ബെംഗളൂരു ∙ ഇൻഡിഗോ വിമാനങ്ങൾ കൂട്ടത്തോടെ വൈകുന്നതിനു പിന്നാലെ രാജ്യത്തെ പല വിമാനത്താവളങ്ങളിലും വ്യാപക പ്രതിഷേധവുമായി യാത്രക്കാർ. ബെംഗളൂരു വിമാനത്താവളത്തിൽ ഉൾപ്പെടെ യാത്രക്കാർ ഇൻഡിഗോ ജീവനക്കാരോട് തട്ടിക്കയറി. വിമാനത്താവളത്തിൽ ഉത്തരവാദിത്തപ്പെട്ട ഇൻഡിഗോ ജീവനക്കാരെ കാണാനില്ലെന്ന് യാത്രക്കാരനായ നന്ദു പറഞ്ഞു.
‘‘രണ്ടും മൂന്നും വിമാനങ്ങൾക്ക് ഒരേ ഗേറ്റാണ് പറഞ്ഞിരിക്കുന്നത്. പക്ഷേ ഒരു വിമാനവും പുറപ്പെടുന്ന ലക്ഷണം കാണുന്നില്ല. വിമാനം എപ്പോൾ പുറപ്പെടുമെന്നത് സംബന്ധിച്ച് ഞങ്ങൾക്കു യാതൊരു വിവരവുമില്ലെന്നാണ് ഇൻഡിഗോ ജീവനക്കാർ പറയുന്നത്. 8.05ന് ആയിരുന്നു തിരുവനന്തപുരത്തേക്കുള്ള എന്റെ വിമാനം പുറപ്പെടേണ്ടിയിരുന്നത്. 7.20 ആയിരുന്നു ബോർഡിങ് സമയം. ഇതുവരെ ഒരു നടപടിയും ആരംഭിച്ചിട്ടില്ല. ചില ഗേറ്റുകളിൽ മുദ്രാവാക്യം വിളിയാണ്. ചില ഗേറ്റുകൾക്കു മുന്നിൽ വഴക്കാണ്. എല്ലാ ഗേറ്റുകളിലും പ്രശ്നങ്ങളാണ്’’ – നന്ദു പറഞ്ഞു.
പ്രതിസന്ധി നേരിടാന്‍ കഴിയാത്തതില്‍ ഇന്‍ഡിഗോയെ കേന്ദ്ര വ്യോമയാനമന്ത്രി അതൃപ്തി അറിയിച്ചിരുന്നു. വിമാനങ്ങൾ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേർസ് ജീവനക്കാര്‍ക്ക് അയച്ച മെയിൽ പുറത്തുവന്നിരുന്നു. സാങ്കേതികമായ പ്രശ്‌നങ്ങള്‍, ഷെഡ്യൂളുകളില്‍ വന്ന മാറ്റം, കാലാവസ്ഥയിലുണ്ടായ പ്രതികൂലമായ മാറ്റങ്ങള്‍, ഏവിയേഷന്‍ വ്യവസ്ഥയിലുണ്ടായ അതിരൂക്ഷമായ തിരക്ക്, പുതിയതായി പുറത്തുവന്ന വിമാനയാത്ര സമയക്രമീകരണങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ എന്നിവയാണ് വിമാനയാത്രകള്‍ റദ്ദാക്കാനുള്ള കാരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.






