കൽപ്പറ്റ: ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയിൽ സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളും സംഘങ്ങളും കോടികൾ നിക്ഷേപിച്ചത് നിയമങ്ങൾ കാറ്റിൽപ്പറത്തിയാണെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖകൾ പുറത്ത്. സഹകരണ രജിസ്ട്രാറുടെ അനുമതിയില്ലാതെയാണ് ഈ നിക്ഷേപങ്ങൾ നടത്തിയതെന്നും ഇത് ഗുരുതരമായ നിയമലംഘനമാണെന്നും രേഖകൾ വ്യക്തമാക്കുന്നു. ഏഷ്യാനെറ്റ് ന്യൂസാണ് ഇത് സംബന്ധിച്ച വിവരാവകാശ രേഖകൾ പുറത്തുവിട്ടത്.
സഹകരണ നിയമപ്രകാരം, അംഗങ്ങൾ നിക്ഷേപിക്കുന്ന പണം സഹകരണ സ്ഥാപനങ്ങൾക്ക് തോന്നിയതുപോലെ മറ്റ് സ്ഥാപനങ്ങളിൽ നിക്ഷേപിക്കാൻ അധികാരമില്ല. ഇതിന് സഹകരണ രജിസ്ട്രാറുടെ മുൻകൂർ അനുമതി നിർബന്ധമാണ്. എന്നാൽ, ബ്രഹ്മഗിരിയിലേക്ക് കോടികൾ നിക്ഷേപിച്ചപ്പോൾ ഈ നിയമം പൂർണ്ണമായും ലംഘിക്കപ്പെട്ടുവെന്ന് വയനാട് ജോയിന്റ് ജില്ലാ രജിസ്ട്രാർ ഓഫീസിൽ നിന്ന് ലഭിച്ച വിവരാവകാശ മറുപടിയിൽ പറയുന്നു. ഇത്തരം നിക്ഷേപങ്ങൾക്ക് യാതൊരു അനുമതിയും നൽകിയിട്ടില്ലെന്നും നടപടി നിയമവിരുദ്ധമാണെന്നും രേഖയിലുണ്ട്.
ഈ നിയമലംഘനം സഹകരണ ഓഡിറ്റ് വിഭാഗവും കണ്ടെത്തിയിരുന്നു. നിക്ഷേപങ്ങളിൽ നിയമലംഘനം ബോധ്യപ്പെട്ടതിനാൽ ഓഡിറ്റിൽ ഇത് ന്യൂനതയായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സഹകരണ ഓഡിറ്റ് ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നുള്ള വിവരാവകാശ മറുപടിയും സ്ഥിരീകരിക്കുന്നു.
പ്രധാനമായും സി.പി.എം നിയന്ത്രണത്തിലുള്ള ബാങ്കുകളിൽ നിന്നും ഇടത് അനുകൂല സഹകരണ സംഘങ്ങളിൽ നിന്നുമാണ് കോടികൾ ബ്രഹ്മഗിരിയിലേക്ക് ഒഴുകിയെത്തിയത്. കോഴിക്കോട് ജില്ലയിലെ ബാങ്കുകളിൽ നിന്ന് മാത്രം പതിനഞ്ച് കോടിയോളം രൂപ നിക്ഷേപിച്ചതായാണ് കണക്കുകൾ.
2022-ൽ ബ്രഹ്മഗിരിയുടെ പ്രവർത്തനം പ്രതിസന്ധിയിലായതോടെയാണ് നിക്ഷേപിച്ച പണം തിരികെ ലഭിക്കില്ലെന്ന ആശങ്ക ശക്തമായത്. ഇതോടെ പണം നിക്ഷേപിച്ച സഹകരണ ബാങ്കുകൾ തന്നെ ബ്രഹ്മഗിരിക്കെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. ഒരു കോടി രൂപ നിക്ഷേപിച്ച, സി.പി.എം ഭരിക്കുന്ന കോഴിക്കോട് പനങ്ങാട് സഹകരണ ബാങ്ക് ബ്രഹ്മഗിരിക്കെതിരെ കോടതിയെ സമീപിച്ചിരുന്നു. പണം തിരികെ നൽകാൻ കോടതി ഉത്തരവിട്ട് ഒമ്പത് മാസം കഴിഞ്ഞിട്ടും ബ്രഹ്മഗിരി പണം നൽകിയിട്ടില്ല.








