മുംബൈ ∙ കനത്ത മഴയെ തുടർന്നു വൈദ്യുതി തകരാറുണ്ടായതിനു പിന്നാലെ മുംബൈയിലെ മോണോറെയില്‍ ട്രെയിന്‍ യാത്രയ്ക്കിടെ നിശ്ചലമായി. മുംബൈ മൈസൂര്‍ കോളനി സ്‌റ്റേഷനു സമീപത്താണ് സംഭവം. ഉയരപ്പാതയിലൂടെ പോവുകയായിരുന്ന ട്രെയിനാണ് വൈദ്യുതിവിതരണം മുടങ്ങിയതോടെ ട്രാക്കില്‍ നിന്നുപോയത്. ഇതോടെ യാത്രക്കാര്‍ ഏറെനേരമായി ട്രെയിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്.
അഗ്നിരക്ഷാസേനാംഗങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്. വൈദ്യുതിവിതരണം തടസപ്പെട്ടതോടെ ട്രെയിനിലെ എയര്‍കണ്ടീഷന്‍ സംവിധാനവും തകരാറിലായി. എസി തകരാറിലായതോടെ പലര്‍ക്കും ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് ടെക്‌നീഷ്യന്‍മാര്‍ എത്തി ഏറെനേരം പരിശ്രമിച്ചശേഷമാണ് വാതിലുകള്‍ തുറന്ന് ട്രെയിനിന്റെ ഉള്ളിലേക്ക് കയറിയത്.
വൈദ്യുതിവിതരണത്തിലുണ്ടായ തകരാര്‍ കാരണമാണ് ട്രെയിന്‍ ഉയരപ്പാതയില്‍ നിന്നുപോയതെന്ന് മഹാ മുംബൈ മെട്രോ ഓപ്പറേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് സ്ഥിരീകരിച്ചു. തങ്ങളുടെ ഓപ്പറേഷന്‍സ്, മെയിന്റനന്‍സ് ടീമുകള്‍ സ്ഥലത്തുണ്ടെന്നും തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും കോര്‍പ്പറേഷന്‍ അറിയിച്ചു.







