ജോലി ചെയ്യുമ്പോൾ അത്യാവശ്യത്തിന് അവധി ലഭിക്കാത്ത അവസ്ഥ പലരും നേരിടാറുണ്ട്. പലപ്പോഴും ഇത്തരത്തിലുള്ള മാനസിക സമ്മർദങ്ങൾക്കിടയിലും ജോലി ചെയ്യാൻ നിർബന്ധിതരാകാറുണ്ട്. ഇപ്പോഴിതാ സഹോദരന്റെ വിവാഹത്തിന് അവധി അനുവദിക്കാത്തതിനെ തുടർന്ന് ജോലി രാജിവച്ച അനുഭവം പങ്കുവയ്ക്കുകയാണ് ഒരു യുവതി. സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി 15 ദിവസത്തെ അവധി അനുവദിക്കണമെന്ന് നേരത്തെ തന്നെ കമ്പനിയോട് ആവശ്യപ്പെട്ടെങ്കിലും കമ്പനി തികച്ചും മനുഷ്യത്വരഹിതമായാണ് പെരുമാറിയതെന്ന് യുവതി സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നു. സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കണമെങ്കിൽ ജോലി രാജിവയ്ക്കാമെന്നായിരുന്നു കമ്പനിയുടെ നിലപാടെന്നും യുവതി പറയുന്നു.
‘യുഎസിലേക്കു പോകുന്നതിനായി 15 ദിവസത്തെ അവധി അനുവദിക്കണമെന്ന് മൂന്നാഴ്ച മുൻപു തന്നെ ഞാൻ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കാതിരിക്കാം, അല്ലെങ്കിൽ ജോലി രാജിവയ്ക്കാമെന്നായിരുന്നു കമ്പനി എടുത്ത നിലപാട്.’– യുവതി സമൂഹമാധ്യമത്തിൽ കുറിച്ചു. നാലു വർഷമായി ഈ കമ്പനിയിൽ ജോലി ചെയ്യുകയാണെന്നും ജോലിയില്ലെങ്കിലും അതിജീവിക്കുമെന്നും യുവതി കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
‘അധികമായി ജോലി ചെയ്തിട്ടുണ്ട്. പുതിയ ആളുകൾക്കു പരിശീലനം നൽകിയിട്ടുണ്ട്. കമ്പനിയുടെ മോശം സമയങ്ങളിൽ കുറഞ്ഞ ശമ്പളത്തിനു ജോലി ചെയ്തിട്ടുണ്ട്. സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കണമോ ജോലി രാജി വയ്ക്കണോ എന്ന ചോദ്യം കമ്പനിയുടെ ഭാഗത്തു നിന്നു വന്നപ്പോൾ അവിടെ നിന്ന് ഇറങ്ങാൻ തീരുമാനിച്ചു. കമ്പനിക്കു വേണ്ടി എല്ലാം നൽകി. അവർ മനസ്സിലാക്കുമെന്നു കരുതി. പക്ഷേ, അതുണ്ടായില്ല. അതുകൊണ്ടു തന്നെ രാജിയെ കുറിച്ചു ചിന്തിക്കുകയല്ലാതെ മറ്റുമാർഗമില്ല. ഈ തീരുമാനത്തിൽ തെറ്റുണ്ടോ.’– യുവതി പോസ്റ്റിൽ ചോദിച്ചു
സമൂഹമാധ്യമത്തിലെത്തി നിമിഷങ്ങൾക്കകം തന്നെ യുവതിയുടെ കുറിപ്പ് ശ്രദ്ധനേടി. നിരവധിപേരാണ് യുവതിയുടെ തീരുമാനത്തെ അനുകൂലിച്ചത്. ഇത്തരം കമ്പനിയേക്കാൾ പ്രാധാന്യം കുടുംബത്തിനാണ്. രാജിവയ്ക്കുന്നതു തന്നെയാണ് നല്ലതെന്നും പലരും കമന്റ് ചെയ്തു..








