പുത്തന്‍ സ്കൂട്ടറുകളില്‍ ചീറിപ്പായുന്ന റൈഡര്‍ യുവാക്കളെ എങ്ങും കാണാം, എന്നാല്‍ ഷോലെ സ്റ്റൈലില്‍ ഇന്നും യാത്ര നടത്തുന്ന ഒരു 87-കാരിയുണ്ട്, അഹമ്മദാബാദ് സ്വദേശിനിയായ മന്ദാകിനി ഷാ. ഈ പ്രായത്തിലും നഗരത്തിരക്കിലൂടെ സഹോദരിയേയും കൂട്ടി സ്കൂട്ടറില്‍ കറങ്ങുന്ന മന്ദാകിനി ഷായെ കാണാം. ഇന്‍സ്റ്റഗ്രാം പേജായ ഹ്യൂമന്‍സ് ഓഫ് ബോംബെയിലാണ് ബൈക്കര്‍ ദാദി എന്ന പേരില്‍ ഈ സഹോദരിമാരുടെ ജീവിതം അടയാളപ്പെടുത്തുന്നത്.
ജീവിത സാഹചര്യങ്ങള്‍ തന്നെയാണ് മന്ദാകിനി ഷാ എന്ന സ്ത്രീയെ പോരാളിയാക്കിയത്. അഞ്ച് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമുള്ള കുടുംബത്തില്‍ മൂത്ത മകളായിരുന്നു മന്ദാകിനി. സ്വാതന്ത്ര്യ സമര സേനാനി ആയിരുന്നു പിതാവ്. ഇതുകൊണ്ട് തന്നെ ചെറുപ്രായത്തില്‍ തന്നെ കുടുംബത്തിന്റെ ഉത്തരവാദിത്തം മന്ദാകിനിയെ തേടിയെത്തി. ദാരിദ്ര്യം എല്ലാക്കാലത്തും ഒരു വില്ലനായിരുന്നു. പണത്തിനായി കഷ്ടപ്പെടുന്ന അമ്മയെ കണ്ടാണ് സ്വന്തം കാലില്‍ നില്‍ക്കേണ്ടതിന്റെ ആവശ്യം തിരിച്ചറിഞ്ഞത്.
സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞുടന്‍ തന്നെ മോണ്ടിസോറി ടീച്ചറായി ജോലി. പിന്നീട് സാമൂഹികക്ഷേമ പദ്ധതികളുടെ ഭാഗമായി. ഇതിനിടെയാണ് ഡ്രൈവിങ് പഠിച്ചത്. മോപ്പഡും ജീപ്പും ഓടിക്കാന്‍ പഠിച്ചു. സ്വന്തമായി ഒരു സ്കൂട്ടര്‍ വാങ്ങാനും പിന്നീട് കഴിഞ്ഞു മന്ദാകിനി പറയുന്നു.
പ്രായം നവതിയോട് അടുക്കുമ്പോഴും അനുജത്തി ഉഷയെയും കൂട്ടിയുള്ള തന്റെ സ്കൂട്ടര്‍ യാത്ര ഇന്നും തുടരുകയാണ് മന്ദാകിനി. കൂട്ടുകാരെ കാണാനാണ് എല്ലാ ദിവസവുമുള്ള ഈ യാത്ര. ”ഞങ്ങള്‍ ഒന്നിച്ച് പാട്ടുകള്‍ പാടും, വിനോദങ്ങളില്‍ ഏര്‍പ്പെടും. ഇപ്പോഴും ജോലികള്‍ ചെയ്യാനും പുതിയ കാര്യങ്ങള്‍ പഠിക്കാനും ഇഷ്ടമാണ്. നമ്മുടെ സമൂഹത്തിന് സങ്കല്പ്പിക്കാന് സാധിക്കാത്ത ജീവിതമാണ് ഞാന്‍ ഇതുവരെ ജീവിച്ചത്. സ്കൂട്ടര്‍ യാത്രയ്ക്കിടെ ആളുകള്‍ കൗതുകത്തോടെ നോക്കുന്നത് കാണാം. എന്തിനാണ് ഈ പ്രായത്തിലും സ്കൂട്ടര്‍ ഓടിക്കുന്നതെന്ന് പൊലീസുകാര്‍ ചോദിക്കും, ഒരു പുഞ്ചിരിമാത്രം മറുപടി നല്‍കും.” മന്ദാകിനി ഷാ പറയുന്നു. പ്രായം എന്റെ വേഗത കുറച്ചിട്ടുണ്ടാകാം, എന്നാല്‍ എന്റെ കഥ ഇനിയും അവസാനിച്ചിട്ടില്ലെന്നും മന്ദാകിനി ഷാ പറയുന്നു.








