ചന്ദനക്കടത്തു കേസിൽ 55 വർഷമായി ഒളിവിലായിരുന്ന 78 കാരനെ ദക്ഷിണ കന്നഡ പോലീസ് മലപ്പുറത്തുനിന്ന് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി സി.ആർ. ചന്ദ്രനെയാണ് അറസ്റ്റ് ചെയ്തത്. 1970 ജൂലൈ 26ന് ഇയാൾ അനധികൃതമായി ചന്ദനം കടത്തി എന്നായിരുന്നു കേസ്.
ചന്ദനമോഷണവുമായി ബന്ധപ്പെട്ട് 1970ൽ പുത്തൂർ റൂറൽ പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റർ ചെയ്തിരുന്നത്. 1969ലെ മൈസൂർ ഫോറസ്റ്റ് ചട്ടങ്ങളിലെ 154, 155(2) വകുപ്പുകളും മൈസൂർ ഫോറസ്റ്റ് നിയമത്തിലെ 86-ാം വകുപ്പും പ്രകാരമാണ് കേസെടുത്തിരുന്നത്. ചന്ദ്രൻ കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് ഇയാൾക്കെതിരെ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഒടുവിൽ രാമനാട്ടുകരയ്ക്കു സമീപമുള്ള പുളിക്കലിൽ വച്ച് ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.







