ശബരിമല∙ നിയന്ത്രണം കടുപ്പിച്ചപ്പോൾ ദർശനത്തിനുള്ള തിരക്ക് കുറഞ്ഞു. പുലർച്ചെ 3ന് നടതുറന്ന് രണ്ട് മണിക്കൂർ കഴിഞ്ഞപ്പോഴേക്കും സന്നിധാനം വലിയ നടപ്പന്തലിലെ വരി കുറഞ്ഞു. 8 വരി ഉള്ളതിൽ പലതും കാലിയായി. രാവിലെ 7.30 ന് ഉഷഃപൂജ സമയത്ത് നടപ്പന്തലിലെ 2 വരിയിൽ മാത്രമാണ് പതിനെട്ടാംപടി കയറാൻ തീർഥാടകർ ഉണ്ടായിരുന്നത്. തീർഥാടകർക്ക് കാത്തു നിൽക്കാതെ പുലർച്ചെ മുതൽ പതിനെട്ടാംപടി കയറാൻ കഴിഞ്ഞു.
കഴിഞ്ഞ 3 ദിവസവും സ്പോട് ബുക്കിങ് 5000 മാത്രമായിരുന്നു അനുവദിച്ചത്. നിലയ്ക്കൽ മാത്രമേ സ്പോട് ബുക്കിങ് ഉള്ളൂ. ഇതുകാരണം നിലയ്ക്കൽ എത്തിയ നിരവധി പേർ സ്പോട് ബുക്കിങ് കിട്ടാതെ ദർശനത്തിനായി സന്നിധാനത്തേക്കു പോകാൻ കഴിയാതെ വിഷമിച്ചു. ഒന്നും രണ്ടും ദിവസം കാത്തുനിൽക്കാൻ ആരും തയാറല്ല. ചിലർ തിരിച്ചു പോയി. വെർച്വൽ ക്യൂ മിക്ക ദിവസവും കിട്ടാനില്ല. ഇതും തിരക്ക് കുറയാൻ കാരണമായി.






