മുംബൈ∙ നാവികസേന ഉദ്യോഗസ്ഥനായി വേഷം മാറിയെത്തിയ ആൾ നേവി റസിഡൻഷ്യൽ മേഖലയിൽനിന്ന് ആയുധവുമായി കടന്നു. ഇൻസാസ് റൈഫിളും വെടിയുണ്ടകളുമാണ് മോഷ്ടിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയർ ഉദ്യോഗസ്ഥനെ കബളിപ്പിച്ചാണ് മോഷണം നടത്തിയത്.
ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് പ്രതിരോധവൃത്തങ്ങൾ അറിയിച്ചു. പോസ്റ്റിൽ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ജൂനിയർ ഉദ്യോഗസ്ഥനെ നേവി യൂണിഫോം ധരിച്ച ആൾ സമീപിച്ച് ഡ്യൂട്ടി കൈമാറാന്‍ ആവശ്യപ്പെട്ടു. പകരക്കാരനായി സുരക്ഷാ ചുമതലയ്ക്ക് എത്തിയതാണെന്ന് അറിയിച്ചതോടെ ജൂനിയർ ഉദ്യോഗസ്ഥൻ ആയുധവും വെടിയുണ്ടകളും കൈമാറി മടങ്ങി. പകരക്കാരനെന്ന പേരിൽ എത്തിയ ഉദ്യോഗസ്ഥനെ പിന്നീട് കാണാതായതോടെയാണ് ആൾമാറാട്ടം വ്യക്തമായത്.
ആയുധങ്ങൾക്കായി മുംബൈ പൊലീസും നേവിയും സംയുക്തമായി തിരച്ചിൽ നടത്തുകയാണെന്ന് പിആർഒ അറിയിച്ചു. വിഷയത്തെക്കുറിച്ച് പരിശോധിക്കാൻ അന്വേഷണ സമിതി രൂപീകരിച്ചു. മറ്റു സർക്കാർ ഏജൻസികളും നേവിയുമായി സഹകരിച്ച് അന്വേഷണം നടത്തുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. അജ്ഞാതന് ആയുധം കൈമാറിയ നേവി ഉദ്യോഗസ്ഥനെയും ചോദ്യം ചെയ്യുന്നുണ്ട്. ഗുരുതര സുരക്ഷാവീഴ്ച സംഭവിച്ചതായാണ് പ്രാഥമിക നിഗമനം.







