മുട്ടികൊമ്പന്റെ ശല്യത്താല്‍ പൊറുതിമുട്ടി വള്ളുവാടിയിലെ കര്‍ഷകര്‍

Spread the love

ബത്തേരി: കാട്ടാനയെ പിടികൂടണമെന്ന ഗ്രാമസഭയുടെയും നൂല്‍പ്പുഴ പഞ്ചായത്ത് ഭരണസമിതിയുടെയും പ്രമേയം നടപ്പാലാക്കാത്തതിനാല്‍ മുട്ടികൊമ്പന്റെ ശല്യത്താല്‍ പൊറുതിമുട്ടി വള്ളുവാടിയിലെ കര്‍ഷകര്‍. ദിനംപ്രതി കൃഷിയിടങ്ങളിലിറങ്ങുന്ന കാട്ടുകൊമ്പന്‍ കൃഷിനാശത്തിനപുറമെ കര്‍ഷകരുടെ ജീവനും ഭീഷണിയാവുകയാണ്. കഴിഞ്ഞ ദിവസം പ്രദേശവാസിയായ കോച്ചേരി യോഹന്നാന്‍ വര്‍ഗീസിന്റെ കൃഷിയിടത്തില്‍ ഇറങ്ങിയ മുട്ടികൊമ്പന്‍ കവുങ്ങും കാപ്പിയുമടക്കമുള്ള വിളകള്‍ നശിപ്പിച്ചു. ഇതില്‍ കര്‍ഷകരുടെ ജീവനുതന്നെ ഭീഷണിയായ മുട്ടികൊമ്പനെ പിടികൂടി മേഖലയിലെ കര്‍ഷകരുടെ ജീവന് സുരക്ഷയൊരുക്കണമെന്നും കാര്‍ഷിക വിളകള്‍ സംരക്ഷിക്കാന്‍ നടപടിവേണമെന്നുമാണ് ആവശ്യം. നൂല്‍പ്പുഴ പഞ്ചായ ത്തിലെ വടക്കനാട്, വള്ളുവാടി, കരിപ്പൂര്‍, പള്ളിവയല്‍, പണയമ്പം പ്രദേശങ്ങളിലെ ജനങ്ങളാണ് മുട്ടികൊമ്പനെന്ന കാട്ടാനയെകൊണ്ട് ജീവിതം പൊറുതിമുട്ടുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി ഈ കാട്ടാനയാണ് ഇവരുടെ ജീവന് ഭീഷണിയാകുന്നത്. വനാതിര്‍ത്തി മേഖലകളിലെ ആന പ്രതിരോധ കിടങ്ങ്, തൂക്ക് വേലി, കല്‍മതില്‍, ഫെന്‍സിങ് സംവിധാനങ്ങളെല്ലാം തകര്‍ത്താണ് മുട്ടികൊമ്പന്‍ പുറത്തിറങ്ങുന്നത്. കൃഷിയിടങ്ങള്‍ക്ക് ചുറ്റും പതിനായിരങ്ങള്‍ ചെലവഴിച്ച് തീര്‍ത്ത ഫെന്‍സിങും തകര്‍ത്താണ് പറമ്പുകളില്‍ കടക്കുന്നത്. തുടര്‍ന്ന് മണിക്കൂറുകളോളം കൃഷിയിടങ്ങളില്‍ തമ്പടിക്കുന്ന കൊമ്പന്‍ വ്യാപക കൃഷിനാശമാണ് വരുത്തുന്നത്. ആന കൃഷിയിടത്തില്‍ ഇറങ്ങിയതറിഞ്ഞ് ഓടിക്കാന്‍ പോയാല്‍ കര്‍ഷകര്‍ക്ക് നേരെ ഓടിയടുക്കുന്നതും പതിവാണ്. പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടിട്ടുള്ളത്. വീട്ടുമുറ്റത്തോട് ചേര്‍ന്നുള്ള മാവ്, ചക്ക അടക്കമുള്ളവ കുലുക്കി താഴെയിട്ട് തിന്നുന്നതും പതിവാണ്. ഇതറിഞ്ഞ് പുറത്തിറങ്ങുന്നവരെയും കാട്ടുകൊമ്പന്‍ കലിയിളകി ഓടിക്കുകയാണ്. വള്ളുവാടിയില്‍ കാട്ടുകൊമ്പന്‍ വീടിനോട് ചേര്‍ന്ന് പ്ലാവില്‍ നിന്ന് അര്‍ദ്ധരാത്രിയില്‍ ചക്കപറിക്കുന്നതറിഞ്ഞ ലൈറ്റിടാതെ പുറത്തിറങ്ങിയതേ കര്‍ഷകനായ ബെന്നിക്ക് ഓര്‍മ്മയുള്ളു. പ്രാണന്‍രക്ഷപെട്ടത് ഇപ്പോള്‍ ഓര്‍ക്കുമ്പോഴും ബെന്നിക്ക് പിടച്ചിലാണ്. കൂടാതെ ജനങ്ങള്‍ നടക്കുന്ന റോഡിലൂടെയാണ് കൊമ്പന്റെ രാത്രി സഞ്ചാരവും. അതിനാല്‍ ഗ്രാമത്തില്‍ നിന്ന് പുറത്ത് ജോലിക്കുപോകുന്നവര്‍ രാത്രിവൈകിയാല്‍ അന്ന് വീട്ടിലേക്ക് വരാന്‍തന്നെ പേടിയാണ്. എവിടെയാണ് മുട്ടികൊമ്പന്‍ ഉണ്ടാവുക എന്ന് പറയാനാവില്ല. ഇരുചക്ര- മുചക്രവാഹന യാത്രക്കാരാണ് ഏറെ പ്രതിസന്ധിനേരിടുന്നത്. അതിനാല്‍ പുറത്ത് പോയവര്‍ തിരിച്ചെത്താന്‍ വൈകുന്ന ഓരോനിമിഷവും ഭീതിയോടെയാണ് വീട്ടുകാര്‍ കഴിയുന്നത്. ഇപ്പോള്‍ ചക്കയുടെയും മാങ്ങയുടെയും സീസണായതോടെ ശല്യം വര്‍ധിച്ചിരിക്കുകയാണ്. ഇത് സ്ഥിരമായതോടെ വള്ളുവാടി മൂന്നാംവാര്‍ഡില്‍ ഗ്രാമസഭകൂടി കൊമ്പനെ പിടികൂടി ഇവിടെ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി. തുടര്‍ന്ന് പഞ്ചായത്തും പ്രമേയം പാസാക്കി. തുടര്‍ന്ന് പ്രമേയം വനംവകുപ്പിന് കൈമാറി. പക്ഷേ മാസങ്ങള്‍ പിന്നിട്ടിട്ടും ഇതുവരെ കൊമ്പനെ പിടികൂടാനോ ഇവിടെ നിന്ന് തുരത്താനോ ഇതുവരെ വനംവകുപ്പ് തയ്യാറായിട്ടില്ലെന്നാണ് ജനങ്ങള്‍ ആരോപിക്കുന്നത്. ആറ് വര്‍ഷംമുമ്പ് വടക്കനാട് മേഖലയില്‍ ഭീതിപരത്തി വിലസിയിരുന്ന വടക്കനാട് കൊമ്പന്റെ കൂട്ടാളിയായിരുന്നു മുട്ടികൊമ്പന്‍. വടക്കനാട് കൊമ്പനെ പിടികൂടി മുത്തങ്ങ പന്തിയിലെത്തിച്ച് വിക്രം എന്ന പേര് നല്‍കി കുങ്കിയാനയാക്കി. വടക്കനാട് കൊമ്പന്റെ അതേപതായിലാണ് ഇപ്പോള്‍ മുട്ടികൊമ്പന്റെ പോക്ക്. ഇതിനുപുറമെ മറ്റ് രണ്ട് ആനകളും പ്രദേശത്ത് ഭീതിപരത്തി വിലസുന്നുണ്ട്. ഇതില്‍ കര്‍ഷകരുടെ ജീവനുതന്നെ ഭീഷണിയായ മുട്ടികൊമ്പനെ പിടികൂടി മേഖലയിലെ കര്‍ഷകരുടെ ജീവന് സുരക്ഷയൊരുക്കണമെന്നും കാര്‍ഷിക വിളകള്‍ സംരക്ഷിക്കാന്‍ നടപടിവേണമെന്നുമാണ് ആവശ്യം.

  • Related Posts

    പോലീസ് ഉദ്യോഗസ്ഥനെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

    Spread the love

    Spread the love    വെള്ളമുണ്ട: പനമരം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ പോലീസ് ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കൽ സ്വദേശി ഇബ്രാഹിം കുട്ടിയാണ് മരിച്ചത്.   വെള്ളമുണ്ട പോലീസ് ക്വാർട്ടേഴ്സിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം മാനന്തവാടി മെഡിക്കൽ…

    കാട്ടാന ശല്യം: വനം വകുപ്പും സർക്കാരും അനങ്ങാപ്പാറ നയം തിരുത്തണമെന്ന് നാട്ടുകാർ

    Spread the love

    Spread the love    പനമരം പുൽപള്ളി പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന വട്ടവയൽ, കല്ലുവയൽ, നീർവാരം, അമ്മാനി, പാതിരിയമ്പം പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന വന്യമൃഗ ശല്യവുമായി ബന്ധപ്പെ ഒട്ടേറെ പരാതികൾ നല്കപ്പെട്ടിട്ടുണ്ടങ്കിലും പ്രശ്നപരിഹാരത്തിനാവശ്യമായ ഇടപെടലുകൾ ഇതുവരെ ഉണ്ടായിട്ടില്ല എന്നത് ഖേദകരമാണ്.   2023 ൽ…

    Leave a Reply

    Your email address will not be published. Required fields are marked *