ഖൈരാഗഡ് (ഛത്തീസ്ഗഡ്) ∙ കളിയാക്കിയ നാലു വയസ്സുകാരനെയും രണ്ടു വയസ്സുള്ള സഹോദരിയെയും ബന്ധുവായ പതിമൂന്നുകാരി കിണറ്റിലെറിഞ്ഞു. ഛത്തീസ്ഗഡിലെ ഝൂരാനദി ഗ്രാമത്തിലാണ് സംഭവം. ഗജാനന്ദ് വർമയുടെ മക്കളായ കരൺ വർമ, വൈശാലി എന്നിവരാണ് കൊല്ലപ്പെട്ടത്. കുട്ടികളെ കാണാതായതിനെത്തുടർന്ന് ഗജാനന്ദ് വർമയും ഭാര്യയും ബന്ധുക്കളുടെയും പ്രദേശവാസികളുടെയും സഹായത്തോടെ നടത്തിയ തിരച്ചിലിനിടെ കിണറ്റിൽ പൊങ്ങികിടക്കുന്ന നിലയിൽ വൈശാലിയുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കിണറ്റിലുണ്ടാകാമെന്ന സംശയത്തിൽ നാട്ടുകാർ മോട്ടോർ പമ്പ് ഉപയോഗിച്ച് കിണർ വറ്റിച്ചപ്പോഴാണ് കരണിന്റെ മൃതദേഹവും കണ്ടെത്തിയത്.
ഗജാനന്ദ് വർമ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിൽ പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് പെൺകുട്ടി കുറ്റസമ്മതം നടത്തിയത്. കരൺ പലവട്ടം തന്നെ കള്ളിയെന്നു വിളിച്ചെന്നും ആ ദേഷ്യത്തിലാണ് ഇരുവരെയും കിണറ്റിലെറിഞ്ഞതെന്നും പെൺകുട്ടി പറഞ്ഞതായി പൊലീസ് അറിയിച്ചു. ഗ്രാമത്തിലെ ഒരു പച്ചക്കറിത്തോട്ടത്തിലെ കിണറ്റിലേക്ക് ഇരുവരെയും തള്ളിയിടുകയായിരുന്നു. പെൺകുട്ടിയെ ജുവനൈൽ ഹോമിലേക്കു മാറ്റി.








