തിരുവനന്തപുരം: പിഎസ്സിയുടെയും കേന്ദ്രസർക്കാർ സ്ഥാപനമായ ശ്രീചിത്രയുടെയും വ്യാജ അഡ്വൈസ് മെമ്മോ ഉൾപ്പെടെ തയ്യാറാക്കി വമ്പൻ നിയമന തട്ടിപ്പ്. തിരുവനന്തപുരം പിഎസ്സി ഓഫീസ് പരിസരത്തുവെച്ചുപോലും പണം വാങ്ങി നടത്തിയ തട്ടിപ്പിൽ ഡോക്ടർമാരും നഴ്സുമാരുംമുതൽ അധ്യാപകർവരെ കബളിപ്പിക്കപ്പെട്ടു.
ഉദ്യോഗാർഥികളിൽനിന്ന് ലക്ഷങ്ങൾ വാങ്ങി നടത്തിയ തട്ടിപ്പിനുപിന്നിൽ വൻ റാക്കറ്റെന്ന് സൂചന. വ്യാജ നിയമന ഉത്തരവുമായി ഇവരിൽ ചിലർ ശ്രീചിത്രയിൽ സെപ്റ്റംബർ 12-ന് ജോലിയിൽ പ്രവേശിക്കാൻ എത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതാണെന്ന് മനസ്സിലാകുന്നത്.
മകനും മരുമകനും ജോലിനൽകാമെന്ന പേരിൽ 15 ലക്ഷം രൂപ കബളിപ്പിച്ചെന്ന് കാണിച്ച് ഇടുക്കി ഏലപ്പാറ സ്വദേശികൾ പോലീസിന് പരാതി നൽകിയപ്പോഴാണ് തട്ടിപ്പുവിവരം പുറത്തറിഞ്ഞത്. ശ്രീചിത്രയിൽ ‘പിഎസ്സി’യുടെ നിയമന ഉത്തരവുമായി അതേദിവസം അൻപതോളം പേരെത്തിയിരുന്നു.
വാഗമൺ പുള്ളിക്കാനം സ്വദേശിയായ ഒരാൾ മകളുടെ അധ്യാപകജോലിക്കായി വീടു വിറ്റാണ് ഈ സംഘത്തിന് പണം നൽകിയത്. ബിജെപി നേതാവ് ബെന്നി പെരുവന്താനം, രാജേഷ്, ഫൈസൽ, അഗസ്റ്റിൻ എന്നിവരാണ് തട്ടിപ്പ് നടത്തിയിതെന്നാണ് പരാതിയിലുള്ളത്.
തിരുവനന്തപുരം നേമത്തുള്ള രാജേഷിന്റെ വീട്ടിൽച്ചെന്നാണ് പണത്തിന്റെ പകുതി നൽകിയതെന്ന് പരാതിക്കാർ പറഞ്ഞു. എന്നാൽ, ഈ വീട് ഇപ്പോൾ അടഞ്ഞുകിടക്കുകയാണ്. ഇവരുടെയെല്ലാം മൊബൈൽഫോണുകളും ഏറെനാളായി പ്രവർത്തിക്കുന്നില്ല.
പിഎസ്സിക്കുള്ളിലും തട്ടിപ്പ്
ടാക്സി ഡ്രൈവറായ ഏലപ്പാറ സ്വദേശി ഒരു വർഷം മുൻപ് ഓട്ടത്തിനിടെ പരിചയപ്പെട്ട ബെന്നി പെരുവന്താനം എന്നയാളാണ് പണം നൽകിയാൽ മകന് ജോലി തരപ്പെടുത്തി നൽകാമെന്ന് അറിയിച്ചത്. തുടർന്ന് ആയുർവേദ ഡോക്ടറായ മകന്റെ സർട്ടിഫിക്കറ്റുകളും പകുതി പണവും നൽകി.
ഇടുക്കി പാറേമാവ് ഗവ. ആയുർവേദ ആശുപത്രിയിൽ നിയമനമുണ്ടാകുമെന്ന് വിശ്വസിപ്പിച്ച് പട്ടത്തെ പിഎസ്സി ഓഫീസിൽ വിളിച്ചുവരുത്തിയാണ് ബാക്കി പണം വാങ്ങിയത്. പിഎസ്സി ഉദ്യോഗസ്ഥരുടേതിന് സമാനമായ ടാഗ് ധരിച്ച് എത്തിയ ഭുവനചന്ദ്രൻ എന്നു പരിചയപ്പെടുത്തിയ ആൾ ക്യാമറയുണ്ടാകും എന്നുപറഞ്ഞ് ഓഫീസ് പരിസരത്ത് കാറിനുള്ളിലിരുന്നാണ് പണം കൈപ്പറ്റിയത്. പിന്നീട് ശ്രീചിത്രയിൽ മരുമകൾക്ക് ജോലി കിട്ടാൻ വേണ്ടിയും പണം നൽകി.
ഒറിജിനലിനെ വെല്ലുന്ന നിയമനശുപാർശ
പരീക്ഷയുണ്ടാകുമെന്നും എന്നാൽ, നേരിട്ട് വരേണ്ടന്നും രൂപസാമ്യമുള്ള ആളെക്കൊണ്ട് എഴുതിക്കുമെന്നുമാണ് തട്ടിപ്പുകാർ വിശ്വസിപ്പിച്ചിരുന്നത്. ഓഗസ്റ്റിൽ വാട്സാപ്പിലൂടെ റാങ്ക്ലിസ്റ്റ് അയച്ചുകൊടുത്തു. പിന്നാലെ പിഎസ്സിയുടെ വ്യാജ നിയമനശുപാർശയും എത്തി. സർക്കാർ സീലും ഒപ്പുകളുമടക്കം ഒറിജിനലിനെ വെല്ലുന്ന വ്യാജ രേഖകളായിരുന്നു ഇത്.
പ്രതികരിക്കാതെ ബെന്നി പെരുവന്താനം
തൊടുപുഴ: തട്ടിപ്പ് സംഘവുമായി ബന്ധമുണ്ടെന്നുള്ള ആരോപണത്തിൽ പ്രതികരിക്കാതെ ബിജെപി നേതാവ് ബെന്നി പെരുവന്താനം.
തിരുവനന്തപുരം സ്വദേശിയായ തട്ടിപ്പുകാരനുമായി ബന്ധപ്പെടുത്തിയത് ബെന്നിയാണെന്ന് ബോണാമി സ്വദേശിയുടെ കുടുംബം വാഗമൺ പോലീസ്സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നുണ്ട്. ആദ്യഘട്ടത്തിൽ പണം കൈമാറിയത് ബെന്നിയുടെ സാന്നിധ്യത്തിലാണെന്നും പറയുന്നു. ഇതുമായി ബന്ധപ്പെട്ട പ്രതികരണത്തിന് ഫോണിൽ ബന്ധപ്പെട്ടെങ്കിലും ബെന്നി പ്രതികരിച്ചില്ല. ഇടുക്കി ഡിസിസി മുൻ ജന.സെക്രട്ടറിയായിരുന്ന ബെന്നി പെരുവന്താനം കഴിഞ്ഞ വർഷം മേയിലാണ് ബിജെപിയിൽ ചേർന്നത്.
പരാതി നൽകിയിട്ടും അനങ്ങിയില്ല
ജോലി തട്ടിപ്പു സംബന്ധിച്ച പരാതി ആദ്യഘട്ടത്തിൽ പോലീസ് അവഗണിച്ചു. പിഎസ്സി വഴി ജോലിനൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ സംഭവത്തിൽ ബോണാമി സ്വദേശികളായ കുടുംബം വാഗമൺ പോലീസിൽ ഒക്ടോബർ 24-ന് പരാതി നൽകിയിരുന്നു. കേസെടുത്തെങ്കിലും അന്വേഷണം കാര്യമായി മുന്നോട്ടുപോയില്ല.
പുറത്തുവിട്ടതോടെയാണ് അന്വേഷണം കാര്യക്ഷമമായത്. തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതികളെ കണ്ടെത്താൻ നടപടി സ്വീകരിച്ചതായി ഇടുക്കി എസ്പി കെ.എം. സാബു മാത്യു പറഞ്ഞു.






