ബാലരാമപുരം∙ പുലർച്ചെ വീട്ടിനുള്ളിൽ ഉറങ്ങിക്കിടന്ന രണ്ടുവയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ. ബാലരാമപുരം മിഡാനൂർക്കോണം നെല്ലിവിള സ്വദേശി ശ്രീതുവാണ് പാലക്കാടുനിന്ന് അറസ്റ്റിലായത്. ശ്രീതുവിന്റെ മകൾ ദേവേന്ദുവിനെയാണ് വാടകയ്ക്കു താമസിക്കുന്ന കോട്ടുകാൽകോണം വാറുവിള വീട്ടിലെ കിണറ്റിൽ ജനുവരി 30ന് മരിച്ചനിലയിൽ കണ്ടെത്തിയത്. ശ്രീതുവിന്റെ സഹോദരൻ ഹരികുമാറിനെ (24) ബാലരാമപുരം പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ നുണ പരിശോധന നടത്തിയപ്പോഴാണ് ശ്രീതുവിന്റെ പങ്ക് വ്യക്തമായത്. ശ്രീതു നുണ പരിശോധനയ്ക്ക് വിസമ്മതിച്ചിരുന്നു. ശ്രീതുവിന്റെ ഭർത്താവ് ശ്രീജിത്തല്ല ദേവേന്ദുവിന്റെ അച്ഛനെന്നു ഡിഎൻഎ പരിശോധനയിൽ വ്യക്തമായി.
ഭർത്താവ് ശ്രീജിത്തുമായി അകൽച്ചയിലായിരുന്ന ശ്രീതുവും മക്കളും, മാതാപിതാക്കൾക്കും സഹോദരനുമൊപ്പമാണ് കഴിഞ്ഞിരുന്നത്. ഹരികുമാറിന് ശ്രീതുവിന്റെ കുഞ്ഞുങ്ങളെ ഇഷ്ടമല്ലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ദേവേന്ദുവിനെയും മൂത്ത സഹോദരിയെയും പലവട്ടം ഹരികുമാർ ഉപദ്രവിച്ചിട്ടുണ്ട്. ശ്രീതുവിന്റെ അച്ഛൻ ഉദയകുമാറിന്റെ മരണഅടിയന്തിരത്തിൽ പങ്കെടുക്കാൻ ശ്രീജിത്ത് വീട്ടിലെത്തിയ ദിവസമാണ് കൊലപാതകം നടന്നത്. രാവിലെ 5 മണിയോടെ ശ്രീതു ശുചിമുറിയിൽ പോയ സമയത്താണ് അവരുടെ മുറിയിൽ കിടന്ന ദേവേന്ദുവിനെ എടുത്ത് കിണറ്റിലിട്ടതെന്ന് ഹരികുമാർ പൊലീസിനു മൊഴി നൽകി.
രാവിലെ ദേവേന്ദുവിനെ കാണാതെ കുടുംബാംഗങ്ങൾ തിരയുന്നതിനിടെ അയൽക്കാർ പൊലീസിൽ വിവരമറിയിച്ചു. ഏഴേ മുക്കാലോടെ അടുക്കളയ്ക്കു സമീപത്തെ കിണറ്റിൽ മൃതദേഹം കണ്ടെത്തി. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിലാണ് ഹരികുമാർ കുറ്റംസമ്മതിച്ചത്. ശ്രീതുവും ഹരികുമാറും തമ്മിൽ നടത്തിയ ഫോൺ ചാറ്റുകളിൽ നിർണായകമായ ചില വിവരങ്ങൾ ലഭിച്ചു. ഹരികുമാർ ആവശ്യപ്പെട്ട ചില കാര്യങ്ങൾ നടത്തിക്കൊടുക്കാൻ വിസമ്മതിച്ചതിൽ സഹോദരിയോട് ദേഷ്യമുണ്ടായിരുന്നതായി പൊലീസിന് മനസ്സിലായി.
ശ്രീതുവിനു കൊലപാതകത്തിൽ പങ്കുണ്ടെന്ന് അറസ്റ്റിലാകുമ്പോൾ തന്നെ ഹരികുമാർ പൊലീസിനോട് പറഞ്ഞിരുന്നു. തുടർന്നാണ് നുണപരിശോധന നടത്താൻ തീരുമാനിച്ചത്. ഇരുവരുടെയും മൊബൈൽ ഫോൺ രേഖകളും നിർണായകമായി. തെളിവുകൾ ലഭിച്ചതോടെ, മാസങ്ങൾക്കുശേഷം ശ്രീതുവിനെ അറസ്റ്റു ചെയ്യാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു. ശ്രീതുവിന്റെ ബന്ധങ്ങളിൽ സംശയമുണ്ടായിരുന്ന പൊലീസ് ഡിഎൻഎ പരിശോധന നടത്താനും തീരുമാനിച്ചു. കുട്ടിയെ ഒഴിവാക്കാനുള്ള കാരണം അറിയാനായിരുന്നു ഇത്. പരിശോധനയിൽ ശ്രീജിത്തല്ല പിതാവെന്ന് തെളിഞ്ഞതായി പൊലീസ് പറഞ്ഞു. ഇതോടെയാണ് ശ്രീതുവിന്റെ മറ്റു ബന്ധങ്ങളും സാമ്പത്തിക ഇടപാടുകളും പൊലീസ് ആഴത്തിൽ പരിശോധിച്ചത്.
തന്റെ വീട്ടിൽനിന്ന് 30 ലക്ഷം രൂപ മോഷ്ടിക്കപ്പെട്ടതായി ശ്രീതു മാസങ്ങൾക്കു മുൻപ് ബാലരാമപുരം പൊലീസ് സ്റ്റേഷനിലെത്തി അറിയിച്ചിരുന്നു. രേഖാമൂലം പരാതി നൽകിയിരുന്നില്ല. ഈ ആരോപണം വ്യാജമാണെന്നും പൊലീസ് കണ്ടെത്തി. സാമ്പത്തിക തട്ടിപ്പു കേസിൽ അറസ്റ്റിലായ ശ്രീതു അടുത്തിടെയാണ് ജയിൽ മോചിതയായത്. ജയിലിലുള്ളപ്പോൾ പരിചയപ്പെട്ടവരാണ് പുറത്തിറങ്ങാൻ സഹായിച്ചത്. പാലക്കാടായിരുന്നു താമസം.






