കോയിപ്രം ചരൽകുന്നിലെ യുവദമ്പതിമാർ യുവാക്കളെ ക്രൂരമായി മർദിച്ച സംഭവത്തിൽ ട്വിസ്റ്റോട് ട്വിസ്റ്റ്. ഹണിട്രാപ്പിൽ കുടുക്കി യുവാക്കളെ മർദിച്ചെന്നരീതിയിലാണ് സംഭവവുമായി ബന്ധപ്പെട്ട് ആദ്യംവിവരങ്ങൾ പുറത്തുവന്നത്. എന്നാൽ, മണിക്കൂറുകൾക്കുള്ളിൽ സംഭവത്തിന്റെ മറ്റൊരുചിത്രമാണ് തെളിയുന്നത്. മർദനമേറ്റവർക്ക് രണ്ടാംപ്രതിയായ രശ്മിയുമായി ബന്ധമുണ്ടായിരുന്നു. ഇതിന്റെ പ്രതികാരമായാണ് രശ്മിയും ഭർത്താവ് ജയേഷും ഇരുവരെയും വിളിച്ചുവരുത്തി ക്രൂരമായി മർദിച്ചതെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്നവിവരം. ജയേഷും രശ്മിയും നിലവിൽ പോലീസിന്റെ കസ്റ്റഡിയിലാണ്. ഞായറാഴ്ച വൈകിട്ടോടെ ജയേഷിനെ ചരൽകുന്നിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. അതേസമയം, കേസിന്റെ കൂടുതൽ വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
കേസ് വന്ന വഴി…
റാന്നി, ആലപ്പുഴ സ്വദേശികളായ യുവാക്കളാണ് ജയേഷിന്റെയും രശ്മിയുടെയും ക്രൂരമർദനത്തിനിരയായത്. സെപ്റ്റംബർ ഒന്നാം തീയതിയായിരുന്നു ആലപ്പുഴ സ്വദേശിയെ ദമ്പതിമാർ വീട്ടിൽ വിളിച്ചുവരുത്തി മർദിച്ചത്. സെപ്റ്റംബർ അഞ്ചാംതീയതി റാന്നി സ്വദേശിയെയും വീട്ടിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ റാന്നി സ്വദേശി പിന്നീട് ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് സംഭവം പുറത്തറിയുന്നത്. എന്നാൽ, യുവദമ്പതിമാരുടെ ഭീഷണിയെത്തുടർന്ന് റാന്നി സ്വദേശി ആദ്യം പോലീസിനോട് പറഞ്ഞത് മറ്റൊരു മൊഴിയായിരുന്നു. കോഴഞ്ചേരിയിലുള്ള തന്റെ കാമുകിയുടെ ബന്ധുക്കളാണ് മർദനത്തിന് പിന്നിലെന്നായിരുന്നു പരാതിക്കാരന്റെ ആദ്യമൊഴി. ഇതനുസരിച്ച് പോലീസ് ഇവർക്കെതിരേ കേസെടുക്കുകയുംചെയ്തു.
എന്നാൽ, അന്വേഷണം നടത്തിയപ്പോഴാണ് റാന്നി സ്വദേശി നൽകിയ മൊഴികളിൽ വാസ്തവമില്ലെന്ന് തെളിഞ്ഞത്. അന്വേഷണത്തിന്റെ ഭാഗമായി ഇയാളുടെ കാമുകിയിൽനിന്നും പോലീസ് വിവരങ്ങൾ ശേഖരിച്ചു. കാമുകിയാണ് ജയേഷും രശ്മിയും തന്നെ കാണാൻവന്ന കാര്യം പോലീസിനോട് വെളിപ്പെടുത്തിയത്. റാന്നി സ്വദേശിക്ക് രശ്മിയുമായി അവിഹിതബന്ധമുണ്ടെന്നും അതിനാൽ പ്രണയത്തിൽനിന്ന് പിന്മാറണമെന്നുമാണ് ദമ്പതിമാർ അയാളുടെ കാമുകിയോട് പറഞ്ഞത്. റാന്നി സ്വദേശിയാണ് ഇക്കാര്യം പറയാൻ തങ്ങളെ പറഞ്ഞയച്ചതെന്നും ഇത് പറഞ്ഞാൽ റാന്നി സ്വദേശിയുടെ കൈവശമുള്ള രശ്മിയുടെ സ്വകാര്യവീഡിയോകൾ തിരികെതരാമെന്നാണ് പറഞ്ഞിട്ടുള്ളതെന്നും ജയേഷും രശ്മിയും ഇവരോട് പറഞ്ഞിരുന്നു. ഇതോടെയാണ് പോലീസ് അന്വേഷണം യുവദമ്പതിമാരിലേക്ക് നീങ്ങിയത്. തുടർന്ന് പരാതിക്കാരനിൽനിന്ന് വീണ്ടും മൊഴിയെടുത്തപ്പോൾ മർദിച്ചത് ജയേഷും രശ്മിയുമാണെന്ന് ഇയാൾ സമ്മതിക്കുകയുംചെയ്തു. ഇതിനുപിന്നാലെ ദമ്പതിമാരെ പ്രതിചേർത്ത് പോലീസ് കേസെടുക്കുകയും രണ്ടുപേരെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ജയേഷിന്റെ പ്രതികാരം, ക്രൂരമർദനം…
റാന്നി സ്വദേശിക്കും ആലപ്പുഴ സ്വദേശിക്കും രശ്മിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ഇരുവരെയും ആക്രമിക്കാൻ ജയേഷ് പദ്ധതിയിട്ടതെന്നാണ് നിലവിലെ സൂചന. യുവാക്കളിലൊരാളുടെ കൈവശം രശ്മിയുമായുള്ള സ്വകാര്യദൃശ്യങ്ങളുണ്ടെന്നും ജയേഷിന് സംശയമുണ്ടായിരുന്നു. ഇതോടെ പക വർധിച്ചു. ഇതിനിടെ രശ്മി എല്ലാകാര്യങ്ങളും ജയേഷിനോട് സമ്മതിച്ചു, ക്ഷമചോദിച്ചു. ഇതിനുപിന്നാലെ രണ്ടുപേരെയും തനിക്ക് ഇവിടെകിട്ടണമെന്ന് ജയേഷ് രശ്മിയോട് പറഞ്ഞു. തുടർന്നാണ് രശ്മിയെ ഉപയോഗിച്ച് രണ്ടുപേരെയും വ്യത്യസ്തദിവസങ്ങളിലായി വീട്ടിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദിച്ചത്.
മർദനമേറ്റ റാന്നി സ്വദേശിയും ആലപ്പുഴ സ്വദേശിയും ബന്ധുക്കളാണ്. സെപ്റ്റംബർ ഒന്നാംതീയതിയാണ് ആലപ്പുഴ സ്വദേശിയെ ചരൽകുന്നിലെ വീട്ടിലേക്ക് വിളിച്ചുവരുത്തി മർദിച്ചത്. സെപ്റ്റംബർ അഞ്ചാംതീയതിയായിരുന്നു റാന്നി സ്വദേശിക്ക് നേരേയുള്ള ആക്രമണം. ജയേഷും റാന്നി സ്വദേശിയും ഒരുമിച്ച് ജോലിചെയ്തിരുന്നവരാണ്. തിരുവോണദിവസം തന്റെ വീട്ടിൽ കൂടാമെന്ന് പറഞ്ഞാണ് ജയേഷും രശ്മിയും റാന്നി സ്വദേശിയെ വിളിച്ചുവരുത്തിയത്. എന്നാൽ, വീട്ടിലെത്തിയതിന് പിന്നാലെ കുരുമുളക് സ്പ്രേ അടിച്ച് മർദനം ആരംഭിച്ചു. കൈകാലുകൾ കൂട്ടിക്കെട്ടി കെട്ടിത്തൂക്കി. നഖം പിഴുതെടുക്കാൻശ്രമിച്ചു. വീട്ടിലുണ്ടായിരുന്ന ഇരുമ്പ് വടി, പൈപ്പ് റെഞ്ചർ, സൈക്കിൾ ചെയിൻ എന്നിവ ഉപയോഗിച്ചെല്ലാം മർദനം തുടർന്നു. രശ്മി ഓരോ ആയുധവും എടുത്തുകൊടുക്കുകയും ജയേഷ് ഇത് ഉപയോഗിച്ച് മർദിക്കുകയുമായിരുന്നു. മർദനത്തിന്റെ ദൃശ്യങ്ങളെല്ലാം രശ്മി മൊബൈൽഫോണിൽ പകർത്തുകയുംചെയ്തു. ഇതിനുശേഷം വിരലുകളിൽ മൊട്ടുസൂചി അടിച്ചുകയറ്റി. പരാതിക്കാരന്റെ ജനനേന്ദ്രിയും വലിച്ചുപിടിച്ച് ഇതിൽ 23 തവണ സ്റ്റാപ്ലർകൊണ്ട് പിന്നടിച്ചും ക്രൂരത തുടർന്നു.
മർദനമേറ്റ് അവശനായ റാന്നി സ്വദേശിയെ ജയേഷും രശ്മിയും ചേർന്ന് സ്കൂട്ടറിലിരുത്തിയാണ് വീട്ടിൽനിന്ന് പുറത്തേക്ക് കൊണ്ടുപോയത്. പരാതിക്കാരനെ നടുവിലിരുത്തിയായിരുന്നു സ്കൂട്ടർ യാത്ര. തുടർന്ന് റോഡരികിൽ ഉപേക്ഷിച്ചു. ആരെങ്കിലും ചോദിക്കുകയാണെങ്കിൽ കാമുകിയുടെ ബന്ധുക്കൾ മർദിച്ചെന്ന് പറയണമെന്നും ദമ്പതിമാർ പരാതിക്കാരനെ ഭീഷണിപ്പെടുത്തി.
കട്ടിലിൽ കിടത്തി അഭിനയിപ്പിച്ചു, ഭീഷണി; ദുരൂഹജീവിതം
ക്രൂരമർദനം പുറത്തറിയാതിരിക്കാൻ ദമ്പതിമാർ യുവാക്കളെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് രശ്മിക്കൊപ്പം കട്ടിലിൽ കിടത്തി ലൈംഗികബന്ധത്തിലേർപ്പെടുന്നത് പോലെയുള്ള ദൃശ്യങ്ങളും ചിത്രീകരിച്ചത്. സംഭവം പുറത്തറിഞ്ഞാൽ ഈ ദൃശ്യങ്ങൾ പുറത്തുവരുമെന്നും മർദനമേറ്റവർ ഭയന്നു. ഈ ദൃശ്യങ്ങളും യുവാക്കളെ മർദിക്കുന്നതിന്റെ നിരവധി ദൃശ്യങ്ങളും ജയേഷിന്റെ ഫോണിൽ രഹസ്യഫോൾഡറിലാക്കി സൂക്ഷിച്ചിട്ടുണ്ടെന്നാണ് സൂചന. അതിനിടെ, സംഭവം ആഭിചാരത്തിന്റെ ഭാഗമായെന്ന് വരുത്തിതീർക്കാനും ജയേഷ് ശ്രമിച്ചതായി സൂചനയുണ്ട്. ഇതിനാണ് വീട്ടിൽ ചില വിഗ്രഹങ്ങളും മറ്റുചില വസ്തുക്കളും സൂക്ഷിച്ചതെന്നും കരുതുന്നു.
അതേസമയം, ജയേഷിന്റെയും രശ്മിയുടെയും ജീവിതം അടിമുടി ദുരൂഹമാണെന്ന് നാട്ടുകാർ ആരോപിച്ചു. ഇരുവരും ആരുമായി സഹകരിക്കാറില്ലെന്നും കണ്ടാൽ മിണ്ടുകപോലുമില്ലെന്നും നാട്ടുകാർ പറഞ്ഞു. ദമ്പതിമാരുടെ രണ്ടുമുറികളും അടുക്കളയുമുള്ള ചെറിയവീട്ടിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു. ആഭിചാരക്രിയകൾ സംശയിക്കുന്നതായും നാട്ടുകാർ ആരോപിച്ചു.
”അവർ ആരോടും സഹകരണമില്ല. കടയിൽ പോകും വരും. വീടിന്റെ ഒരുഭാഗം പൂജാമുറി പോലെയാണ്. പകലൊന്നും ആരും ഇവിടെ കാണില്ല”, അയൽക്കാരിലൊരാളായ സ്ത്രീ പ്രതികരിച്ചു.
ജയേഷിന്റെ അമ്മയും അച്ഛനും മരിച്ചെന്നും അവരുണ്ടായിരുന്ന സമയത്ത് ചില ആഭിചാരക്രിയകൾ നടന്നിട്ടുണ്ടെന്നും മറ്റൊരുസ്ത്രീയും പറഞ്ഞു. ”ഒരിക്കൽ ജയേഷിന്റെ അമ്മ എന്റെ മരുമകനെ ഹാളിൽ പായവിരിച്ച് കിടത്തി. കൂടെ മരുമകളും ഉണ്ട്. ഇത് കണ്ടാണ് ഞാൻ വീട്ടിലെത്തിയത്. എന്താണിതെന്ന് ചോദിച്ചപ്പോൾ ബാധകൂടിയത് ഒഴിപ്പിക്കുകയാണെന്ന് പറഞ്ഞു. അപ്പോൾ തന്നെ മകനോട് എഴുന്നേൽക്കാൻ പറഞ്ഞു. ഇനി ഇങ്ങനത്തെ പരിപാടിയുമായി ഇവിടെ വരരുതെന്നും പറഞ്ഞു. അതിനുശേഷം ജയേഷിന്റെ അമ്മയോട് ഞാൻ മിണ്ടിയിട്ടില്ല”, അയൽക്കാരി പറഞ്ഞു. രശ്മി പഞ്ചപാവം പോലെ ആയിരുന്നെന്നും മിണ്ടാപ്പൂച്ചയെ പോലെ ആണെന്നുമായിരുന്നു മറ്റുചില സ്ത്രീകളുടെ അഭിപ്രായം.








