കോഴിക്കോട് ∙ പറമ്പിൽ ബസാർ മല്ലിശേരി താഴത്ത് അടച്ചിട്ട വീട്ടിൽ മോഷണം. 25 പവനോളം സ്വർണാഭരങ്ങളാണ് മോഷണം പോയത്. രണ്ട് ദിവസം മുൻപ് വീട് അടച്ച ശേഷം ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്നതായി വീട്ടുകാർ പറയുന്നു. ഇന്നലെ രാത്രി 12 മണിയോട് അടുപ്പിച്ച് വീട്ടിൽ തിരിച്ചെത്തിയ ശേഷമാണ് മോഷണ വിവരം അറിയുന്നതെന്നും അപ്പോൾ തന്നെ പൊലീസിൽ ഇക്കാര്യം അറിയിച്ചെന്നും വീട്ടുകാർ പറഞ്ഞു.
വീടിന്റെ ടെറസിലൂടെയാകാം മോഷ്ടാവ് അകത്തേക്ക് പ്രവേശിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീടിനുള്ളിലെ മുറികൾ പൂട്ടിയിരുന്നില്ല. സിസി ടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നത്. പ്രതിയുടെ സിസി ടിവി ദൃശ്യങ്ങൾ ലഭിച്ചുവെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. പ്രദേശത്ത് ഫൊറൻസിക് സംഘം എത്തി പരിശോധന പൂർത്തിയാക്കി.






