ഭോപാൽ ∙ മധ്യപ്രദേശിലെ ദേവാസ് ജില്ലയിൽനിന്ന് കാണാതായ 22 കാരിയുടെ മൃതദേഹം നീല വീപ്പയ്ക്കുള്ളിൽ കണ്ടെത്തി. കൈകളും കാലുകളും കൂട്ടിക്കെട്ടിയ നിലയിലാണ് മൂന്ന് ദിവസം മുൻപ് കാണാതായ ലക്ഷിത ചൗധരിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയത്. ഗർബ ആഘോഷ ചടങ്ങിൽ പങ്കെടുക്കുമ്പോൾ സ്ത്രീകൾ ധരിക്കുന്ന വേഷമാണ് മൃതദേഹത്തിലുണ്ടായിരുന്നത്. മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ യുവതിയുടെ സുഹൃത്തായ മനോജ് ചൗഹാൻ പൊലീസിൽ കീഴടങ്ങി. മറ്റൊരാളുമായി അടുപ്പം കാണിച്ചതിനെ തുടർന്നാണ് ലക്ഷിതയെ കൊലപ്പെടുത്തിയതെന്ന് ഇയാൾ മൊഴി നൽകി.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കോളജിൽ പോകാനായി ലക്ഷിത വീട്ടിൽനിന്നും പുറപ്പെട്ടത്. എന്നാൽ തിരികെ വരാത്തതിനെ തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. പ്രതിയായ മനോജിന്റെ വീട്ടിൽനിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികളാണ് വീപ്പയ്ക്കുള്ളിൽ മൃതദേഹം കണ്ടെത്തിയത്. കൈകാലുകൾ കെട്ടിയ ശേഷം വെള്ളം നിറച്ച വീപ്പയിൽ മുക്കിയാണ് മനോജ് ലക്ഷിതയുടെ ജീവനെടുത്തത്. ശേഷം വീപ്പ മുറിയിൽ ഉപേക്ഷിച്ച് ഇയാൾ ഒളിവിൽ പോയി.
അതേസമയം വീപ്പയിൽ മൃതദേഹം ഒളിപ്പിക്കുന്ന സംഭവങ്ങൾ ഉത്തരേന്ത്യയിൽ ആവർത്തിക്കുകയാണ്. മീററ്റിൽ യുവാവിനെ കഷണങ്ങളാക്കി വെട്ടിനുറുക്കി വീപ്പയിലാക്കി ഉപേക്ഷിച്ച സംഭവം അടുത്തിടെയാണ് ഉണ്ടായത്. രാജസ്ഥാനിലെ ആൽവാറിലും നീല വീപ്പയിൽ മൃതദേഹം കണ്ടെത്തിയിരുന്നു. വീപ്പയിൽ മൃതദേഹത്തിനൊപ്പം സിമന്റ് മിശ്രിതം ചേർത്ത ശേഷം കുഴിച്ചിട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.







