മുക്കടവ് ആളുകേറാമലയിൽ നടന്ന ഏറെ ദുരൂഹതകൾ നിറഞ്ഞ കൊലപാതക കേസിൽ നിർണായക തെളിവായി താക്കോലുകൾ കണ്ടെത്തി. മൃതദേഹം മരത്തിൽ ചങ്ങലയുമായി ബന്ധിപ്പിച്ചു പൂട്ടിയിരുന്നതെന്നു സംശയിക്കുന്ന താക്കോലാണ് കണ്ടെത്തിയത്. പുനലൂർ എസ്എച്ച്ഒ എസ്.വിജയ്ശങ്കർ, എസ്ഐ അനീഷ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇരുപതോളം പേരടങ്ങുന്ന പൊലീസ് സംഘം അന്വേഷണത്തിന്റെ ഭാഗമായി സംഭവസ്ഥലത്ത് എത്തിയിരുന്നു.
മൃതദേഹം കിടന്നിരുന്നതിനു സമീപം കാടു തെളിച്ചു പരിശോധിക്കുന്നതിനിടെയാണ് ഒരു വളയത്തിൽ രണ്ട് ചെറിയ താക്കോലുകൾ കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ സെപ്റ്റംബർ 23നാണു മുഖം കരിഞ്ഞ ഒരാഴ്ചയിൽ അധികം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. തുടർന്നുള്ള ദിവസങ്ങളിൽ മെറ്റൽ ഡിറ്റക്ടർ ഉൾപ്പെടെയുള്ള സംവിധാനങ്ങളോടെ പൊലീസ് ഇവിടെ പരിശോധിച്ചെങ്കിലും താക്കോൽ കിട്ടിയില്ല.
ഇടതു കാലിനു സ്വാധീനമില്ലാത്ത മധ്യവയസ്കൻ ആണ് കൊല്ലപ്പെട്ടത്. പുനലൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 20 അംഗ സംഘം അന്വേഷണം തുടങ്ങിയെങ്കിലും ആളിനെ തിരിച്ചറിയാനോ പ്രതികളെകണ്ടെത്താനോ കഴിഞ്ഞിട്ടില്ല. കൊല്ലപ്പെട്ട ആളിനെ തിരിച്ചറിയാൻ ഡിഎൻഎ ടെസ്റ്റ് നടത്തിയെങ്കിലും ഫലമുണ്ടായില്ല. കേസിന് തുമ്പ് ഉണ്ടാക്കാൻ തമിഴ്നാട്ടിൽ ഉൾപ്പെടെ ഊർജിതമായ അന്വേഷണം നടക്കുന്നതായാണു വിവരം.






