കോർപ്പറേറ്റ് ജോലിവിട്ട് നീലഗിരിയിൽ കാട്ടില്‍ ഏകാന്തജീവിതം; കൊല്ലൂരിൽ മരിച്ചത് വന്യജീവി ഫോട്ടോഗ്രാഫർ

Spread the love

മംഗളൂരു: കൊല്ലൂരിൽ സൗപർണിക നദിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത് പ്രശസ്ത വന്യജീവി ഫോട്ടോഗ്രഫറെ. ബെംഗളൂരു സ്വദേശിനിയായ വസുധ ചക്രവർത്തി(45)യുടെ മൃതദേഹമാണ് കഴിഞ്ഞദിവസം സൗപർണിക നദിയിൽനിന്ന് കണ്ടെടുത്തത്.

 

ഓഗസ്റ്റ് 27-ന് ബെംഗളൂരുവിൽനിന്ന് കാറിൽ കൊല്ലൂരിലെത്തിയ വസുധയെ പിന്നീട് കാണാതാവുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പുഴയിൽ വീണെന്നവിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പുഴയിൽ നടത്തിയ തിരച്ചിലിലാണ് കഴിഞ്ഞദിവസം മൃതദേഹം കണ്ടെടുത്തത്.

 

വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ഫോട്ടോഗ്രാഫറായിരുന്നു വസുധ ചക്രവർത്തി. കാടുമായി ഇഴുകിച്ചേർന്നുള്ള അവരുടെ ജീവിതവും ഏറെ വ്യത്യസ്തമായിരുന്നു.

 

മാണ്ഡ്യയിലെ അയ്യങ്കാർ കുടുംബാംഗമായ വസുധ സ്വയം തിരഞ്ഞെടുത്തതായിരുന്നു കാട്ടിലെ ഏകാന്തവാസവും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയും. വമ്പൻ കോർപ്പറേറ്റ് ബാങ്കിലെ വലിയ ജോലി ഉപേക്ഷിച്ച് ബെംഗളൂരുവിലെ സുഖസൗകര്യങ്ങളിൽനിന്ന് വിട്ടൊഴിഞ്ഞ് തമിഴ്നാട്ടിലെ നീലഗിരിയിലേക്കാണ് വസുധ ജീവിതം പറിച്ചുനട്ടത്. മൈസൂർ-ഊട്ടി റോഡിൽനിന്ന് ഉള്ളോട്ടുള്ള കല്ലട്ടിക്കുന്നിലെ ഏക്കറുകണക്കിനുള്ള കാടിന് നടുവിലുള്ള ഒരു എസ്റ്റേറ്റിലായിരുന്നു വസുധ ദീർഘകാലം താമസിച്ചിരുന്നത്. കിക്ക് ബോക്സിങ് താരമായ വസുധ കരാട്ടെ ബ്ലാക്ക് ബെൽറ്റും നേടിയിരുന്നു.

 

ക്ലൗഡഡ് ലെപ്പേഡ്സിനെ പറ്റി കൊൽക്കത്തയിൽവെച്ച് കണ്ട ഒരു ഡോക്യുമെന്ററിയാണ് വസുധയുടെ ജീവിതം മാറ്റിമറിച്ചത്. അന്യമായിക്കൊണ്ടിരിക്കുന്ന ഒരു ജീവിവർഗ്ഗത്തിന്റെ അതിജീവനത്തിനുള്ള ശ്രമത്തിന്റെയും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന അതിന്റെ ആവാസവ്യവസ്ഥയുടേയും ചിത്രീകരണം അവരെ പിടിച്ചുലച്ചു. ബന്നാർഘട്ട ഉദ്യാനത്തിന്റെ ശിൽപ്പിയുമായ കൃഷ്ണ നാരായണനും വസുധയുടെ ജീവിതത്തിൽ വലിയ സ്വാധീനംചെലുത്തി. അങ്ങനെയാണ് ഊട്ടിയിലെ ലൈറ്റ് ആൻഡ് ഫോട്ടോഗ്രാഫിയിലെ പഠനശേഷം കാടാണ് തന്റെ വഴിയെന്ന് വസുധ ഉറപ്പിച്ചത്. കാട്ടിൽ ഒറ്റയ്ക്ക് ജീവിക്കാനുള്ള തീരുമാനത്തിന് കുടുംബത്തിൽനിന്ന് ആദ്യം ഞെട്ടലും എതിർപ്പും ഉണ്ടായി. പക്ഷേ, ആ പെൺകുട്ടിയുടെ തീരുമാനം മാറിയില്ല. അങ്ങനെ വസുധ നീലഗിരിയിലെ കല്ലട്ടിക്കുന്നിലെ എസ്റ്റേറ്റിൽ താമസം ആരംഭിച്ചു.

 

ജീപ്പിലും മോട്ടോർസൈക്കിളിലും ക്യാമറയും തൂക്കിയെത്തുന്ന വസുധ, ഊട്ടിയിലും മസിനഗുഡിയിലും മുതുമലയിലും ബന്ദിപ്പൂരിലുമുള്ള ആദിവാസികൾക്കിടയിൽ പ്രിയങ്കരിയായിരുന്നു. ഫോട്ടോഗ്രാഫിക്കൊപ്പം ആദിവാസികൾക്കുവേണ്ടിയും അവർ പ്രവർത്തനങ്ങൾ നടത്തി. ആദിവാസികളിൽനിന്നുള്ള ഓരോ അറിവുകളും വസുധ മനസിൽ സൂക്ഷിച്ചു.

 

കൊച്ചി രാജകുടുംബാംഗത്തിന്റെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റിലാണ് വസുധ കല്ലട്ടിക്കുന്നിൽ താമസിച്ചിരുന്നത്. പണത്തിന് ബുദ്ധിമുട്ടുണ്ടാകുമ്പോൾ ഊട്ടിയിൽ പോയി ടാക്സി ഓടിച്ചും മോഡലിങ് ഫോട്ടോഗ്രാഫി അസൈൻമെന്റുകൾ ഏറ്റെടുത്തും വസുധ പണം കണ്ടെത്തി. വി.കെ. പ്രകാശ് അടക്കമുള്ളവർക്കൊപ്പവും വസുധ പ്രവർത്തിച്ചിട്ടുണ്ട്.

 

നാലുഭാഗത്തുനിന്നും ഓടിയെത്തുന്ന കാട്ടാനകൾ, ഇരകാത്തിരിക്കുന്ന പുള്ളിപ്പുലി, കടുവ, വിഷപ്പാമ്പുകൾ, കരടികൾ അങ്ങനെ കാട്ടിലെ മിക്ക വന്യജീവികളും വസുധയുടെ ക്യാമറയിൽ പതിഞ്ഞിരുന്നു. ടെലിലെൻസ് ഇല്ലാതെ റിസ്കുള്ള ക്ലോസ് എൻകൗണ്ടേഴ്സായിരുന്നു വസുധയുടെ പതിവ്. ആനക്കൂട്ടങ്ങളുടെ അടുത്തേക്ക് പോകുമ്പോൾ ഉണങ്ങിയ ആനപ്പിണ്ഡം ദേഹത്താകെ വാരിത്തേച്ചാണ് പോയിരുന്നത്. പ്രത്യേകതരം ഇലച്ചാറ് ദേഹത്ത് തേച്ചാൽ വന്യമൃഗങ്ങൾ ആക്രമിക്കില്ലെന്നും വസുധ പറഞ്ഞിരുന്നു.

  • Related Posts

    ഓട്ടോ പിന്നോട്ട് ഉരുണ്ടു; പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിടെ തലയിടിച്ച് വീണ് ഡ്രൈവർ മരിച്ചു

    Spread the love

    Spread the loveകണ്ണൂർ ∙ മുണ്ടേരിയിൽ പിന്നോട്ടു ഉരുണ്ടു നീങ്ങിയ ഓട്ടോറിക്ഷ പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിടെ കാലിടറി തലയിടിച്ച് വീണ് ഡ്രൈവർ മരിച്ചു. വലിയന്നൂർ റോഡിൽ മുണ്ടേരി ചിറക്ക് സമീപം താമസിക്കുന്ന പണ്ടാരവളപ്പിൽ എ.പി.സുലൈമാൻ (62) ആണ് മരിച്ചത്. ഏച്ചൂർ വട്ടപ്പൊയിൽ…

    ഒളിവു ജീവിതം ആഡംബര വില്ലയിൽ‌, സൗകര്യമൊരുക്കിയത് അഭിഭാഷക; യാത്രയ്ക്ക് വഴിയൊരുക്കുന്നത് റിയൽ എസ്റ്റേറ്റ് വ്യവസായികൾ

    Spread the love

    Spread the loveബെംഗളൂരു ∙ രാഹുൽ‌ മാങ്കൂട്ടത്തിൽ‌ ഒളിവിൽ കഴിയുന്നത് ആ‍ഡംബര സൗകര്യത്തോടെയാണെന്ന് റിപ്പോർട്ട്. ബെംഗളൂരു നഗരത്തിലെ അത്യാഡംബര വില്ലയിലാണ് രാഹുൽ രണ്ടു ദിവസം ഒളിവിൽ‌ കഴിഞ്ഞതെന്നാണ് വിവരം. രാഷ്ട്രീയ ബന്ധമുള്ള അഭിഭാഷകയാണ് ഇതിനുള്ള സഹായം ഒരുക്കി നൽകിയതെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.…

    Leave a Reply

    Your email address will not be published. Required fields are marked *