ലക്നൗ ∙ ഫറൂഖാബാദിൽ കോച്ചിങ് സെന്റർ പ്രവർത്തിക്കുന്ന കെട്ടിടത്തിലുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ആർമി റിക്രൂട്ട് പരീക്ഷക്ക് തയാറെടുക്കുകയായിരുന്ന ആകാശ് സക്‌സേന (25), ആകാശ് കശ്യപ് (24) എന്നിവരാണ് മരിച്ചത്. സ്ഫോടനത്തിൽ അഞ്ചു പേർക്ക് പരുക്കേറ്റതായാണ് വിവരം. താന നവാബ്ഗഞ്ചിലെ ഗുതിന നിവാസികളായ യോഗേഷ് രജ്പുതും രവീന്ദ്ര ശർമ്മയും നടത്തുന്ന കോച്ചിങ് സെന്ററിലായിരുന്നു നാടിനെ നടുക്കിയ അപകടം.
താന കദ്രി ഗേറ്റ് സതാൻപൂരിലെ ആലു മണ്ടി റോഡിൽ കത്യാർ കോൾഡിന് എതിർവശത്തായി സ്ഥിതി ചെയ്യുന്ന സൺ ലൈബ്രറി ആൻഡ് കോച്ചിങ് സെന്ററിലാണ് സ്ഫോടനമുണ്ടായത്. ഉച്ചയ്ക്ക് രണ്ടരയോടെ, വിദ്യാർഥികൾ കോച്ചിങ് സെന്ററിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ സ്ഫോടനം നടക്കുകയായിരുന്നു. സ്ഫോടനത്തിൽ കോച്ചിങ് സെന്ററിന്റെ മതിൽ തകർന്ന് തെറിച്ചു. ഇഷ്ടികകൾ റോഡിൽ ചിതറി. അപകടം നടക്കുമ്പോൾ പ്രായപൂർത്തിയാകാത്ത കുട്ടികളായിരുന്നു കോച്ചിങ് സെന്ററുകളിൽ ഏറെയും.
സെപ്റ്റിക് ടാങ്കുള്ള ഒരു ബേസ്മെന്റിനു മുകളിലാണ് കോച്ചിങ് സെന്റർ സ്ഥിതി ചെയ്തിരുന്നത്. സെപ്റ്റിക് ടാങ്കിൽ അമിതമായ അളവിൽ സാന്ദ്രീകൃത മീഥെയ്ൻ വാതകം നിറഞ്ഞതാണ് ശക്തമായ സ്ഫോടനത്തിനു കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സ്ഥലത്ത് ഒരു ഇലക്ട്രിക് സ്വിച്ച്ബോർഡും കണ്ടെത്തി. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകി.






