അറാർ ∙ സൗദി അറേബ്യയിലെ അറാറിന് സമീപം മരുഭൂമിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഇന്ത്യക്കാരൻറെ മൃതദേഹം തിരിച്ചറിഞ്ഞു. ജാർഖണ്ഡ് സ്വദേശിയായ സാക്കിർ അൻസാരിയുടെ (42) മൃതദേഹമാണ് കഴിഞ്ഞ ജൂലൈ 19ന് കണ്ടെത്തിയത്. അറാറിൽ നിന്നും 100 കിലോമീറ്റർ അകലെയുള്ള അസ്സം ജലമീദ് മരുഭൂമിയിലെ വിജനമായ പ്രദേശത്തുനിന്നാണ് മൃതദേഹം ലഭിച്ചത്.
മരിച്ചയാൾ ഇന്ത്യക്കാരനാണെന്ന് മനസ്സിലാക്കിയ അന്വേഷണ ഉദ്യോഗസ്ഥർ, മൃതദേഹം തിരിച്ചറിയുന്നതിന് മലയാളി ജീവകാരുണ്യ പ്രവർത്തകരുടെ സഹായം തേടുകയായിരുന്നു. മരണമടഞ്ഞ് ഒരു മാസത്തിലേറെയായതിനാൽ മൃതദേഹം അഴുകി അസ്ഥികൂടം മാത്രമായിരുന്നു. അതിനാൽ എംബാം ചെയ്യാൻ സാധിക്കാത്ത സ്ഥിതിയായിരുന്നു.
ഈ സാഹചര്യത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ കഴിഞ്ഞില്ല. തുടർന്ന്, വീട്ടുകാരുടെ സമ്മതത്തോടെ മലയാളി ജീവകാരുണ്യ സംഘടനയായ അറാർ പ്രവാസി സംഘം നിയമപരമായ നടപടികൾ പൂർത്തിയാക്കി അറാറിലെ ജിദൈത റോഡിലുള്ള ഖബറിസ്ഥാനിൽ ഖബറടക്കി. മൃതദേഹം നാട്ടിൽ എത്തിക്കാൻ സാക്കിർ അൻസാരിയുടെ ബന്ധുക്കൾ ആദ്യം ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും, എംബാം ചെയ്യാൻ കഴിയാത്തതിനാൽ അത് നടന്നില്ല.
മൂന്ന് മാസം മുൻപാണ് സാക്കിർ അൻസാരി സൗദി അറേബ്യയുടെ വടക്കൻ പ്രവിശ്യയായ അറാറിലെത്തിയത്. ആട്ടിടയൻ ജോലിക്കായിരുന്നു ഇദ്ദേഹം വന്നത്. മകളുടെ വിവാഹത്തിനും ഭിന്നശേഷിക്കാരനായ മകനെയും ഭാര്യയെയും സംരക്ഷിക്കുന്നതിനും പണം സമ്പാദിക്കാമെന്ന പ്രതീക്ഷയുമായി മാർച്ച് 24-നാണ് ഇദ്ദേഹം ആദ്യമായി വിമാനം കയറിയത്.
അറാർ മെഡിക്കൽ ടവർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ലോക കേരള സഭ അംഗവും അറാർ പ്രവാസി സംഘം പ്രസിഡന്റുമായ സക്കീർ താമരത്ത് ഏറ്റുവാങ്ങി. അറാർ പ്രവാസി സംഘം രക്ഷാധികാരി സമിതി അംഗം സുനിൽ മറ്റം, ജനറൽ സെക്രട്ടറി ഷാജി ആലുവ, ട്രഷറർ റഷീദ് പരിയാരം, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സഹദേവൻ കൂറ്റനാട്, റെജി ആലപ്പുഴ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പിതാവ്: ലത്തീഫ് അൻസാരി. മാതാവ്: മൈമൂന ബീവി. ഭാര്യ: അനീസ ബീവി. മക്കൾ: റുഖിയ പർവീൺ, അഹ്മ്മദ് റാസ.








