പാലക്കാട് ∙ നാലാം ക്ലാസ് വിദ്യാർഥിനി വിനോദിനിയുടെ കൈ ജില്ലാ ആശുപത്രിയിൽ പ്ലാസ്റ്ററിട്ട ശേഷം പഴുപ്പു കയറി മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ വിവരങ്ങൾ മറച്ച് ആരോഗ്യവകുപ്പ്. ഒടിഞ്ഞ കയ്യിൽ ചോരയൊലിച്ചുള്ള മുറിവുകളോടെയാണു കുട്ടിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചതെന്നു രക്ഷിതാക്കൾ പറയുമ്പോൾ അത്തരമൊരു മുറിവിനെക്കുറിച്ച് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടിലില്ല. കുട്ടിക്ക് മതിയായ ചികിത്സ നൽകിയെന്നാണ് ഡിഎംഒ നിയോഗിച്ച അന്വേഷണ സമിതിയുടെ കണ്ടെത്തൽ.
മുറിവു വേണ്ടതുപോലെ പരിചരിക്കാതെ പ്ലാസ്റ്ററിട്ടതു കാരണമാകാം പഴുപ്പുണ്ടായതെന്ന ആരോപണം നിലനിൽക്കെയാണ് ആരോഗ്യവകുപ്പ് ഇക്കാര്യം മറച്ചുവയ്ക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്ന വിനോദിനിക്ക് ഇപ്പോഴും നല്ല വേദനയുണ്ടെന്നു രക്ഷിതാക്കളായ വിനോദും പ്രസീദയും പറഞ്ഞു. രക്തക്കുറവു കണ്ടതിനാൽ ഇന്നലെ രാത്രി രക്തം നൽകേണ്ടിവന്നു.
വീഴ്ചയിൽ പരുക്കേറ്റ് സെപ്റ്റംബർ 24നാണു കുട്ടിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. എക്സ്റേയെടുത്തു പ്ലാസ്റ്റർ ഇട്ട ശേഷം നടത്തിയ പരിശോധനയിൽ രക്തപ്രവാഹത്തിനോ ഞരമ്പുകൾക്കോ തകരാർ കണ്ടില്ലെന്നും തൊട്ടടുത്ത ദിവസം വരാൻ നിർദേശിച്ചതായും ജില്ലാ ആശുപത്രി അധികൃതർ പറയുന്നു. അടുത്ത ദിവസത്തെ പരിശോധനയിലും പ്രശ്നങ്ങൾ കണ്ടെത്തിയില്ല. പ്ലാസ്റ്ററിട്ട കയ്യിൽ നിന്നു ദുർഗന്ധം വമിച്ചു രൂക്ഷമായ അവസ്ഥയിലാണ് 30നു വീണ്ടും ആശുപത്രിയിലെത്തുന്നത്. സ്ഥിതി വഷളായതോടെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
തങ്ങളുടെ പക്കലെത്തുമ്പോൾ കയ്യിലേക്കുള്ള രക്തയോട്ടം നിലച്ച അവസ്ഥയിലായിരുന്നുവെന്നും ജീവൻ അപകടത്തിലാകുന്ന സ്ഥിതി ഒഴിവാക്കാൻ പഴുപ്പുള്ള ഭാഗം മുറിച്ചുമാറ്റുകയേ മാർഗമുണ്ടായിരുന്നുള്ളൂവെന്നും കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർമാർ പറയുന്നു. കയ്യിലെ മുറിവ് ഉണങ്ങിയ ശേഷം പ്ലാസ്റ്റിക് സർജറി വിഭാഗം തുടർചികിത്സ നൽകുമെന്നും അവർ പറയുന്നു. കുഞ്ഞിന്റെ കയ്യിലെ ചോരയൊലിക്കുന്ന മുറിവിനെക്കുറിച്ചു ചികിത്സാ രേഖകളിലും ഇല്ലാത്തതിനെക്കുറിച്ച് ആരോഗ്യവകുപ്പു കൃത്യമായ മറുപടി നൽകുന്നില്ല.






