ഉപയോക്താക്കളുടെ ഫോണ്‍ സംഭാഷണങ്ങള്‍ മെറ്റ ചോര്‍ത്തുന്നില്ലെന്ന് ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരി. പരസ്യങ്ങള്‍ കാണുന്നതുമായി ബന്ധപ്പെട്ടാണ് വിശദീകരണം. പരസ്യദാതാക്കള്‍ അവരുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നവരെക്കുറിച്ച് നല്‍കുന്ന ഡാറ്റയാണ് മെറ്റയുടെ പരസ്യം റെക്കമന്റേഷന്‍ സംവിധാനം ആശ്രയിക്കുന്നതെന്ന് മൊസേരി വിശദീകരിക്കുന്നു. ഈ ഡാറ്റ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ അനുയോജ്യമായ പരസ്യങ്ങള്‍ നല്‍കാന്‍ സഹായിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. സമാന പ്രൊഫൈലുകളുള്ള ആളുകളുടെ പെരുമാറ്റവും മുന്‍ഗണനകളും വിശകലനം ചെയ്ത് ഉപയോക്താക്കളുടെ താത്പര്യങ്ങള്‍ മുന്‍കൂട്ടി അറിയുന്ന അല്‍ഗോരിതം അടിസ്ഥാനമാക്കിയുള്ള പരസ്യ സാങ്കേതികവിദ്യയും മെറ്റ ഉപയോഗിക്കുന്നുണ്ട്. കാലങ്ങളായി ഉപയോഗിക്കുന്ന സംവിധാനം കമ്പനിക്ക് സ്ഥിരമായി മികച്ച ഫലങ്ങള്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു.
നിങ്ങള്‍ പറയുന്നതൊന്നും ഞങ്ങള്‍ കേള്‍ക്കുന്നില്ലെന്ന് മൊസേരി പറയുന്നു. നിങ്ങളുടെ സംഭാഷണം ഒളിഞ്ഞിരുന്നു കേള്‍ക്കാന്‍ ഞങ്ങള്‍ ഫോണിന്റെ മൈക്രോഫോണ്‍ ഉപയോഗിക്കുന്നില്ല. അങ്ങനെ ചെയ്യുന്നത് സ്വകാര്യതയുടെ കടുത്ത ലംഘനമാകും. അത് നിങ്ങളുടെ ഫോണിന്റെ ബാറ്ററി ഉപയോഗിച്ചുതീര്‍ക്കുമെന്നും അദ്ദേഹം പറയുന്നു. സാങ്കേതികവിദ്യ മാത്രമല്ല, ചിലപ്പോള്‍ മനുഷ്യന്റെ മനശാസ്ത്രമോ അല്ലെങ്കില്‍ യാദൃശ്ചികതയോ ശുപാര്‍ശകളുടെ കൃത്യതയെ സ്വാധീനിക്കാമെന്നും മൊസേരി അവകാശപ്പെടുന്നു. എന്തെങ്കിലും ഒരുകാര്യം സംസാരിക്കുന്നതിന് മുമ്പും നിങ്ങള്‍ ഒരുപക്ഷേ ആ പരസ്യം കണ്ടിട്ടുണ്ടാകാം. പക്ഷെ അത് ശ്രദ്ധിച്ചിട്ടുണ്ടാവില്ല. മിക്കവരും വേഗത്തില്‍ സ്‌ക്രോള്‍ ചെയ്യുന്നു. പരസ്യങ്ങളും വേഗത്തില്‍ സ്‌ക്രോള്‍ ചെയ്ത് പോകുന്നു. ചിലപ്പോള്‍ അതില്‍ ചിലത് പലരുടെയും ഉള്ളില്‍ പതിയും. അത് പിന്നീട് സംസാരിക്കുന്ന കാര്യങ്ങളെ സ്വാധീനിക്കുകയും ചെയ്യാം. ഇക്കാര്യം എത്രയൊക്കെ വിശദീകരിക്കാന്‍ ശ്രമിച്ചാലും നിങ്ങളില്‍ ചിലര്‍ വിശ്വസിക്കില്ലെന്ന് എനിക്കറിയാമെന്നും അദ്ദേഹം പറയുന്നു.
അതിനിടെ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയവയിലുടനീളം വ്യക്തിഗത പരസ്യങ്ങള്‍ കാണിക്കുന്നതിന് എഐ ടൂളുകളുമായുള്ള ഉപയോക്താക്കളുടെ ഇടപെടലുകളില്‍ നിന്നുള്ള ഡാറ്റ പ്രയോജനപ്പെടുത്താന്‍ കമ്പനിയെ അനുവദിക്കുന്നതാണ് മെറ്റയുടെ പുതുക്കിയ സ്വകാര്യതാ നയം. ഈ സമീപനം അനുയോജ്യമായ പരസ്യങ്ങള്‍ നല്‍കുന്നതിന് മൈക്രോഫോണ്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കുന്നുവെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. പകരം ഉപയോക്താക്കളുടെ താല്‍പ്പര്യങ്ങളെയും പെരുമാറ്റത്തെയും കുറിച്ച് ആഴത്തില്‍ മനസ്സിലാക്കാന്‍ സ്വകാര്യ ചാറ്റുകളില്‍ നിന്നും പ്രോംപ്റ്റുകളില്‍ നിന്നും എഐ സൃഷ്ടിക്കുന്ന ഉള്‍ക്കാഴ്ചകളെ ആശ്രയിക്കാന്‍ കഴിയുമെന്നാണ് അവര്‍ പറയുന്നത്.








