നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്‌യുടെ റാലിക്കിടെ 41പേർ മരിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കവേ, ടിവികെ വില്ലുപുരം ബ്രാഞ്ച് സെക്രട്ടറി ആത്മഹത്യ ചെയ്തു. വി.അയ്യപ്പനാണ് (52) കുറിപ്പ് എഴുതിവച്ചശേഷം വീട്ടിൽ ജീവനൊടുക്കിയത്. ഡിഎംകെ മന്ത്രി സെന്തിൽ ബാലാജിക്കെതിരെ കുറിപ്പിൽ പരാമർശമുണ്ട്. പരിപാടിക്ക് ആവശ്യമായ സുരക്ഷ പൊലീസ് ഒരുക്കിയില്ലെന്നും കുറിപ്പിലുണ്ട്. 20 വർഷമായി വിജയ് ഫാൻസ് അസോസിയേഷനിൽ അംഗമാണ്. ദുരന്തത്തെ തുടർന്ന് മാനസിക വിഷമത്തിലായിരുന്നു. ഭാര്യയും 2 മക്കളുമുണ്ട്. ദുരന്തത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ടിവികെ ആരോപിക്കുന്നത്.
കരൂരിൽ തിക്കിലും തിരക്കിലും 41 പേർ മരിച്ച ദുരന്തത്തിൽ, ഒളിവിലായിരുന്ന ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകൻ ഇന്നലെ അറസ്റ്റിലായി. ജനറൽ സെക്രട്ടറി എൻ.ആനന്ദ്, സംസ്ഥാന ജോ. സെക്രട്ടറി സി.ടി.ആർ.നിർമൽ കുമാർ എന്നിവരെ കണ്ടെത്താൻ 5 പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചു.
പൊലീസിന്റെ പ്രഥമ വിവര റിപ്പോർട്ടിൽ നടൻ വിജയ്‌ക്കും പാർട്ടിക്കുമെതിരെയാണു കുറ്റപ്പെടുത്തൽ. ആൾക്കൂട്ടത്തിന്റെ കരുത്ത് കാണിക്കാൻ യോഗം വൈകിപ്പിച്ച നടൻ, അനുമതിയില്ലാതെയാണു റോഡ് ഷോ നടത്തിയത്. വേദിയിൽ എത്താൻ മനഃപൂർവം വൈകിയതോടെ ജനക്കൂട്ടം നിയന്ത്രണാതീതമായി. സംഘാടകർക്കു പലതവണ മുന്നറിയിപ്പും നിർദേശങ്ങളും നൽകിയെങ്കിലും അവഗണിച്ചു. 25 പേർ ശ്വാസം മുട്ടിയാണു മരിച്ചതെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടും പുറത്തുവന്നു. സിബിഐ അന്വേഷണം അടിയന്തരമായി പരിഗണിക്കണമെന്ന പാർട്ടിയുടെ ആവശ്യം ഹൈക്കോടതി തള്ളി. ഹർജി വെള്ളിയാഴ്ച പരിഗണിച്ചേക്കും.






