തനിച്ചു താമസിച്ച സ്ത്രീയുടെ കൊലപാതകം: പ്രതികളെ കുടുക്കിയത് മോഷ്ടിച്ച ഫോൺ

Spread the love

അമ്പലപ്പുഴ ∙ തോട്ടപ്പള്ളി ഒറ്റപ്പന സ്വദേശിനിയായ അറുപത്തിരണ്ടുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സൈനുലാബ്ദീനും ഭാര്യ അനീഷയും പൊലീസിന്റെ വലയിലായതു മോഷ്ടിച്ച മൊബൈൽ ഫോണിലെ സിം കാർഡ് മാറ്റി മറ്റൊന്ന് ഇടുന്നതിനിടയിൽ. കൊല്ലപ്പെട്ട സ്ത്രീയുമായി അടുപ്പമുണ്ടായിരുന്ന മണ്ണഞ്ചേരി അമ്പനാകുളങ്ങര പുത്തൻവീട്ടിൽ അബൂബക്കറിനെ പീഡനശ്രമം, കൊലപാതകം എന്നീ കുറ്റങ്ങൾ സമ്മതിച്ചതിനാൽ പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. റിമാൻഡിലായ അബൂബക്കറല്ല, മോഷണത്തിനെത്തിയ ദമ്പതികളാണു കൊലപാതകം നടത്തിയതെന്നു പിന്നീടാണ് പൊലീസ് കണ്ടെത്തിയത്.

 

മരിച്ച സ്ത്രീയുടെ കാണാതായ ഫോൺ നേരത്തെ അറസ്റ്റിലായ അബൂബക്കർ തട്ടിയെടുത്തു നശിപ്പിച്ചെന്നായിരുന്നു അതുവരെ പൊലീസിന്റെ നിഗമനം. അബൂബക്കർ അങ്ങനെ പൊലീസിനോടു സമ്മതിക്കുകയും ചെയ്തു. എന്നാൽ, മോഷ്ടിച്ച സ്വർണക്കമ്മലും ഫോണുമായി യഥാർഥ പ്രതികളായ സൈനുലാബ്ദീനും അനീഷയും സംഭവം നടന്ന 17നു പുലർച്ചെ തന്നെ കടന്നുകളഞ്ഞിരുന്നു. ഫോൺ ഓഫ് ചെയ്തിരുന്നു. ഇതേപ്പറ്റി അപ്പോൾ പൊലീസിന് ഒരു സൂചനയും ഉണ്ടായിരുന്നില്ല. എങ്കിലും കാണാതായ ഫോൺ കണ്ടെത്താനുള്ള ശ്രമം പൊലീസ് നടത്തുന്നുണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രി ഈ ഫോൺ മറ്റൊരു സിം കാർഡ് ഇട്ടു പ്രവർത്തിപ്പിച്ചപ്പോൾ തന്നെ പൊലീസിനു വിവരം കിട്ടി. ഫോൺ മൈനാഗപ്പള്ളിയിലാണെന്നും കണ്ടെത്തി. കൊല്ലം പൊലീസിന്റെ സഹായത്തോടെ പ്രതികളെ പിടികൂടി.

 

പൊലീസ് പറയുന്നത്: മരിച്ച സ്ത്രീയുമായി അടുപ്പത്തിലായിരുന്ന അബൂബക്കർ കഴിഞ്ഞ ശനിയാഴ്ച രാത്രി ഇവരുടെ വീട്ടിലെത്തിയിരുന്നു. 11 മണിയോടെ അബൂബക്കർ മടങ്ങി. അബൂബക്കർ അകത്തുള്ളപ്പോൾ സൈനുലാബ്ദീനും അനീഷയും വീടിനു സമീപം ഒളിച്ചിരിക്കുകയായിരുന്നു. അബൂബക്കർ പോയശേഷം അവർ വീടിന്റെ പിൻവാതിൽ കുത്തിത്തുറന്ന് അകത്തു കടന്നു വൈദ്യുതി വിഛേദിച്ചു. മോഷണശ്രമത്തെ സ്ത്രീ ചെറുത്തപ്പോൾ സൈനുലാബ്ദീൻ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. തുടർന്നു സ്ത്രീയുടെ ശരീരത്തിലും മുറിയിലും മുളകുപൊടി വിതറി. അലമാരയിലുണ്ടായിരുന്ന കമ്മലും കട്ടിലിൽനിന്നു മൊബൈൽ ഫോണും മോഷ്ടിച്ചു കടന്നുകളഞ്ഞു. സംശയം തോന്നിയവരെ ചോദ്യം ചെയ്ത കൂട്ടത്തിൽ കൊലപാതകം നടത്തിയെന്നും മുളകുപൊടി വിതറിയെന്നും ഫോൺ എടുത്തെന്നും അബൂബക്കർ സമ്മതിച്ചതോടെയാണ് അറസ്റ്റ് ചെയ്തതെന്നും പൊലീസ് പറയുന്നു.

 

കാണാതായ ഫോണിൽ മറ്റൊരു സിം കാർഡിട്ടു പ്രവർത്തിപ്പിച്ചതോടെയും ഫോൺ കൊല്ലം മൈനാഗപ്പള്ളിയിലാണെന്ന് പൊലീസ് കണ്ടെത്തിയതോടെയുമാണു യഥാർഥ പ്രതി അബൂബക്കറല്ലെന്നു വ്യക്തമായത്. മൈനാഗപ്പള്ളിയിലെത്തി സൈനുലാബ്ദീനെയും അനീഷയെയും പൊലീസ് പിടികൂടി. കമ്മൽ വിറ്റതിന്റെ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഫോണും കണ്ടെത്തി. മൈനാഗപ്പള്ളിയിലെ സൈനുലാബ്ദീന്റെ സുഹൃത്തിന്റെ വീട്ടിൽനിന്നു മുളകുപൊടിയുടെ ബാക്കി കണ്ടെടുക്കുകയും ചെയ്തു. കൊല്ലപ്പെട്ടയാളുടെ വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടും ശാസ്ത്രീയ പരിശോധനയുടെ വിവരങ്ങളും ലഭിച്ചിട്ടില്ല. അതേസമയം, നിരപരാധിയെ കേസിൽ കുടുക്കിയെന്ന് അബൂബക്കറിന്റെ ബന്ധുക്കൾ ആരോപിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്ന ആവശ്യവുമായി അബൂബക്കറിന്റെ മകൻ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകി.

 

സ്ത്രീയുടെ വീടിനു സമീപത്തുനിന്നു ലഭിച്ച കാലിയായ മദ്യക്കുപ്പിയിൽനിന്നും തെളിവുണ്ടായേക്കും. സൈനുലാബ്ദീൻ ഉപയോഗിച്ച മദ്യത്തിന്റേതാണു കുപ്പിയെന്നു പൊലീസ് പറയുന്നു. മദ്യം വാങ്ങിയത് എവിടെനിന്നെന്നു കുപ്പിയിലെ ക്യുആർ കോഡ് വഴി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, മദ്യവിൽപനശാലയിൽനിന്നു വ്യക്തമായ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണു മദ്യം വാങ്ങിയതെന്നാണു പൊലീസ് കണ്ടെത്തിയത്. വൈകിട്ട് 5നും രാത്രി 9നും ഇടയിൽ ഈ മദ്യവിൽപനശാലയിൽ 72 ബില്ലുകൾ അടിച്ചിട്ടുണ്ട്. ആ സമയത്തു മദ്യം വാങ്ങിയവരുടെ ദൃശ്യങ്ങളാണു പരിശോധിച്ചത്.

  • Related Posts

    ബീഫ് ഫ്രൈയെ ചൊല്ലി യുവാക്കൾ തമ്മിൽ സംഘർഷം, പൊലീസ് എത്തിയിട്ടും അടി; ഒടുവിൽ പിടിച്ചുമാറ്റി

    Spread the love

    Spread the loveകോഴിക്കോട്∙ നടക്കാവില്‍ ബീഫ് ഫ്രൈയെ ചൊല്ലി യുവാക്കള്‍ തമ്മിൽ കയ്യാങ്കളി. ഹോട്ടലിലെത്തിയ സംഘവും മറ്റൊരു സംഘവുമായാണ് സംഘർഷമുണ്ടായത്. ഹോട്ടലിൽ നിന്ന് ബീഫ് ഫ്രൈ വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ടതാണ് പ്രകോപന കാരണം. മര്‍ദനത്തില്‍ പരുക്കേറ്റയാളെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടക്കാവിലെ…

    വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തിച്ചു; കണ്ണൂരിൽ ബിസിനസുകാരൻ അറസ്റ്റിൽ

    Spread the love

    Spread the loveകണ്ണൂർ ∙ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കുകയും ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തുകയും ചെയ്തെന്ന പരാതിയിൽ ബിസിനസുകാരൻ അറസ്റ്റിൽ. കോട്ടയം സ്വദേശിനിയു‌ടെ പരാതിയിൽ കണ്ണൂർ കിഴുന്നയിലെ സജിത്തിനെയാണ് (52) എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.   2015നും 2020നും…

    Leave a Reply

    Your email address will not be published. Required fields are marked *