണ് ഇരുകുടുംബവും.
കടവന്ത്രയിൽ ഒക്ടോബർ 25ന് പട്ടാപ്പകലായിരുന്നു സംഭവം. ഒൻപതും ഏഴും വയസുള്ള പെൺകുട്ടികൾ റോഡിലൂടെ സൈക്കിൾ ചവിട്ടുന്നതിനിടെ 17കാരൻ ലൈംഗികമായി ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി. പെൺകുട്ടി പിതാവിനോട് പരാതി പറഞ്ഞതോടെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് പിതാവ് കൗമാരക്കാരനെ പിടികൂടി. തുടർന്ന് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. എന്നാൽ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 17കാരന്റെ ബന്ധുക്കൾ ഉൾപ്പെട്ട സിപിഎം പ്രവർത്തകർ എത്തിയെന്നും പണം വാഗ്ദാനം ചെയ്തെന്നും പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. കേസുമായി മുന്നോട്ടു പോകുമെന്ന നിലപാടിലായിരുന്നു പെൺകുട്ടിയുടെ കുടുംബം. ഇതോടെ, തന്നെ മര്‍ദിച്ചെന്ന് ആരോപിച്ച് 17കാരൻ പെൺകുട്ടിയുടെ പിതാവിനെതിരെ പരാതി നൽകുകയും പൊലീസ് കേസെടുക്കുകയുമായിരുന്നു. പ്രതിയായ പതിനേഴുകാരനെ പെണ്‍കുട്ടിയുടെ പിതാവ് മര്‍ദിക്കുന്ന സിസി ടിവി ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നു.
പാർട്ടി അനുഭാവികളായിട്ടും തങ്ങൾക്ക് ഇത്തരമൊരു പ്രശ്നം വന്നപ്പോൾ സഹായിച്ചില്ലെന്ന് പെൺകുട്ടിയുടെ മാതാവ് പറഞ്ഞു. പൊലീസ് സ്റ്റേഷനിൽ പോയതെല്ലാം ഒറ്റയ്ക്കാണ്. 17കാരൻ സ്വതന്ത്രനായി നടക്കുന്നു. കേസ് ഒരുതരത്തിലും മുന്നോട്ടു പോകുന്നില്ലെന്നായതോടെ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയെന്നും തുടർന്ന് അന്വേഷണം എസ്ഐയിൽ നിന്ന് സിഐക്ക് കൈമാറിയെന്നും മാതാവ് വ്യക്തമാക്കി. ഒത്തുതീർപ്പിനു വഴങ്ങാത്ത പിതാവിനെ കള്ളക്കേസിൽ കുടുക്കി പോക്സോ കേസ് അട്ടിമറിക്കാനാണ് ശ്രമമെന്ന് സ്റ്റേഷൻ ഉപരോധിച്ചുകൊണ്ട് ഉമ തോമസ് എംഎൽഎ, ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് എന്നിവർ ആരോപിച്ചു. 17കാരനെതിരെയുള്ള കേസിൽ കുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴി വീണ്ടുമെടുത്ത് എന്തെങ്കിലും വിട്ടുപോയിട്ടുണ്ടോ എന്ന് പരിശോധിക്കാമെന്ന എസിപി രാജ്കുമാറിന്റെ ഉറപ്പിലാണ് ഉപരോധം അവസാനിപ്പിച്ചത്. മർദിച്ചു എന്ന പരാതിയും സിസി ടിവി ദൃശ്യങ്ങളും ഉള്ളതിനാൽ കുട്ടിയുടെ പിതാവിനെതിരെയുള്ള കേസും നിലനിൽക്കുമെന്ന് പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.





