വീടിനുള്ളിൽ അതിക്രമിച്ചു കയറി വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്ന പ്രതി പിടിയിൽ. വെള്ളിലാപ്പള്ളി ചക്കാമ്പുഴ കരോട്ടു കാവാലം കുഴിയിൽ കെ.ജി.നിഖിലിനെയാണ് (33) പൊലീസ് അറസ്റ്റ് ചെയ്തത്.
24ന് വൈകിട്ട് ഏറ്റുമാനൂർ കിഴക്കുംഭാഗം മന്നത്തൂർ ഭാഗത്ത് വീടിന്റെ ഹാളിൽ അതിക്രമിച്ചു കയറിയ പ്രതി വീട്ടമ്മയുടെ 2 പവന്റെ 1,75000 രൂപ വില വരുന്ന സ്വർണമാല പൊട്ടിച്ചു കൊണ്ടു പോവുകയായിരുന്നു. വെള്ളം ചോദിച്ചെത്തിയായിരുന്നു മോഷണം. വീട്ടുകാർ ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകി. ഇതിനിടെ, നിഖിലിനെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയിലും ഏറ്റുമാനൂർ പൊലീസ് കേസെടുത്തിരുന്നു. ഭർത്താവ് മോഷ്ടാവാണെന്ന കാര്യം ഭാര്യ തിരിച്ചറിഞ്ഞിരുന്നില്ല.
എറണാകുളം പള്ളിമുക്കിൽ നിന്നാണ് നിഖിലിനെ കണ്ടെത്തിയത്. അപ്പോഴാണ് മോഷണക്കേസിൽ തിരയുന്ന ആളാണെന്ന് മനസ്സിലായത്. കവർച്ച നടന്ന വീടിനടുത്ത് 8 മാസമായി പ്രതി വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






