ന്യൂഡൽഹി∙ രാഷ്ട്രപതി ദ്രൗപദി മുർമു റഫാൽ വിമാനത്തിൽ പറന്നതിനുശേഷം തിരിച്ചെത്തി സൈനികർക്കൊപ്പം എടുത്ത ഫോട്ടോയിൽ ഒരു വനിതാ പൈലറ്റുമുണ്ടായിരുന്നു–ശിവാംഗി സിങ്. ശിവാംഗി സിങ്ങിനൊപ്പം രാഷ്ട്രപതി ഫോട്ടോയെടുത്തപ്പോൾ അത് പാക്കിസ്ഥാനുള്ള രാജ്യത്തിന്റെ ശക്തമായ സന്ദേശവും കൂടിയായി.
പാക്കിസ്ഥാനിലെ ഭീകര–സൈനിക കേന്ദ്രങ്ങള്‍ക്കുനേരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനിടെ സ്ക്വാഡ്രൺ ലീഡർ ശിവാംഗിയെ പിടികൂടിയെന്നായിരുന്നു പാക്കിസ്ഥാനിലെ പ്രചാരണം. ഇതു സംബന്ധിച്ച് ചില വ്യാജ വിഡിയോകളും പാക്കിസ്ഥാൻ പ്രചരിപ്പിച്ചു. കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിനു മറുപടിയായാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിലൂടെ തിരിച്ചടിച്ചത്. ഈ ഓപ്പറേഷനിടെ റഫാൽ വിമാനം തകർത്ത് ശിവാംഗിയെ പിടികൂടി എന്നായിരുന്നു പാക്ക് മാധ്യമങ്ങളിലെയും സമൂഹമാധ്യമങ്ങളിലെയും അവകാശവാദം. എന്നാൽ, തെളിവുകളുടെ അടിസ്ഥാനത്തിൽ പാക്കിസ്ഥാന്റെ അവകാശവാദങ്ങൾ ഇന്ത്യ പൊളിച്ചടുക്കി. ഒടുവിൽ, ശിവാംഗി രാഷ്ട്രപതിയുമായി ഫോട്ടോയ്ക്ക് പോസ് ചെയ്തതോടെ വ്യാജ പ്രചാരണങ്ങൾ തകർന്ന് പാക്കിസ്ഥാൻ നാണംകെട്ടു.
റഫാൽ വിമാനം പറത്തുന്ന ആദ്യ ഇന്ത്യൻ വനിതയാണ് ശിവാംഗി. വ്യോമസേനയുടെ ഗോൾഡൺ ആരോസ് സ്ക്വാഡ്രണിന്റെ ഭാഗമാണവർ. വാരാണസി സ്വദേശിനിയാണ്. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍നിന്ന് ബിരുദം നേടിയതിനുശേഷം വ്യോമസേനയിൽ ചേർന്നു. 2020ൽ റഫാൽ പറത്താനുള്ള സംഘത്തിന്റെ ഭാഗമായി. പരിശീലനത്തിനുശേഷം ഗോൾഡൻ ആരോയിലെത്തി. രാജ്യാന്തര എയർഷോകളിൽ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.
ഇന്ന് രാവിലെയാണ് ഹരിയാനയിലെ അംബാലയിലുള്ള വ്യോമസേനാ താവളത്തിൽ നിന്നു രാഷ്ട്രപതിയുമായി റഫാൽ പറന്നുയർന്നത്. രാഷ്ട്രപതി ദ്രൗപദി മുർമു രണ്ടാം തവണയാണ് യുദ്ധവിമാനത്തിൽ പറക്കുന്നത്. ഇന്ത്യൻ സായുധ സേനകളുടെ സുപ്രീം കമാൻഡറായ ദ്രൗപദി മുർമു 2023 ഏപ്രിൽ 8 ന് അസമിലെ തേസ്പൂർ വ്യോമസേനാ താവളത്തിൽ നിന്ന് സുഖോയ്-30 എംകെഐ ജെറ്റിൽ പറന്നിരുന്നു.






