ചിക്കൻ കറിക്കായി വാശിപിടിച്ച 7 വയസ്സുകാരൻ അമ്മ ചപ്പാത്തിക്കോൽ കൊണ്ടടിച്ചതിനെ തുടർന്നു മരിച്ചു. ഞായറാഴ്ച പാൽഘറിലെ ധൻസാർ ഗ്രാമത്തിലാണു സംഭവം. അവശനിലയിലായിട്ടും കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ വീട്ടുകാർ തയാറായില്ലെന്നു സമീപവാസികൾ ആരോപിച്ചു. അടിയേറ്റ മൂത്ത കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.
മഞ്ഞപ്പിത്തം ബാധിച്ചു മകൻ മരിച്ചെന്നാണു യുവതി അയൽവാസികളോടു പറഞ്ഞത്. തുടർന്നു, സംസ്കാരച്ചടങ്ങുകൾക്കായി ഒരുക്കങ്ങൾ നടത്തവേ ഷീറ്റിൽ പൊതിഞ്ഞ മൃതദേഹം അയൽക്കാർ പരിശോധിച്ചപ്പോഴാണു മുറിപ്പാടുകൾ ശ്രദ്ധയിൽപെട്ടത്. അതോടെ, പൊലീസിനെ വിവരം അറിയിച്ചു. ചോദ്യംചെയ്യലിൽ അമ്മ കുറ്റം സമ്മതിച്ചെങ്കിലും മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നു പൊലീസ് പറഞ്ഞു. കുട്ടിയുടെ തലയിലും മുഖത്തും നെഞ്ചിലും മുറിവുകളുണ്ട്.






