തിരുവനന്തപുരം: സംസ്ഥാനത്തെ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പഠിക്കാനായി നിയോഗിച്ച മൂന്നംഗ വിദഗ്ധ സമിതി ആരോഗ്യ വകുപ്പിന് അടിയന്തര റിപ്പോര്‍ട്ട് കൈമാറി. സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍, ചൈല്‍ഡ് ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍, ഐഎപി സംസ്ഥാന പ്രസിഡന്റ് എന്നിവരുള്‍പ്പെട്ട സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് കേരളം പ്രത്യേകം മാര്‍ഗരേഖ പുറത്തിറക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തെ തുടര്‍ന്നാണ് വിദഗ്ധ സമിതി രൂപീകരിച്ചത്.
ചുമ മരുന്നുകളുടെ ഉപയോഗം മൂലം രാജ്യത്ത് കുട്ടികള്‍ മരിക്കുന്ന സംഭവം പതിവായതിന് പിന്നാലെയാണ് സംസ്ഥാന ആരാഗ്യ വകുപ്പ് മുന്‍കരുതല്‍ ശക്തമാക്കിയത്. കോള്‍ഡ്രിഫ് സിറപ്പിന്റെ എസ്.ആര്‍. 13 ബാച്ച് ഉപയോഗിച്ച കുട്ടികളിലാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്. കേരളത്തില്‍ ഇതുവരെ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും സംസ്ഥാനത്ത് കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പന സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് നിര്‍ത്തിവയ്പ്പിച്ചിട്ടുണ്ട്.






