ലണ്ടൻ ∙ 17 വയസ്സുകാരിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിന് ദുബായിൽ മാസങ്ങളോളം തടവിൽ കഴിഞ്ഞ ശേഷം മൂന്ന് മാസം മുൻപ് മോചിതനായ ബ്രിട്ടിഷ് യുവാവ് മാർക്കസ് ഫക്കാന (19) യുകെയിൽ വാഹനാപകടത്തിൽ മരിച്ചു. വടക്കൻ ലണ്ടനിലെ ടോട്ടൻഹാമിൽ വെള്ളിയാഴ്ച പുലർച്ചെ നടന്ന വാഹനാപകടത്തിലാണ് മാർക്കസ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ മാർക്കസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
മാർക്കസ് സഞ്ചരിച്ചിരുന്ന വാഹനം മെട്രോപൊളിറ്റൻ പൊലീസ് (മെറ്റ് പൊലീസ്) തടയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. പിന്നീട് പൊലീസ് പിന്തുടരുന്നതിനിടെയാണ് വാഹനം ട്രക്കിലിടിച്ച് അപകടം സംഭവിച്ചത്. 60 സെക്കൻഡ് മാത്രമാണ് പിന്തുടർന്നതെന്നും വാഹനം പൊലീസിന്റെ ദൃഷ്ടിയിൽ നിന്ന് മറഞ്ഞതിന് ശേഷമാണ് അപകടം സംഭവിച്ചതെന്നുമാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതിന് ദുബായിൽ പിടിയിലായപ്പോൾ 18 വയസ്സായിരുന്ന മാർക്കസ് ഫക്കാനയ്ക്ക്. ഒരു വർഷം തടവിന് ശിക്ഷയാണ് ലഭിച്ചതെങ്കിലും ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൽ നിന്ന് ജൂലൈയിൽ രാജകീയ പൊതുമാപ്പ് ലഭിച്ചതോടെ മോചിതനായി. മാർക്കസുമായി ബന്ധമുണ്ടായിരുന്ന പെൺകുട്ടിയുടെ അമ്മ യുകെയിലേക്ക് തിരിച്ചെത്തിയപ്പോൾ ഇരുവരുടെയും സന്ദേശങ്ങൾ കണ്ടതിനെ തുടർന്ന് നൽകിയ പരാതിയിലായിരുന്നു മാർക്കസ് അറസ്റ്റിലായത്.
അപകടവുമായി ബന്ധപ്പെട്ട് ടോട്ടൻഹാമിലെ ആർഗൈൽ റോഡിൽ നിന്നുള്ള മർവാൻ മുഹമ്മദ് ഹുസൈൻ (19) അറസ്റ്റിലായിട്ടുണ്ട്. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനും, ഇൻഷുറൻസ്, ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചതിനും നിർത്താതെ പോയതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ശനിയാഴ്ച ഹൈബറി കോർണർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഒക്ടോബർ 30ന് ഓൾഡ് ബെയ്‌ലിയിൽ ഇയാളെ വീണ്ടും ഹാജരാകും.






