കോടതിയോട് വിഷം നൽകാൻ ആവശ്യപ്പെട്ട് ജയിലിലടയ്ക്കപ്പെട്ട കന്നഡ നടൻ ദർശൻ. സൂര്യപ്രകാശം കണ്ടിട്ട് ദിവസങ്ങളായി എന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു. രേണുകാസ്വാമി കൊലപാതകക്കേസിലെ വാദം കേൾക്കുന്നതിനിടെ വിഡിയോ കോൺഫറൻസിങ് വഴി സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയിൽ ഹാജരായ ദർശൻ തന്റെ കൈകളിൽ ഫംഗസ് ബാധിച്ചതായും പറഞ്ഞു.
തന്റെ വസ്ത്രങ്ങളിൽ ദുർഗന്ധം വമിക്കുന്നുണ്ട്. ജയിലിൽ ഗുരുതരമായ പ്രശ്നങ്ങളാണ് നേരിടുന്നത് എന്നും ദർശൻ പറഞ്ഞു. കുറ്റപത്രം സമർപ്പിക്കുന്നതിനായി കോടതി കേസ് സെപ്റ്റംബർ 19 ലേക്ക് മാറ്റി. കർണാടക ഹൈക്കോടതി നടനു നൽകിയ ജാമ്യം സുപ്രീം കോടതി കഴിഞ്ഞ മാസം റദ്ദാക്കിയിരുന്നു. ദർശനുമായി അടുപ്പമുണ്ടായിരുന്ന നടി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരിൽ ചിത്രദുർഗ സ്വദേശിയായ രേണുക സ്വാമിയെ കൊലപ്പെടുത്തിയ കേസിലാണ് ദർശൻ അറസ്റ്റിലായത്.
തുടർന്ന് 2024 ഒക്ടോബർ 30ന് കർണാടക ഹൈക്കോടതി ദർശനു ജാമ്യം അനുവദിക്കുകയായിരുന്നു. കാലിനു ശസ്ത്രക്രിയ നടത്താനായിരുന്നു ജാമ്യം. ദർശന് ബെംഗളൂരു ജയിലിൽ വിഐപി പരിഗണന നൽകുന്നത് വ്യക്തമാക്കുന്ന ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഗുണ്ടകൾക്കൊപ്പം പുറത്തെ കസേരയിലിരുന്ന് കയ്യിൽ സിഗരറ്റുമായി കാപ്പി കുടിച്ചു വിശ്രമിക്കുന്ന ദർശന്റെ ചിത്രങ്ങളാണ് പുറത്തായത്.







