അമ്മയുടെ നെഞ്ചോടൊട്ടിക്കിടന്നു താരാട്ടുകേട്ട് ഉറക്കത്തിലേക്കു വീഴുമ്പോൾ ആ മൂന്നു വയസ്സുകാരി അറിഞ്ഞിരുന്നില്ല അത് അവളുടെ അവസാനത്തെ താരാട്ടുപാട്ടാണെന്ന്. തോളിൽ ഉറങ്ങിക്കിടന്ന അവളുമായി നടക്കാനിറങ്ങിയ അമ്മ അവളെ തടാകത്തിലേക്കെറിഞ്ഞു കൊന്നു. ഒപ്പം താമസിക്കുന്ന പങ്കാളിക്ക് അവളെ ഇഷ്ടമല്ല എന്നതിനാൽ ഒഴിവാക്കാൻ അമ്മ കണ്ടെത്തിയ വഴിയായിരുന്നു കൊലപാതകം. കുഞ്ഞിനെ കൊന്നതിന് അഞ്ജലി (28) എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
രാജസ്ഥാനിലെ അജ്മേറിലാണ് സംഭവം. ചൊവ്വാഴ്ച രാത്രി പട്രോളിങ്ങിനിറങ്ങിയ പൊലീസ് സംഘം വഴിയിൽ സംശയകരമായ സാഹചര്യത്തിൽ ഒരു യുവാവിനെയും യുവതിയെയും കണ്ടതാണ് കുറ്റകൃത്യം ചുരുളഴിയാൻ കാരണം. വിവരമന്വേഷിച്ച പൊലീസ് സംഘത്തോട്, തന്റെ മൂന്നുവയസ്സുകാരി മകളെ കാണാനില്ലെന്നു യുവതി പറഞ്ഞു. അവൾ വീട്ടിൽനിന്നു തനിക്കൊപ്പം ഇറങ്ങിയതാണെന്നും പിന്നീടു കാണാതായെന്നുമാണ് അഞ്ജലി പറഞ്ഞത്. ഒപ്പമുണ്ടായിരുന്നത് അവളുടെ പങ്കാളി അൽകേഷ് ആയിരുന്നു. പൊലീസ് അന്വേഷണം തുടങ്ങി.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അഞ്ജലി രാത്രിയിൽ കുഞ്ഞുമായി നഗരത്തിലെ ആനാ സാഗർ തടാകത്തിനു സമീപത്തേക്കു പോകുന്നതു കണ്ടു. ഏതാനും മണിക്കൂറുകൾ കഴിഞ്ഞ്, പുലർച്ചെ ഒന്നരയോടെ തിരിച്ചുവന്നപ്പോൾ കയ്യിൽ കുട്ടിയുണ്ടായിരുന്നില്ല. ഫോണിൽ സംസാരിച്ചുകൊണ്ടാണ് മടങ്ങിവന്നത്. അതു കണ്ട പൊലീസിനു സംശയം തോന്നി. അടുത്ത ദിവസം രാവിലെ തടാകത്തിൽനിന്ന് പൊലീസ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. കൂടുതൽ ചോദ്യം ചെയ്തപ്പോൾ, കുഞ്ഞിനെ താൻ കൊന്നതാണെന്ന് അഞ്ജലി സമ്മതിച്ചു. പങ്കാളിക്ക് കുഞ്ഞിനെ ഇഷ്ടമല്ലെന്നും അതിന്റെ പേരിൽ വഴക്കു പതിവായിരുന്നെന്നും കുഞ്ഞിനെ ഒഴിവാക്കാനാണ് കൊന്നതെന്നുമായിരുന്നു കുറ്റസമ്മതം. അൽകേഷിന് ഇതിനെപ്പറ്റി അറിയില്ലായിരുന്നെന്നും പുലർച്ചെ കുഞ്ഞിനെ കാണാതായെന്നാണ് അയാളെ അറിയിച്ചതെന്നും പൊലീസ് കണ്ടെത്തി.
ഉത്തർപ്രദേശിലെ വാരാണസി സ്വദേശിയായ അഞ്ജലി ഭർത്താവിൽനിന്നു പിരിഞ്ഞ് കാമുകനൊപ്പം താമസിക്കാൻ അജ്മേറിലെത്തിയതാണ്. ഒരു ഹോട്ടലിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.







