ഉത്തർപ്രദേശിലെ ഹാപ്പുർ ജില്ലയിലെ ഒരു ആശുപത്രിയിലെ സർജന്മാർ 40-കാരന്റെ വയറ്റിൽ നിന്ന് ഒമ്പത് സ്റ്റീൽ സ്പൂണുകളും 19 ടൂത്ത് ബ്രഷുകളും രണ്ട് മൂർച്ചയുള്ള പേനകളും നീക്കം ചെയ്തതായി റിപ്പോർട്ടുകൾ. ബുലന്ദ്ഷഹർ സ്വദേശിയായ 40-കാരന്റെ വയറ്റിൽ നിന്നാണ് ഇവ നീക്കം ചെയ്തത്. സെപ്റ്റംബർ 17-ന് ഡോ. ശ്യാം കുമാറിന്റെ നേതൃത്വത്തിലായിരുന്നു അടിയന്തര ശസ്ത്രക്രിയ.
ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പ് ഇദ്ദേഹത്തെ ഗാസിയാബാദിലെ ഒരു ലഹരിവിമുക്ത കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ വെച്ച് കഠിനമായ വയറുവേദന അനുഭവപ്പെടുന്നതായി ഇദ്ദേഹം പരാതിപ്പെട്ടതോടെയാണ് വിദഗ്ധ ചികിത്സ തേടിയത്. തുടർന്ന്, നടത്തിയ അൾട്രാസൗണ്ട് സ്കാനിൽ അദ്ദേഹത്തിന്റെ വയറ്റിൽ നിരവധി ലോഹ വസ്തുക്കൾ കണ്ടെത്തുകയായിരുന്നു.
വസ്തുക്കളുടെ എണ്ണം ഞെട്ടിക്കുന്നതായിരുന്നുവെന്ന് ഡോ. ശ്യാം കുമാർ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. അവയവങ്ങൾക്ക് കേടുപാടുകളുണ്ടാകാതിരിക്കാൻ ഓരോ വസ്തുക്കളും ശ്രദ്ധാപൂർവ്വം നീക്കം ചെയ്യുകയായിരുന്നു. എല്ലാ അപകടസാധ്യതകളും തരണംചെയ് ശസ്ത്രക്രിയ പൂർത്തിയാകുകയും വ്യാഴാഴ്ച ഇദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തു.
എന്തിന് വസ്തുക്കൾ വിഴുങ്ങുന്നു?
ഭക്ഷണമല്ലാത്ത വസ്തുക്കൾ ഒരു പ്രേരണയാൽ വിഴുങ്ങുന്നത് ഒരു മാനസികാവസ്ഥയാണെന്നാണ് ഡോക്ടർമാർ പറയുന്നത്. ലഹരിവിമുക്ത കേന്ദ്രത്തിൽ വെച്ച് തന്നോട് മോശമായി പെരുമാറിയെന്നും ഭക്ഷണം നിഷേധിച്ചെന്നും പിന്നീട് ഇദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഈ ദേഷ്യത്തിൽ സ്വയം ഉപദ്രവിക്കാനായി അദ്ദേഹം വസ്തുക്കൾ വിഴുങ്ങാൻ തുടങ്ങിയതാകാമെന്നാണ് ഡോക്ടർമാർ പറയുന്നത്. കടുത്ത സമ്മർദ്ദം, മാനസികാഘാതം, അല്ലെങ്കിൽ മാനസികരോഗം എന്നിവയാകാം ഇതിന് കാരണം.






