മൊറാദാബാദ്∙ എസ്ഐആർ ജോലിഭാരത്തെ തുടർന്ന് ഉത്തർപ്രദേശിൽ ജീവനൊടുക്കിയ ബൂത്ത് ലെവൽ ഓഫിസറുടെ വിഡിയോ പുറത്ത്. മൊറാദാബാദിൽ കഴിഞ്ഞ ദിവസം ജീവനൊടുക്കിയ ബിഎൽഒ സർവേഷ് കുമാറിന്റെ വിഡിയോയാണ് പുറത്തുവന്നത്. എസ്ഐആറുമായി ബന്ധപ്പെട്ട ജോലികൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നും കുടുംബാംഗങ്ങൾ ക്ഷമിക്കണമെന്നും സർവേഷ് കുമാർ പറയുന്നത് വിഡിയോയിലുണ്ട്. തന്റെ നാലു പെൺമക്കളെ നോക്കണമെന്ന് അമ്മയോടും സഹോദരിയോടും സർവേഷ് ആവശ്യപ്പെടുകയും ചെയ്യുന്നു.
‘ചേച്ചി, എന്നോടു ക്ഷമിക്കണം. മമ്മി, എന്റെ കുഞ്ഞുങ്ങളെ നോക്കണം. തിരഞ്ഞെടുപ്പ് ജോലിയിൽ ഞാൻ പരാജയപ്പെട്ടു. ഞാനൊരു തീരുമാനമെടുക്കാൻ പോകുകയാണ്. അതിൽ ഞാൻ മാത്രമാണ് ഉത്തരവാദി. മറ്റാർക്കും ഇതിൽ പങ്കില്ല. ഞാൻ വല്ലാതെ അസ്വസ്ഥനാണ്. 20 ദിവസമായി ഉറങ്ങിയിട്ടില്ല. സമയമുണ്ടായിരുന്നെങ്കിൽ ഈ ജോലി പൂർത്തിയാക്കാമായിരുന്നു. എനിക്ക് നാല് ചെറിയ പെൺകുട്ടികളാണ്. എന്നോടു ക്ഷമിക്കണം. ഞാൻ നിങ്ങളുടെ ലോകത്തുനിന്ന് വളരെ ദൂരേക്കു പോകുന്നു. എനിക്ക് ജീവിക്കാനാഗ്രഹമുണ്ട്. പക്ഷേ എനിക്കുമേലുള്ള സമ്മർദം വളരെ വലുതാണ്’–കരഞ്ഞുകൊണ്ട് സർവേഷ് വിഡിയോയിൽ പറയുന്നു.
മൊറാദാബാദിലെ സ്കൂളിൽ അസിസ്റ്റന്റ് ടീച്ചറായ സർവേഷ് ആദ്യമായാണ് ബിഎൽഒ ജോലിക്ക് നിയോഗിക്കപ്പെടുന്നത്. ഞായറാഴ്ചയാണ് സർവേഷിനെ ഭാര്യ ബബ്ലി മരിച്ചനിലയിൽ കണ്ടെത്തിയത്. ജോലി സമ്മർദം താങ്ങാനാകുന്നില്ലെന്ന് പറയുന്ന ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിരുന്നു.






