വയനാട്ടിലെ കബിനിഗിരിയില് നിന്നും പത്തനംതിട്ടയിലേക്ക് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസ് കാണാതായത് ജീവനക്കാര്ക്കിടയിലുണ്ടാക്കിയത് വന്‍ ആശയക്കുഴപ്പം. ജോലിക്ക് പോയപ്പോൾ ബസ് കാണാതായത് ഡ്രൈവറേയും കണ്ടക്ടറേയും ഒരുപോലെ കണ്‍ഫ്യൂഷനിലും പരിഭ്രമത്തിലുമാക്കി. ഇത്രയും വലിയ ബസ് ആരാണ് കട്ടുകൊണ്ട് പോയതെന്ന് കണ്ടെത്താന്‍ ഒടുവില്‍ ഡ്രൈവര്‍ക്ക് പൊലീസില്‍ പരാതി നല്‍കേണ്ടി വന്നു. ഒരു ഡിപ്പോയെ മുഴുവൻ ഉദ്യോഗസ്ഥരും മുള്‍മുനയില്‍ നിര്‍ത്തിയ മണിക്കൂറുകള്‍ക്കൊടുവില്‍ ‘ആരോടും മിണ്ടാതെ കടന്നുകളഞ്ഞ ബസിനെ’ പൊലീസ് കണ്ടെത്തുക തന്നെ ചെയ്തു.
ഞായറാഴ്ച രാവിലെ എട്ടുമണിയോടെ പത്തനംതിട്ടയില്‍ നിന്നെത്തിയ ബസ് കബനിഗിരിയില്‍ ഹാള്‍ട്ട് ചെയ്യുകയായിരുന്നു. വൈകുന്നേരം ബസ് പത്തനംതിട്ടക്ക് തിരിച്ചു പോകാന്‍ വേണ്ടി എടുക്കുവാന്‍ വന്നപ്പോഴാണ് ബസ് കാണാനില്ലെന്ന് ഡ്രൈവര്‍ക്ക് മനസിലാകുന്നത്. എത്ര തിരഞ്ഞിട്ടും ബസ് കാണാതായതോടെ പരാതി ബത്തേരി പൊലീസിന് മുന്നിലെത്തി. സമീപത്തുള്ള ഒരു കെട്ടിടത്തിലാണ് ഡ്രൈവറും കണ്ടക്ടര്‍ ഉറങ്ങിയിരുന്നത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.25ന് ഈ ബസ് ബോര്‍ഡ് വെക്കാതെ മുള്ളന്കൊല്ലിയിലൂടെ ബോര്‍ഡ് വയ്ക്കാതെ ബസ് പോകുന്നതായി കണ്ടെന്ന നാട്ടുകാരുടെ മൊഴി മാത്രമായിരുന്നു പൊലീസിന് ആകെയുള്ള പിടിവള്ളി.
അന്വേഷണം ഒടുവില്‍ ചെന്ന് നിന്നത് ബത്തേരിയിലാണ്. പിന്നീടാണ് ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ ഒരു അബദ്ധമാണ് ബസിന്റെ തിരോധാനത്തിന് പിന്നിലെന്ന് കണ്ടെത്തുന്നത്. പെരിക്കല്ലൂരില്‍ ഹാര്‍ട്ട് ചെയ്യുന്ന പാലാ – പൊന്‍കുന്നം കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവര്‍ക്ക് ഞായറാഴ്ച രാവിലെ ഹൃദയാഘാതം ഉണ്ടായിരുന്നു .ഇതേ തുടര്‍ന്ന് കെഎസ്ആര്‍ടിസിയുടെ ബത്തേരി ഡിപ്പോയില്‍ നിന്നും ഒരു ഡ്രൈവറെ ബസ് എത്തിക്കുവാന്‍ അധികൃതര്‍ വിട്ടിരുന്നു. ഈ ജീവനക്കാരന് സ്ഥലം മാറി വന്ന് കബിനിഗിരിയിലെത്തി കണ്ണില്‍ കണ്ട കെഎസ്ആര്‍ടിസി ബസ്സുമായി ബത്തേരി ഡിപ്പോയിലേക്ക് പോവുകയാണ് ഉണ്ടായത്. പോലീസും നാട്ടുകാരും നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ബസ് ബത്തേരി ഡിപ്പോയില്‍ ഉണ്ടെന്ന് കണ്ടെത്തിയത്.








