ചെന്നൈ ∙ നടി നയൻതാരയുടെ വിവാഹ വിശേഷങ്ങൾ ചേർത്തൊരുക്കിയ ‘ബിയോണ്ട് ദ് ഫെയറി ടെയ്‌ൽ’ ഡോക്യുമെന്ററി വീണ്ടും നിയമക്കുരുക്കിലേക്ക്. നെറ്റ്‌ഫ്ലിക്സ് പുറത്തിറക്കിയ ഡോക്യുമെന്ററിയിൽ അനുമതിയില്ലാതെ ചന്ദ്രമുഖി സിനിമയുടെ അണിയറ ദൃശ്യങ്ങൾ ഉപയോഗിച്ചെന്ന് ആരോപിച്ചു സിനിമയുടെ അവകാശികളായ എബി ഇന്റർനാഷനൽ നൽകിയ കേസിൽ ഡോക്യുമെന്ററി ഒരുക്കിയ ടാർക് സ്റ്റുഡിയോസിനോട് മറുപടി നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു.
വിഷയം കോടതിക്കു പുറത്തു തീർക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നു ടാർക് അവകാശപ്പെട്ടെങ്കിലും ഇത്തരത്തിലൊരു നീക്കമില്ലെന്ന് എബി ഇന്റർനാഷനൽ വ്യക്തമാക്കി. ഇതോടെയാണു കൃത്യമായ മറുപടി നൽകാൻ കോടതി ആവശ്യപ്പെട്ടത്. 2005ൽ റിലീസ് ചെയ്ത ചന്ദ്രമുഖിയിൽ രജനികാന്തിന്റെ നായികയായാണു നയൻതാര അഭിനയിച്ചത്. ദൃശ്യങ്ങൾ ഉപയോഗിച്ചതിനു 5 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം.
നാനും റൗഡി താൻ’ എന്ന സിനിമയിലെ ചില ദൃശ്യങ്ങൾ ഉപയോഗിച്ചതിന്റെ പേരിൽ നടൻ ധനുഷ് നിയമനടപടി സ്വീകരിച്ചതിനു പിന്നാലെയാണു ചന്ദ്രമുഖി സിനിമയുടെ നിർമാതാക്കളും നയൻതാരയ്ക്കും നെറ്റ്ഫ്ലിക്സിനുമെതിരെ നോട്ടിസ് അയച്ചത്. ധനുഷുമായുള്ള കേസിൽ കോടതിയിൽ വാദം പുരോഗമിക്കുകയാണ്. നയൻതാരയുടെ ജന്മദിനമായ നവംബർ 18നാണു ഡോക്യുമെന്ററി റിലീസ് ചെയ്തത്.







