കണ്ണൂർ∙ കട്ടിലിനടിയിൽ ഒളിച്ചിരുന്ന രാജവെമ്പാലയിൽനിന്ന് കുടുംബത്തെ രക്ഷിച്ചത് കുഴമ്പുകുപ്പി. ആറളം ഫാമിലെ പതിനൊന്നാം ബ്ലോക്കിലെ കെ.സി. കേളപ്പന്റെ വീട്ടിലാണ് ഇന്നലെ രാത്രി രാജവെമ്പാല കയറിയത്. രാത്രി പത്തരയോടെ കേളപ്പന്റെ ഭാര്യ വസന്ത മുറിയിൽ കിടക്കാൻ പോയി. കാലുവേദനയുള്ളതിനാൽ കിടക്കുന്നതിന് മുമ്പ് കുഴമ്പ് തേക്കുന്നത് പതിവായിരുന്നു. കയ്യിൽനിന്ന് താഴെ വീണ കുഴമ്പ് കുപ്പി എടുക്കാൻ കുനിഞ്ഞപ്പോഴാണ് കട്ടിലിനടിയിൽ ചുറ്റിപ്പിണഞ്ഞ് എന്തോ കിടക്കുന്നത് കണ്ടത്. തുടർന്ന് ടോർച്ച് തെളിച്ചു നോക്കിയപ്പോഴാണ് രാജവെമ്പാലയാണെന്നു മനസ്സിലായത്. ലൈറ്റ് അടിച്ചതോടെ പാമ്പ് പത്തി വിടർത്തി ചീറ്റി. ഈ സമയം കേളപ്പനും വസന്തയും മകൻ അനിൽ കുമാറുമാണ് വീട്ടിലുണ്ടായിരുന്നത്. ഉടൻ തന്നെ ഇവർ വനംവകുപ്പിനെ അറിയിക്കുകയായിരുന്നു.
പുലർച്ചെ ഒരുമണിയോടെയാണ് വനംവകുപ്പിൽനിന്ന് ആളെത്തിയതെന്നും അതുവരെ ഭീതിയിലായിരുന്നുവെന്നും അനിൽ കുമാർ പറഞ്ഞു. കുഴമ്പുകുപ്പി താഴെ വീണില്ലായിരുന്നുവെങ്കിൽ കട്ടിലിനടിയിൽ ഒളിച്ചിരുന്ന പാമ്പിനെ കാണില്ലായിരുന്നവെന്നും കുപ്പിയാണു രക്ഷിച്ചതെന്നും അനിൽ പറഞ്ഞു. മുമ്പും രാജവെമ്പാലയെ കണ്ടതായി ചിലർ പറഞ്ഞിട്ടുണ്ടെങ്കിലും വീടിനുള്ളിൽ കയറുന്നത് ആദ്യമാണ്. വീടിന് സമീപത്ത് തോടും മുളങ്കാടുമുണ്ട്. ഇവിടെ നിന്നാകാം പാമ്പ് വന്നതെന്ന് കരുതുന്നുവെന്നും അനിൽ കൂട്ടിച്ചേർത്തു.
ഇരിട്ടി ഫോറസ്റ്റ് സെക്‌ഷൻ താൽകാലിക വാച്ചറും മാർക്ക് പ്രവർത്തകനുമായ ഫൈസൽ വിളക്കോടിന്റെ നേതൃത്വത്തിൽ പുലർച്ചെ ഒരു മണിയോടെ പാമ്പിനെ പിടികൂടുകയായിരുന്നു. ഇതിനെ പിന്നീട് ഉൾവനത്തിൽ തുറന്നുവിട്ടു. ഫൈസൽ വിളക്കോട് പിടികൂടുന്ന 101 ാമത്തെ രാജവെമ്പാലയാണിത്.





