പാലക്കാട് ∙ പരാതിക്കാരി രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫ്ലാറ്റിൽ എത്തിയതിന്റെ സിസിടിവി ദൃശ്യം പൊലീസിനു ലഭിച്ചില്ല. യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിസിടിവികൾ പരിശോധിച്ചത്. എന്നാൽ സിസിടിവിയുടെ ഡിവിആറിന് ബാക്കപ്പ് കുറവായതിനാൽ യുവതി എത്തിയ ദിവസത്തെ ദൃശ്യങ്ങൾ ലഭിച്ചില്ലെന്നാണ് വിവരം.
രാവിലെ ഫ്ലാറ്റിൽ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിയ അന്വേഷണ സംഘം ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷം വീണ്ടും സ്വകാര്യ വാഹനത്തിൽ അഞ്ചംഗ സംഘം ഫ്ലാറ്റിലെത്തുകയായിരുന്നു.
രാഹുലിന്‍റെ പഴ്സനൽ അസിസ്റ്റന്റുമാരിൽ നിന്ന് അന്വേഷണ സംഘം മൊഴിയെടുക്കുന്നുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കൂടി പരിശോധിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന കേസിൽ പരാതിക്കാരിയ്ക്കെതിരായ സൈബര്‍ ആക്രമണത്തിൽ സൈബര്‍ പൊലീസ് കേസെടുത്തു. യുവതിയുടെ പരാതിയിലാണ് പൊലീസ് കേസ്. സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് യുവതി നൽകിയ പരാതിയിൽ ഒരോ ജില്ലകളിലും കേസെടുക്കാനാണ് എഡിജിപി വെങ്കിടേഷിന്‍റെ നിര്‍ദേശം. സൈബര്‍ ആക്രമണത്തിൽ അറസ്റ്റുണ്ടാകുമെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും എഡിജിപി അറിയിച്ചു.
പരാതിക്കാരിയായ യുവതിക്കെതിരെ നടക്കുന്ന സൈബർ ആക്രമണം പാർട്ടിയുടെ അറിവോടെയല്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. രാഹുലിനെ ഒളിവിൽ കഴിയാൻ താൻ സഹായിച്ചിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. ഇരയ്ക്കെതിരായ സൈബര്‍ ആക്രമണവുമായി കോണ്‍ഗ്രസിനു ബന്ധമില്ലെന്നും അതിൽ പാര്‍ട്ടിക്കാരുണ്ടെങ്കിൽ നടപടിയുണ്ടാകുമെന്നുമാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രതികരണം.







