ആഗ്ര∙ 18മാസം മുൻപ് നടന്ന കൊലപാതക കേസിൽ പ്രതിയെ പിടികൂടി പൊലീസ്. ആഗ്രയിലാണ് ഒന്നര വർഷം മുൻപ് നടന്ന യുവാവിന്റെ കൊലപാതകത്തിൽ പ്രതിയെ പൊലീസ് പിടികൂടിയത്. മകളുടെ അശ്ലീല ചിത്രങ്ങൾ പകർത്തി ബ്ലാക്ക് മെയിലിങ് നടത്തിയ രാകേഷ് സിങിനെയാണ് പിതാവ് ദേവിറാമിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഡ്രമ്മിൽ ഇട്ട് കത്തിച്ച നിലയിലായിരുന്നു മൃതദേഹം. ഡിഎൻഎ പരിശോധനയുടെ അടിസ്ഥാനത്തിലാണ് കൊല്ലപ്പെട്ടത് രാകേഷ് ആണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ഒന്നര വർഷം നീണ്ട അന്വേഷണത്തിനൊടുവിൽ ദേവിറാമിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ആഗ്ര–ഗ്വാളിയർ റോഡിൽ കബൂൽപുരിൽ ഒരു ഹൽവായ് (മധുരപലഹാരം) കട നടത്തുകയായിരുന്നു ദേവിറാം. പ്രദേശവാസിയായ രാകേഷ് സിങ് എന്ന യുവാവ് ദേവിറാമിന്റെ മകൾ കുളിക്കുന്ന ദൃശ്യം രഹസ്യമായി പകർത്തുകയും തുടർന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പെൺകുട്ടി ഇക്കാര്യം പിതാവായ ദേവിറാമിനോട് പറഞ്ഞു. വൈകാതെ മകൾക്ക് രാകേഷിനെ നേരിട്ട് കാണാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് 2024 ഫെബ്രുവരി 15ന് ദേവിറാം രാകേഷിനെ തന്റെ കടയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
ഇവിടെ വച്ച് ദേവിറാം രാകേഷിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തുടർന്ന് മൃതദേഹം തന്റെ അനന്തരവന്റ സഹായത്തോടെ ഡ്രമ്മിലിട്ട് കത്തിക്കുകയായിരുന്നു. നദിയിൽ വീണ് മരിച്ചതാണെന്ന് വരുത്തിതീർക്കാൻ രാകേഷിന്റെ വാഹനം നദിക്കരയിൽ ഉപേക്ഷിക്കുകയും ചെയ്തു. പകുതി കത്തിയ നിലയിൽ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം ആദ്യഘട്ടത്തിൽ ആരുടേതാണെന്ന് തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. ഇതിനിടെ രാകേഷിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പരാതി നൽകുകയും തുടർന്ന് ഡിഎൻഎ പരിശോധനയുടെ അടിസ്ഥാനത്തിൽ മരിച്ചത് രാകേഷാണെന്ന് പൊലീസ് സ്ഥിരീകരിക്കുകയും ആയിരുന്നു.
വൈകാതെ രാകേഷും ദേവിറാമും തമ്മിൽ നടത്തിയ ഫോൺവിളികളുടെ രേഖകൾ പരിശോധിച്ച പൊലീസ് പ്രതി ദേവിറാം ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇതിനിടെ രാകേഷിന്റെ പിതാവ് ദേവിറാമിന്റെ മകളുമായി ബന്ധപ്പെട്ട വിഡിയോയെ കുറിച്ച് രാകേഷിന് അറിവുള്ളതായും പൊലീസിന് മൊഴി നൽകി. ഇതോടെയാണ് പ്രതി ദേവിറാം ആണെന്ന് പൊലീസ് ഉറപ്പിച്ചത്. കൊലപാതകത്തിന് സഹായിച്ച ദേവിറാമിന്റെ അനന്തരവൻ നൃത്യ കിഷോറിനെ പൊലീസ് തിരയുകയാണ്.








