മലപ്പുറം: വീട്ടിലെ കിടപ്പുമുറിയില്‍നിന്ന് പാമ്പിന്‍കുഞ്ഞുങ്ങളെ പിടികൂടി. നടുവത്ത് തങ്ങള്‍ പടിയില്‍ മമ്പാട് പഞ്ചായത്ത് ഓഫിസ് ജീവനക്കാരന് ബാബു രാജന്റെ വീട്ടില്‍നിന്നാണ് 2 ദിവസങ്ങളിലായി 7 പാമ്പിന്‍കുഞ്ഞുങ്ങളെ പിടികൂടിയത്. വെള്ളിവരയന്റെ കുഞ്ഞുങ്ങളാണ്.
വീട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ഇആര്‍എഫ് ഷഹബാന് മമ്പാട് 23ന് 6 പാമ്പിന്‍കുഞ്ഞുങ്ങളെ പിടിച്ചു. ഇന്നലെ ഒന്നിനെക്കൂടി കിട്ടി. ശുചിമുറിയില്‍നിന്നു മലിനജലം ഒഴുക്കുന്ന കുഴിയില്‍ എങ്ങനെയോ അകപ്പെട്ട പാമ്പ് മുട്ടയിട്ട് വിരിഞ്ഞുണ്ടായതാണെന്നാണു നിഗമനമെന്നു ഷഹബാന് പറഞ്ഞു. വിഷമില്ലാത്ത ഇനമാണ്. ഇവയെ വനംവകുപ്പിനു കൈമാറി.
അപ്രതീക്ഷിതമായി ആര്‍ക്കുവേണമെങ്കിലും സംഭവിക്കാവുന്നതാണ് പാമ്പ് കടിയേല്‍ക്കുക എന്നത്. പാമ്പ് വിഷത്തിന് ഇന്ന് ഫലപ്രദമായ ചികിത്സ ലഭ്യമാണെങ്കിലും മരണം സംഭവിക്കുന്നതിന്റെ പ്രധാന കാരണം ചികിത്സ വൈകുന്നതും പ്രഥമ ശുശ്രൂഷയിലെ അപാകതകളുമാണ്. വിഷപ്പാമ്പിന്റെ കടിയേറ്റാല്‍ കുറഞ്ഞത് നാലുമണിക്കൂറിനുള്ളില്‍ മറുമരുന്ന് കുത്തിവയ്ക്കണം. വൈകുംതോറും മരണസാധ്യത കൂടും.






