ബഹ്‌റൈൻ: റമദാനിലെ അവസാന പത്ത് ദിവസം സ്കൂളുകൾക്ക് അവധി നൽകണമെന്ന ആവശ്യം അംഗീകരിക്കില്ലെന്ന് ബഹ്‌റൈൻ. ഒരു അധ്യയന വർഷത്തിൽ 180 പ്രവർത്തി ദിവസങ്ങളാണ് ഉള്ളത്. റമദാനിൽ പ്രത്യേക അവധി നൽകിയാൽ വിദ്യർത്ഥികളുടെ പഠനം താളം തെറ്റുന്ന അവസ്ഥയുണ്ടാകും. അത് കൊണ്ട് അവധി നൽകാൻ കഴിയില്ലെന്ന് സർക്കാർ പാർലമെന്റിൽ അറിയിച്ചു.
എല്ലാ വർഷവും അക്കാദമിക് കലണ്ടർ,പരീക്ഷ തീയതി, അവധി ദിനങ്ങൾ എന്നിവ മുൻകൂട്ടി തീരുമാനിക്കാനായി പ്രത്യേക സമിതി യോഗം ചേരാറുണ്ട്. റമദാന്റെ പ്രാധാന്യം കണക്കിലെടുത്ത് അവധികൾ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുമുണ്ട്. അവയിൽ ഇനി മാറ്റം വരുത്താൻ ആകില്ല. അങ്ങനെ മാറ്റം വരുത്തിയാൽ അത് വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുമെന്നും പാർലമെന്റിൽ സർക്കാർ രേഖാമൂലം മറുപടി നൽകി.
അക്കാദമിക് കലണ്ടർ അനുസരിച്ച് പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കുക ആണ് സർക്കാരിന്റെ ലക്ഷ്യം. പത്ത് ദിവസം കൂടുതലായി അവധി നൽകിയാൽ അത് സാധിക്കില്ല. കൃത്യസമയത്ത് പാഠഭാഗങ്ങൾ തീർക്കാൻ കഴിയാതെ വന്നാൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും അത് ബുദ്ധിമുട്ടായി മാറുമെന്നും സർക്കാർ വ്യക്തമാക്കി.








