കരൂർ സംഭവത്തിൽ വിജയ്ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടു പോസ്റ്റർ ഒട്ടിച്ച യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. നാഗപട്ടണം സ്വദേശിയായ ഭരത്‌രാജിനെ (20)യാണു പ്രദേശത്തെ ഷെഡിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വിജയ്ക്കെതിരെ ഭരത്‌രാജ് പ്രതാപരാമപുരം ഗ്രാമത്തിലെ പ്രധാന ചുമരുകളിൽ പോസ്റ്ററുകൾ പതിച്ചിരുന്നു. ഈ സമയം ഇവിടെയെത്തിയ ടിവികെ പ്രവർത്തകരുമായി തർക്കമുണ്ടായി. ഇവർ ഭരത്‌രാജിനെ ഭീഷണിപ്പെടുത്തി. ഇവർ പകർത്തിയ വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇതോടെ, യുവാവ് പൊലീസിൽ പരാതി നൽകി. പിന്നാലെയാണു യുവാവ് ജീവനൊടുക്കിയത്. യുവാവിന്റെ വിഡിയോ പകർത്തി പ്രചരിപ്പിച്ച ടിവികെ പ്രാദേശിക ഭാരവാഹികൾ ഉൾപ്പെടെ 4 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഇവരെ അറസ്റ്റു ചെയ്യാൻ പ്രത്യേക സംഘങ്ങളെയും നിയോഗിച്ചു. ഡിഎംകെ പ്രവർത്തകനാണു ഭരത്‌രാജ്.
കരൂർ ദുരന്തത്തെ ബിജെപി രാഷ്ട്രീയ നേട്ടത്തിനായി ദുരുപയോഗം ചെയ്യുകയാണെന്നു മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു. രാജ്യത്തുടനീളമുള്ള സമാനമായതോ അതിലും മോശമായതോ ആയ ദുരന്തങ്ങളിൽ മൗനം പാലിക്കുന്ന ബിജെപി കരൂർ ദുരന്തത്തിനു പിന്നാലെ വേഗത്തിൽ അന്വേഷണ സംഘത്തെ നിയോഗിച്ചതിനെയും സ്റ്റാലിൻ ചോദ്യം ചെയ്തു.








