യുഎസിൽ വിവാഹചടങ്ങിനിടെ വൻ മോഷണം. വിവാഹവേദിയിൽ നവദമ്പതിമാർക്ക് സമ്മാനമായി ലഭിച്ച പണവും ചെക്കുകളും സൂക്ഷിച്ചിരുന്ന ‘സമ്മാനപ്പെട്ടി’യാണ് അജ്ഞാതൻ കവർന്നത്. കാലിഫോർണിയയിലെ ഗ്ലെൻഡെയ്ലിൽ ഓഗസ്റ്റ് 30-നായിരുന്നു സംഭവം.
ജോർജ്-നദീൻ ഫറാഹത്ത് എന്നിവരുടെ വിവാഹചടങ്ങിനിടെയാണ് അതിഥിയെന്ന വ്യാജേന എത്തിയ ആൾ പണപ്പെട്ടിയുമായി കടന്നുകളഞ്ഞത്. വിവാഹവേദിയിൽനിന്ന് ഇയാൾ സമ്മാനപ്പെട്ടിയുമായി കടന്നുകളയുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. നവദമ്പതിമാർക്ക് വിവാഹസമ്മാനമായി ലഭിച്ച പണവും ചെക്കുകളും അടക്കം 80,000 ഡോളർ മുതൽ ഒരുലക്ഷം ഡോളർവരെ (ഏകദേശം 70 ലക്ഷം രൂപ മുതൽ 88 ലക്ഷം രൂപവരെ) സമ്മാനപ്പെട്ടിയിലുണ്ടാകുമെന്നാണ് കരുതുന്നത്. ഈ പണമാണ് വിവാഹചടങ്ങിന് ക്ഷണിക്കാതെ എത്തിയ ‘അതിഥി’ മോഷ്ടിച്ചത്.
വിവാഹവേദിയിൽനിന്നുള്ള മോഷ്ടാവിന്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. കഷണ്ടിയുള്ള ഇയാൾ മാന്യമായരീതിയിൽ കറുത്തനിറത്തിലുള്ള വസ്ത്രമാണ് അണിഞ്ഞിരുന്നത്. മോഷണത്തിന് മുൻപ് ഏകദേശം ഒന്നേകാൽ മണിക്കൂറോളം ഇയാൾ വിവാഹവേദിയിൽ ചെലവഴിച്ചിരുന്നു. വിവാഹവേദിയിൽ ഇയാൾ ചുറ്റിക്കറങ്ങുന്നതിന്റെയും പിന്നീട് ശൗചാലയത്തിൽ പോകുന്നതിന്റെയും മദ്യപിക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വിവാഹാഘോഷം കഴിയാറായവേളയിലാണ് പ്രതി സമ്മാനപ്പെട്ടി മോഷ്ടിച്ചത്. തുടർന്ന് വിവാഹവേദിയിൽനിന്ന് പുറത്തേക്ക് ഓടിയ ഇയാൾ പുറത്ത് കാത്തിരുന്ന ഒരു കാറിൽ കയറി രക്ഷപ്പെട്ടെന്നും മാധ്യമങ്ങളുടെ റിപ്പോർട്ടിലുണ്ട്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും മോഷ്ടാവിനെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. മോഷ്ടാവിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് നവദമ്പതിമാർ 5000 ഡോളർ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടെ, മോഷണം നടന്നെന്ന് മനസിലായതോടെ ആഘോഷപരിപാടികളെല്ലാം ഒരുനിമിഷം കൊണ്ട് നിലച്ചുപോയെന്ന് നവവധുവായ നദീൻ ഫറാഹാത് എബിസി ന്യൂസിനോട് പറഞ്ഞു. ”എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾ അറിഞ്ഞയുടൻ വേദിയിലെ സംഗീതംനിന്നു. എല്ലാം പെട്ടെന്ന് നിലച്ചു. ഞാൻ ഡാൻസ് ഫ്ളോറിൽ ഇരുന്ന് കരഞ്ഞു”, നദീൻ പറഞ്ഞു. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടദിവസം ഒരാൾ ഇങ്ങനെചെയ്തത് ഉൾക്കൊള്ളാൻ പ്രയാസമായെന്നും അവർ കൂട്ടിച്ചേർത്തു. എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾ അറിഞ്ഞിട്ടില്ലായിരുന്നുവെന്ന് നവവരനായ ജോർജും പ്രതികരിച്ചു. ആരെയും ആക്രമിക്കാതിരുന്നതിന് ദൈവത്തിന് നന്ദി. ഇങ്ങനെ സംഭവിച്ചെങ്കിലും ഞങ്ങളുടെ വിവാഹാഘോഷത്തിന്റെ പോസിറ്റീവ് കാര്യങ്ങളിലാണ് ഞങ്ങൾ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.








