11 പേർക്കു പുതുജീവൻ പകർന്ന് ഇളങ്കോയും ശശികുമാറും യാത്രയായി. മസ്തിഷ്ക മരണം സംഭവിച്ച രണ്ടുപേരുടെയും അവയവങ്ങൾ ദാനം ചെയ്തു. വിജയാപുരം സിഡ്‌കോ റോഡിൽ ബൈക്കപകടത്തിൽ ഗുരുതരമായി പരുക്കേറ്റു തിരുപ്പൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വിദ്യാർഥിയായ വെള്ളകരട് സ്വദേശി വേലുസ്വാമി– എലിസബത്ത് ദമ്പതികളുടെ മകൻ ഇളങ്കോയ്ക്കു (15) മസ്‌തിഷ്‌ക മരണം സംഭവിച്ചത്. അവയവങ്ങൾ 6 പേർക്കു ദാനം ചെയ്‌തു.
ഈ മാസം 21ന് സുഹൃത്തിന്റെ ബൈക്കിന്റെ പിന്നിലിരുന്നു സഞ്ചരിക്കുന്നതിനിടെ എതിർദിശയിൽ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അവയവങ്ങൾ ആംബുലൻസിൽ കോയമ്പത്തൂരിൽ ചികിത്സയിൽ കഴിയുന്നവർക്കും വിമാനമാർഗം ചെന്നൈയിൽ ചികിത്സയിൽ കഴിയുന്നവർക്കും എത്തിച്ചു.
ഡ്രൈവർജോലിക്കിടെ വീണു തലയ്ക്കു പരുക്കേറ്റ് കോയമ്പത്തൂർ കെജി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണു തിരുമലയംപാളയം സ്വദേശി ശശികുമാറിനു (46) മസ്തിഷ്കമരണം സംഭവിച്ചത്. ഇരുവൃക്കകളും ഹൃദയവും രണ്ടു കണ്ണുകളും 5 പേർക്കായി ദാനം ചെയ്തു. ഭാര്യ: ഗായത്രി ദേവി. മക്കൾ: ശ്രീഹരി പ്രസാദ്, തെന്നിശ്വരൻ.
ഔദ്യോഗിക ബഹുമതികളോടെയായിരുന്നു രണ്ടുപേരുടെയും സംസ്കാരം.







