ന്യൂഡൽഹി ∙ കാലാവധി കഴിഞ്ഞ എയർവർത്തിനസ് സർട്ടിഫിക്കറ്റുമായി (പറക്കലിന് യോഗ്യമെന്ന് സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ്, എആർസി) എയർ ഇന്ത്യയുടെ എ320 വിമാനം 8 തവണ സർവീസ് നടത്തിയതിൽ നടപടി. കഴിഞ്ഞ മാസം 24, 25 തീയതികളിലാണ് ഈ വിമാനം സർവീസ് നടത്തിയത്. നവംബർ 24ന് ഡൽഹി-ബെംഗളൂരു-മുംബൈ റൂട്ടിലും 25ന്, ഇതേ വിമാനം മുംബൈ-ഡൽഹി-മുംബൈ, മുംബൈ-ഹൈദരാബാദ്-മുംബൈ എന്നീ റൂട്ടുകളിൽ സർവീസ് നടത്തി.
സംഭവത്തിൽ വ്യോമയാന ഡയറക്ടറേറ്റ് (ഡിജിസിഎ) അന്വേഷണം ആരംഭിച്ചു. എയർക്രാഫ്റ്റ് മെയ്ന്റനൻസ് എൻജിനീയറെ എയർ ഇന്ത്യ ജോലിയിൽ നിന്നു മാറ്റിനിർത്തിയിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട എട്ട് പൈലറ്റുമാർക്കെതിരെ സ്വീകരിക്കേണ്ട നടപടികൾ തീരുമാനിക്കാൻ സമിതിയെ നിയോഗിച്ചതായും വിവരമുണ്ട്. കൂടാതെ വിമാനത്തിന്റെ രേഖകൾ കർശനമായി പരിശോധിക്കണമെന്ന് എയർ ഇന്ത്യ പൈലറ്റുമാർക്ക് നിർദേശം നൽകി.
എആർസി ഓരോ വർഷവും പുതുക്കേണ്ടതാണ്. എയർ ഇന്ത്യയ്ക്ക് സ്വന്തം നിലയിൽ എആർസി പുതുക്കാൻ അധികാരമുണ്ട്. വിസ്താര ലയനത്തിലൂടെ എയർ ഇന്ത്യയിലെത്തിയ വിമാനത്തിന്റെ എആർസി കാലാവധിയിലാണ് പ്രശ്നമുണ്ടായത്. എൻജിൻ പണികൾക്കായി ഗ്രൗണ്ട് ചെയ്ത സമയത്ത് എആർസി കാലാവധി അവസാനിച്ചു. ഇത് ശ്രദ്ധിക്കാതെ, എൻജിൻ മാറ്റി 8 സർവീസുകൾ നടത്തുകയായിരുന്നു.
വിടി-ടിക്യുഎൻ (VT-TQN) എന്ന റജിസ്ട്രേഷനുള്ള എയർബസ് എ320 (Airbus A320) വിമാനമാണ് കാലാവധി കഴിഞ്ഞ എയർവർത്തിനസ് റിവ്യൂ സർട്ടിഫിക്കറ്റ് (ARC) ഉപയോഗിച്ച് എട്ട് തവണ സർവീസ് നടത്തിയത്. സർവീസ് നടത്തി തൊട്ടടുത്ത ദിവസം നവംബർ 26-നാണ് ഈ വീഴ്ചയെക്കുറിച്ച് എയർ ഇന്ത്യ തന്നെയാണ് സ്വമേധയാ ഡിജിസിഎയെ അറിയിച്ചത്. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച എയർ ഇന്ത്യ, എആർസിക്ക് കാലാവധിയില്ലാതിരുന്നിട്ടും വിമാനം സർവീസ് നടത്താൻ തീരുമാനമെടുത്തതുമായി ബന്ധപ്പെട്ട എല്ലാ ജീവനക്കാരെയും സസ്‌പെൻഡ് ചെയ്തതായും അറിയിച്ചു. കൂടാതെ ടാറ്റാ ഗ്രൂപ്പ് എയർലൈനിനോട് ആ വിമാനം സർവീസിൽ നിന്ന് പിൻവലിക്കാൻ (നിലത്തിറക്കാൻ) നിർദ്ദേശിച്ചതായും ഡിജിസിഎ ചൊവ്വാഴ്ച അറിയിച്ചു.
വിസ്താര എയർ ഇന്ത്യയിൽ ലയിച്ചതിനെ തുടർന്നാണ് മൂന്ന് വർഷം പഴക്കമുള്ള വിമാനം എയർ ഇന്ത്യ ഫ്ലീറ്റിന്റെ ഭാഗമായത്. ഫ്ലൈറ്റ് ട്രാക്കിങ് ഡാറ്റ വിവരങ്ങൾ അനുസരിച്ച് ഈ വിമാനം നവംബർ 24-25 തീയതികളിൽ വിമാനം എട്ട് സർവീസുകൾ നടത്തിയിട്ടുണ്ട്. അതിന് മുമ്പ് വിമാനം അറ്റകുറ്റപ്പണിയിലായിരുന്നു.
*എന്താണ് എയർവർത്തിനസ് സർട്ടിഫിക്കറ്റ്*
ഒരു വിമാനത്തിന്റെ അറ്റകുറ്റപ്പണികളുടെ രേഖകൾ, നിലവിലെ സ്ഥിതി, കേടുപാടുകൾ, പറക്കാൻ അനുയോജ്യമാണോ, സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നിവ പരിശോധിച്ച് ഉറപ്പാക്കി നൽകുന്ന സർട്ടിഫിക്കറ്റാണ് എയർവർത്തിനെസ്സ് റിവ്യൂ സർട്ടിഫിക്കറ്റ് (ARC). ഒരോ വർഷവും പരിശോധനകൾ നടത്താറുണ്ട്. ഈ സർട്ടിഫിക്കറ്റ് ഇല്ലാത്ത വിമാനങ്ങളെ പറക്കാൻ അനുവധിക്കാറില്ല.
സാധാരണയായി, എയർ ഇന്ത്യയുടെ തന്നെ വിഭാഗമായ കണ്ടിന്യൂയിങ് എയർവർത്തിനസ് മാനേജ്‌മെന്റ് ഓർഗനൈസേഷൻ (സിഎഎംഒ) തന്നെയാണ് എയർഇന്ത്യ വിമാനങ്ങൾക്ക് എയർവർത്തിനസ് സർട്ടിഫിക്കറ്റ് നൽകുന്നത്. എന്നാൽ കഴിഞ്ഞ വർഷം നവംബറിൽ വിസ്താര എയർ ഇന്ത്യയിൽ ലയിച്ച സാഹചര്യത്തിൽ, വിസ്താരയുടെ ഭാഗമായിരുന്ന 70 വിമാനങ്ങളുടെയും ആദ്യത്തെ എആർസി പുതുക്കൽ എയർ ഇന്ത്യക്ക് പകരം ഡിജിസിഎ തന്നെ ചെയ്യുമെന്ന് തീരുമാനിച്ചിരുന്നു.
ഇപ്രകാരം അറുപത്തിയൊമ്പത് വിമാനങ്ങൾക്കും ഡിജിസിഎ എആർസി നൽകിയിട്ടുണ്ട്. എഴുപതാമത്തെ വിമാനത്തിന്റെ കാര്യത്തിൽ, ഓപ്പറേറ്റർ ഡിജിസിഎയ്ക്ക് അപേക്ഷ നൽകിയെങ്കിലും പിന്നീട് എൻജിൻ മാറ്റത്തിനായി വിമാനം നിലത്തിറക്കി. ഈ കാലയളവിൽ എആർസിയുടെ കാലാവധി കഴിഞ്ഞിരുന്നു ഇത് ശ്രദ്ധിക്കാതെ എൻജിൻ മാറ്റി സർവീസ് നടത്തിയതാണ് വിനയായത്.







