മുത്തങ്ങ വനത്തില്‍ ഭൂസമരം നടത്തിയ ആദിവാസികള്‍ നേരിട്ട പൊലീസ് അതിക്രമത്തിന് മാപ്പില്ലെന്ന് ആദിവാസി ഗോത്ര മഹാസഭ സ്ഥാപക അധ്യക്ഷ സി.കെ.ജാനു. മുത്തങ്ങ സംഭവത്തില്‍ വേദനയുണ്ടെന്നു മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ.കെ. ആന്റണി പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു ജാനു.
‘‘ജനിച്ച മണ്ണില്‍ ജീവിക്കാനും മരിച്ചുകഴിഞ്ഞാല്‍ മറവു ചെയ്യുന്നതിനുള്ള ആറടി മണ്ണിനും വേണ്ടിയുള്ള സമരമാണു മുത്തങ്ങയില്‍ നടന്നത്. എന്നാൽ പൊലീസിന്റെ നരനായാട്ടാണു വനത്തിലുണ്ടായത്. കുഞ്ഞുങ്ങളെന്നോ സ്ത്രീകളെന്നോ പ്രായം ചെന്നവരെന്നോ വ്യത്യാസമില്ലാതെയായിരുന്നു പൊലീസ് നടപടി. കല്ലെറിയുമ്പോള്‍ തേനീച്ചക്കൂട് ഇളകിവന്ന് ആക്രമിക്കുന്നതുപോലെയാണു പൊലീസുകാര്‍ ആദിവാസികളെ കൂട്ടം ചേര്‍ന്ന് നേരിട്ടത്. അടി, ഇടി, ചവിട്ട്, തൊഴി ഇതൊക്കെ എവിടെനിന്നൊക്കെയാണ് വരുന്നതെന്നു കാണാന്‍പോലും കഴിയുമായിരുന്നില്ല.
ഇതിന് എങ്ങനെ മാപ്പുനല്‍കാന്‍ കഴിയും. ഇപ്പോഴും ഭൂമി ആദിവാസികൾക്ക് ലഭിച്ചിട്ടില്ല. അതിന് പരിഹാരം ലഭിച്ചാലേ മാപ്പ് നൽകാൻ കഴിയൂ. പൊലീസ് മര്‍ദനത്തില്‍ പരിക്കേറ്റ താൻ മൂന്നു മാസത്തോളം ചികിത്സയിലായിരുന്നു. സാധാരണ മനുഷ്യരെപ്പോലെ ഭക്ഷണം കഴിക്കാന്‍പോലും പറ്റാത്ത സ്ഥിതിയായിരുന്നു. മുത്തങ്ങയില്‍ നടന്നതു നടന്നതുതന്നെയാണ്. അത് മാപ്പുപറഞ്ഞ് തീര്‍ക്കാവുന്നതല്ല. മുത്തങ്ങ സമരത്തില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ക്കു രാഷ്ട്രീയ പരിഹാരം ഉണ്ടാകണം. മുത്തങ്ങയിലെ വെടിവയ്പ് ഒഴിവാക്കാന്‍ കഴിയുമായിരുന്നു’’– ജാനു പറഞ്ഞു.
ജാനുവിന്റെയും ആദിവാസി ഗോത്രമഹാസഭ കോ ഓര്‍ഡിനേറ്റര്‍ എം.ഗീതാനന്ദന്റെയും നേതൃത്വത്തിലായിരുന്നു വയനാട് വന്യജീവി സങ്കേതത്തിന്റെ ഭാഗമായ മുത്തങ്ങ വനത്തില്‍ 2003 ജനുവരി നാലിന് ആരംഭിച്ച് ഫെബ്രുവരി 19 വരെ നീണ്ട ഭൂസമരം നടന്നത്. മുത്തങ്ങ ഭൂസമരവുമായി ബന്ധപ്പെട്ട കേസുകളില്‍ മൂന്നെണ്ണം ഇനിയും തീര്‍പ്പായിട്ടില്ല. ഭൂസമരത്തിനിടെ വനത്തിലുണ്ടായ തീപിടിത്തവും വനപാലകരെ ബന്ദികളാക്കലും, വനം കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ പൊലീസുകാരെ ആക്രമിച്ച് പരുക്കേല്‍പ്പിക്കല്‍, പൊലീസുകാരന്‍ കെ. വിനോദിന്റെ മരണം എന്നിവയുമായി ബന്ധപ്പെട്ട കേസുകളാണ് തുടരുന്നത്.
കൊച്ചിയില്‍ വിചാരണയ്ക്കു ഹാജരാകുന്നതില്‍ ആദിവാസികള്‍ നേരിടുന്ന പ്രയാസങ്ങള്‍ കണക്കിലെടുത്ത് കേസുകള്‍ വയനാട് സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്നതിനു ഹൈക്കോടതി ചീഫ് ജസ്റ്റിസിനു അപേക്ഷ നല്‍കാന്‍ സിബിഐ കോടതി ഗോത്രമഹാസഭ നേതൃത്വത്തിനു നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗോത്രമഹാസഭ 2015 സെപ്റ്റംബര്‍ 26ന് നല്‍കിയ അപേക്ഷയിലാണ് 2016ല്‍ രണ്ടു കേസുകള്‍ വയനാട്ടിലേക്ക് മാറ്റിയത്. സമരം നടന്ന് രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും ജില്ലയിലെ ആദിവാസി ഭൂപ്രശ്നത്തിനു പൂര്‍ണ പരിഹാരമായില്ല. ജില്ലയില്‍ നിരവധി ആദിവാസി കുടുംബങ്ങള്‍ ഭൂരഹിതരായി തുടരുകയാണ്.








