ആലപ്പുഴ ജില്ലയിലെ തോട്ടപ്പിള്ളി ഒറ്റപ്പന സ്വദേശിനിയായ ആ അറുപത്തിരണ്ടുകാരി തനിച്ചായിരുന്നു താമസം. ഒരു ദിവസം രാവിലെ അവരെ കിടപ്പുമുറിയിലെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തുന്നു. അതൊരു കൊലപാതകമാണെന്നും പീഡനശ്രമത്തിനിടെയാണ് സ്ത്രീ കൊല്ലപ്പെട്ടതെന്നും പൊലീസ് ഉറപ്പിച്ചു. അന്വേഷണത്തിനൊടുവിൽ സമീപത്തെ പള്ളിയിലെ ജീവനക്കാരനായ അബൂബക്കറിനെ അറസ്റ്റ് ചെയ്തു. പക്ഷേ, കേസ് പാതിവഴിയിലെത്തിയപ്പോൾ മറ്റൊരു നിർണായക തെളിവ് പൊലീസിനു മുന്നിൽ വെളിവായി– ഒരു മൊബൈൽ ഫോൺ. ആ ഫോണിനു പിന്നാലെ പോയ അന്വേഷണ സംഘം അറിഞ്ഞത് ഞെട്ടിക്കുന്നൊരു കാര്യമായിരുന്നു. അവർ അറസ്റ്റ് ചെയ്ത അബൂബക്കറല്ല, തൃക്കുന്നപ്പുഴ സ്വദേശികളായ ദമ്പതിമാരാണ് യഥാർഥ കുറ്റവാളികൾ. അബൂബക്കർ അപ്പോഴും ജയിലിലായിരുന്നു. ചെയ്യാത്ത തെറ്റിന് 6 ദിവസം ജയിലിൽ. കൊല്ലപ്പെട്ട സ്ത്രീയുടെ മൊബൈൽ ഫോൺ പൊലീസ് കണ്ടെത്തിയിരുന്നില്ലെങ്കിൽ, ചെയ്യാത്ത തെറ്റിന് ഇപ്പോഴും അബൂബക്കർ ജയിലിൽ കിടക്കുമായിരുന്നു.
*പീഡനശ്രമത്തിനിടെ കൊലപാതകം*
2025 ഓഗസ്റ്റ് 16 അർധരാത്രിയാണ് സ്ത്രീ കൊല്ലപ്പെട്ടത്. കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വിധവാ പെൻഷനുമായി ബന്ധപ്പെട്ട് പള്ളിയിൽനിന്നുള്ള ചീട്ട് കൊടുക്കാൻ രണ്ടുതവണ വീട്ടിലെത്തിയിട്ടും വീട് അടഞ്ഞുതന്നെ കിടന്നതിനെ തുടർന്ന് സംശയം തോന്നിയാണ് പള്ളിയിലെ ജീവനക്കാരനായ അബൂബക്കർ അയൽവാസികളെ വിവരം അറിയിക്കുന്നത്. അയൽവാസികളെത്തി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. ഉടൻതന്നെ എത്തിയ പൊലീസ്, നടന്നത് കൊലപാതകമാണെന്ന് ഉറപ്പിച്ചു. അന്വേഷണം തുടർന്ന പൊലീസ് അഞ്ചുദിവസത്തിനു ശേഷം പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട സ്ത്രീയുടെ വീടിന് സമീപമുള്ള തോട്ടപ്പള്ളി മുസ്‍ലിം ജമാഅത്ത് പള്ളിയിലെ ജീവനക്കാരനായ അബൂബക്കർ. മരണത്തെപ്പറ്റി അയൽവാസികളെ അറിയിച്ച അതേ അബൂബക്കർ. ഏഴു വർഷമായി തോട്ടപ്പള്ളിയിലാണ് അയാൾ ജോലി ചെയ്യുന്നത്.
സംഭവത്തെപ്പറ്റി പൊലീസ് പറഞ്ഞത് ഇങ്ങനെയാണ്: കൊല്ലപ്പെട്ട സ്ത്രീയുമായി അബൂബക്കറിന് അടുപ്പമുണ്ടായിരുന്നു. സ്ത്രീ കൊല്ലപ്പെട്ട ദിവസം രാത്രി അവരുടെ വീട്ടിലെത്തിയ അബൂബക്കർ അടുക്കള വാതിൽ െപാളിച്ച് കയറി. അകത്ത് കിടക്കുകയായിരുന്ന സ്ത്രീയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു. ശ്വാസംമുട്ടൽ ഉണ്ടായിരുന്ന സ,്ത്രീ പീഡനശ്രമത്തിനിടെ ശ്വാസം മുട്ടി മരിച്ചു. അബൂബക്കർ മൃതദേഹം പുതപ്പു കൊണ്ട് മൂടി. പുതപ്പിലും മുറിക്കുള്ളിലും മുളകുപൊടി വിതറി. ഇതിനുശേഷം വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. സ്ത്രീയുടെ മൊബൈൽ ഫോണും എടുത്ത് മടങ്ങി.
16ന് രാത്രി 12നും പുലർച്ചെ ഒരു മണിക്കുമിടയിലാണ് കൊലപാതകം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. അടുത്ത ദിവസം, സ്ത്രീ കൊല്ലപ്പെട്ട വിവരം നാട്ടുകാരെ അറിയിക്കാനും മാധ്യമങ്ങൾക്കു മുന്നിൽ സംഭവങ്ങൾ വിശദീകരിക്കാനും അബൂബക്കർ മുന്നിലുണ്ടായിരുന്നു. അന്നു മുഴുവൻ മാധ്യമങ്ങൾക്കു മുന്നിൽ നിന്ന അബൂബക്കറാണ് പ്രതിയെന്നറിഞ്ഞപ്പോൾ നാട്ടുകാരും ഞെട്ടി. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് അബൂബക്കർ സ്ത്രീയുടെ വീട്ടിലെത്തിയെന്ന് പൊലീസ് ഉറപ്പിച്ചത്. മൂന്നുവട്ടം സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ അബൂബക്കറിനെ മൊഴിയിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടിയും തെളിവുകൾ നിരത്തിയും പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം നടന്ന വീട്ടിൽ അയാളെ എത്തിച്ച് തെളിവെടുപ്പും നടത്തി. ചോദ്യം ചെയ്യലിൽ അബൂബക്കർ കുറ്റം സമ്മതിച്ചെന്നും പൊലീസ് വ്യക്തമാക്കി. അങ്ങനെ അബൂബക്കർ ജയിലിലായി.
മൊബൈലിനു പിന്നാലെ അന്വേഷണം, യഥാർഥ പ്രതികളെ കണ്ടെത്തി
അബൂബക്കറിനെ അറസ്റ്റ് ചെയ്തെങ്കിലും കൊല്ലപ്പെട്ട സ്ത്രീയുടെ മൊബൈൽ ഫോൺ കണ്ടെത്താൻ അപ്പോഴും പൊലീസിനു കഴിഞ്ഞിരുന്നില്ല. കൊലപാതകം നടന്ന അടുത്ത ദിവസം മുതൽ ആ ഫോൺ ഓഫായിരുന്നു. എന്നാലും മൊബൈൽ ഫോൺ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടർന്നു. അങ്ങനെയിരിക്കെ ഒരു ദിവസം രാത്രി ആ ഫോൺ മറ്റൊരു സിം കാർഡ് ഇട്ട് പ്രവർത്തിപ്പിച്ചതായി പൊലീസിന് വിവരം ലഭിച്ചു. അന്വേഷണത്തിൽ, ഫോൺ കൊല്ലം മൈനാഗപ്പള്ളിയിലാണെന്ന് കണ്ടെത്തി. അവിടം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. തൃക്കുന്നപ്പുഴ പതിയാങ്കര സ്വദേശികളായ സൈനുലാബ്ദീനും ഭാര്യ അനീഷമോളുമാണ് ഫോൺ കൈവശം വച്ചതെന്ന് പൊലീസിന് മനസ്സിലായി. അങ്ങനെ അവരെ പിടികൂടി.
അപ്പോൾ ആ സ്ത്രീയെ കൊലപ്പെടുത്തിയതാര്? അബൂബക്കറോ അതോ ഫോൺ കൈവശം വച്ചവരോ. സൈനുലാബ്ദീനെയും ഭാര്യയെയും ചോദ്യം ചെയ്തപ്പോൾ പൊലീസിന് ആ സംശയം മാറിക്കിട്ടി. യഥാർഥ കൊലയാളികൾ സൈനുലാബ്ദീനും ഭാര്യ അനീഷമോളും. കൊലപാതകം നടന്നത് മോഷണശ്രമത്തിനിടെ.
സ്ത്രീ കൊല്ലപ്പെട്ട ദിവസം അബൂബക്കർ അവിടെ പോയിരുന്നുവെന്നു പൊലീസ് കണ്ടെത്തിയത് ശരിയായിരുന്നു. എന്നാൽ അയാൾ അവിടെനിന്നു മടങ്ങിയതും അതിനു ശേഷം അവിടെ നടന്നതും ആദ്യ അന്വേഷണത്തിൽ വെളിപ്പെട്ടിരുന്നില്ല.
രാത്രി സ്ത്രീയുടെ വീട്ടിലെത്തിയ അബൂബക്കർ 11 മണിയോടെ മടങ്ങി. അബൂബക്കർ വീട്ടിലുള്ള സമയത്തുതന്നെ സൈനുലാബ്ദീനും അനീഷയും വീടിനു പരിസരത്തെത്തി. അവിടെ ഒളിച്ചിരുന്നു. അബൂബക്കർ പോയ ശേഷം വീടിന്റെ പിൻവാതിൽ കുത്തിത്തുറന്ന് അകത്തു കടന്നു. മോഷണശ്രമത്തെ എതിർത്ത സ്ത്രീയുടെ മുഖത്ത് തലയണ അമർത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. അലമാരയ്ക്കുള്ളിലുണ്ടായിരുന്ന സ്വർണക്കമ്മലും കട്ടിലിലുണ്ടായിരുന്ന മൊബൈൽ ഫോണും കവർന്നു. ശേഷം വീട്ടിൽ സൂക്ഷിച്ചിരുന്ന മുളകുപൊടി മുറിയിൽ വിതറി. വീട്ടിലേക്കുള്ള വൈദ്യുത ബന്ധവും വിച്ഛേദിച്ചു.
കൊല്ലപ്പെട്ട സ്ത്രീയുടെ ശരീരത്തിലുണ്ടായ വളകളും കമ്മലും നഷ്ടപ്പെടാതിരുന്നതു കൊണ്ടാണ് കൊലപാതക കാരണം മോഷണമല്ലെന്ന നിഗമനത്തിൽ പൊലീസ് ആദ്യം എത്തിയത്. ആക്രമണം ചെറുക്കുന്നതിനിടെ സ്ത്രീ മുഷ്ടി ചുരുട്ടിപ്പിടിച്ചിരുന്നതായും മരിച്ചതിനു ശേഷവും ഇതു നിവർത്താൻ കഴിയാത്തതു കൊണ്ടാണു വളകൾ ഊരിയെടുക്കാൻ കഴിയാതിരുന്നതെന്നും പ്രതി സൈനുലാബ്ദീൻ പൊലീസിനോടു പറഞ്ഞു. കമ്മൽ ഊരി നോക്കിയെങ്കിലും സ്വർണമല്ലെന്നു മനസ്സിലായതോടെ തിരിച്ചിട്ടു. എന്നാൽ അലമാരയിൽ ഉണ്ടായിരുന്ന 4 ഗ്രാം തൂക്കമുള്ള കമ്മലും പണവും ഇവർ കവർന്നു. അലമാരയിൽ ഉണ്ടായിരുന്ന പണത്തെയും സ്വർണത്തെയും കുറിച്ച് മറ്റാർക്കും അറിവില്ലാത്തതിനാൽ ഒന്നും മോഷണം പോയിട്ടില്ലെന്നു പൊലീസ് കരുതി.
പ്രതികൾ കൊല്ലം ജില്ലയിലെ ഒരു ജ്വല്ലറിയിൽ കമ്മൽ വിറ്റതായും പൊലീസ് കണ്ടെത്തി. മൈനാഗപ്പള്ളിയിലെ സൈനുലാബ്ദീന്റെ സുഹൃത്തിന്റെ വീട്ടിൽനിന്നു മുളകുപൊടിയുടെ ബാക്കി കണ്ടെടുക്കുകയും ചെയ്തു.
പ്രതികൾ കൊല്ലം ജില്ലയിലെ ഒരു ജ്വല്ലറിയിൽ കമ്മൽ വിറ്റതായും പൊലീസ് കണ്ടെത്തി. മൈനാഗപ്പള്ളിയിലെ സൈനുലാബ്ദീന്റെ സുഹൃത്തിന്റെ വീട്ടിൽനിന്നു മുളകുപൊടിയുടെ ബാക്കി കണ്ടെടുക്കുകയും ചെയ്തു.
മകനെ കുടുക്കുമെന്ന ഭീഷണിയിൽ കുറ്റം സമ്മതിച്ചു
സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺവിളിരേഖകളും പരിശോധിച്ചാണു പൊലീസ് ആദ്യം അബൂബക്കറിലേക്ക് എത്തിയത്. തനിക്ക് അബദ്ധം പറ്റിയെന്നു ചോദ്യം ചെയ്യലിൽ അബൂബക്കർ സമ്മതിച്ചതായും പൊലീസ് പറയുന്നു. കൊലപാതകം നടത്തിയെന്നും മുളകുപൊടി വിതറിയെന്നും ഫോൺ എടുത്തെന്നും അബൂബക്കർ സമ്മതിച്ചതോടെയാണ് അറസ്റ്റ് ചെയ്തതെന്നാണു പൊലീസിന്റെ വിശദീകരണം. യഥാർഥ പ്രതികളെ കണ്ടെത്തിയതോടെ കൊലക്കുറ്റത്തിൽനിന്ന് അബൂബക്കറെ ഒഴിവാക്കാൻ പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. അപ്പോഴും ഭവനഭേദനം, പീഡനം എന്നീ കുറ്റങ്ങൾ നിലനിർത്തി. പീഡിപ്പിച്ചതിനു തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ആലപ്പുഴ സെഷൻസ് കോടതി അബൂബക്കറിന് ജാമ്യം അനുവദിച്ചത്. പീഡനമാണോ ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണോ എന്നു കണ്ടെത്താൻ വിശദ അന്വേഷണം വേണമെന്നും വിധിന്യായത്തിൽ കോടതി ചൂണ്ടിക്കാട്ടി. 6 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് അബൂബക്കർ ജയിലിൽ നിന്നിറങ്ങിയത്.
മകന്റെ കെഎസ്ഇബിയിലെ ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് പൊലീസ് കുറ്റം സമ്മതിപ്പിച്ചതെന്നാണ് ജയിലിൽ നിന്നിറങ്ങിയതിനു പിന്നാലെ അബൂബക്കർ പറഞ്ഞത്. കെഎസ്ഇബിയിലെ ജീവനക്കാരനായ മകനാണ് സ്ത്രീയുടെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചത് എന്നും കേസില്‍ അവനെയും ഉൾപ്പെടുത്തുമെന്നും പൊലീസ് അബൂബക്കറിനോട് പറഞ്ഞിരുന്നു. ജോലി പോയാൽ അവന് ജീവിക്കേണ്ടേ എന്ന ആ പിതാവിന്റെ ചിന്തയാണ് ചെയ്യാത്ത കുറ്റത്തിന് അയാളെ ദിവസങ്ങളോളം ജയിലിലിട്ടത്.






